

ലോകേഷ് കനകരാജ് തിരക്കഥയെഴുതി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'ബെൻസി'ന്റെ അപ്ഡേറ്റ് പങ്കുവെച്ച് നിവിൻ പോളി. ലോകേഷിന്റെ കൈതിയിലെ റോളക്സ് പോലെയൊരു വില്ലൻ ആണോ ബെൻസിലെ നിവിൻ എന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് നടൻ. കഥാപാത്രങ്ങൾ തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്ന് നിവിൻ പറഞ്ഞു. എൽ സി യു എന്ന ലോകത്തിൽ ഒരു കഥാപാത്രം ചെയ്യാൻ അവരസം ലഭിച്ചതിൽ ആകാംഷ ഉണ്ടെന്നും നടനാട്ടെ വരാനിരിക്കുന്ന സിനിമകളുടെ അപ്ഡേഷനും നിവിൻ പോളി പങ്കുവെച്ചു. ബേബി ഗേൾ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട പ്രസ് മീറ്റിലാണ് നടന്റെ പ്രതികരണം.
'ബെൻസ് ഇനിയും ഒരു 35 ദിവസത്തെ ഷൂട്ട് ഉണ്ട്. ബത്‌ലഹേം കുടുംബ യൂണിറ്റ് എന്ന സിനിമ ചെയ്തു കൊണ്ടിരിക്കുകയാണ്. അത് കഴിഞ്ഞിട്ട് ബെൻസ് ചെയ്യും. റോളക്സുമായി താരതമ്യപ്പെടുത്താൻ ഒന്നും കഴിയില്ല. ഒരു വില്ലൻ വേഷമാണ്. ആ വേൾഡിൽ ഒരു കഥാപാത്രം ചെയ്യുന്നതിൽ ഉള്ള ആകാംക്ഷയിലാണ് ഞാനും. മൾട്ടിവേഴ്‌സ് മന്മഥൻ എന്ന സിനിമയുടെ ബജറ്റ് കുറച്ച് ഹൈ ആണ്. അതുകൊണ്ട് സിനിമ കുറച്ച് വൈകും. അതിന്റെ മറ്റു കാര്യങ്ങൾ നടക്കുന്നുണ്ട്,' നിവിൻ പോളി പറഞ്ഞു.
അതേസമയം, അരുൺ വർമ്മ സംവിധാനം ചെയ്യുന്ന 'ബേബി ഗേൾ' ആണ് നിവിൻ നായകനായി എത്തുന്ന അടുത്ത സിനിമ. ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന സിനിമ ജനുവരിയിൽ തിയേറ്ററിൽ എത്തുമെന്നാണ് റിപ്പോർട്ട്. സുരേഷ് ഗോപി ചിത്രം ഗരുഡന് ശേഷം അരുൺ ഒരുക്കുന്ന സിനിമയാണിത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് സിനിമ നിർമിക്കുന്നത്. എക്കാലവും മലയാളി പ്രേക്ഷകർക്ക് സൂപ്പർഹിറ്റുകൾ മാത്രം സമ്മാനിച്ച ബോബി സഞ്ജയ് തിരക്കഥ ഒരുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നായികയായി എത്തുന്നത് ലിജോ മോൾ ആണ്.

അതേസമയം, രാഘവ ലോറന്‍സ് പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നിവിൻ പോളിയാണ് വില്ലനായി എത്തുന്നത്. കൂടാതെ രവി മോഹനും ഒരു പ്രധാന കഥാപാത്രം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. നിവിൻ പോളിയിക്കൊപ്പം വിജയ് ഉണ്ടോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ മുൻപ് ഉയർന്നത്. സിനിമയിൽ വാൾട്ടർ എന്ന കഥാപാത്രത്തെയാണ് നിവിൻ അവതരിപ്പിക്കുന്നത്.
റെമോ, സുല്‍ത്താന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ ഭാഗ്യരാജ് കണ്ണനാണ് ബെന്‍സിന്റെ തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിക്കുന്നത്. ബെന്‍സിന്റെ സംഗീത സംവിധാനം സായ് അഭ്യങ്കര്‍ ആണ് നിര്‍വഹിക്കുന്നത്. വമ്പന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഗൗതം ജോര്‍ജ് നിര്‍വഹിക്കുന്നു. ഫിലോമിന്‍ രാജ് ചിത്രത്തിന്റെ എഡിറ്റിങും ജാക്കി കലാസംവിധാനവും നിര്‍വഹിക്കുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ബെന്‍സിലെ ആക്ഷന്‍സ് ഒരുക്കുന്നത് അനല്‍ അരശ് ആണ്.
Content Highlights: Nivin Pauly shared the latest update on the film Benz. The movie’s screenplay is written by acclaimed director Lokesh Kanagaraj.