

ഇന്‍സ്റ്റാഗ്രാം, ടിക്ക്‌ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് സമാനമായി വെര്‍ട്ടിക്കല്‍ വീഡിയോ ഫോര്‍മാറ്റ് പരീക്ഷിക്കാൻ തീരുമാനവുമായി വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ്. കാഴ്ചക്കാരെ കൂടുതല്‍ സമയം പിടിച്ചിരുത്തുക എന്നത് ലക്ഷ്യമാക്കിയാണ് നെറ്റ്ഫ്‌ളിക്‌സിൻ്റെ ഈ മാറ്റം. നിലവില്‍ സിനിമകളുടെയും വിവിധ ഷോകളുടെയും ചെറിയ കട്ടുകളും വീഡിയോകളും റീല്‍ ഫോര്‍മാറ്റില്‍ നെറ്റ്ഫ്‌ളിക്‌സ് പരീക്ഷിക്കുന്നുണ്ട്. ഇതിന് പുറമെ വരും ദിനങ്ങളില്‍ പോഡ് കാസ്റ്റ് ഉള്‍പ്പടെയുള്ളവ വെര്‍ട്ടിക്കല്‍ ഫോര്‍മാറ്റിലേക്ക് മാറ്റാനാണ് ലക്ഷ്യം.

മൊബൈൽ ഉപയോക്താക്കളുടെ ശ്രദ്ധ പിടിച്ച് പറ്റുക, കൂടുതൽ സ്ക്രീൻ ടൈം നേടിയെടുക്കുക എന്നത് ലക്ഷ്യമാക്കിയാണ് പുതിയ മാറ്റം. നിലവിൽ ആപ്പിൾ, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവ കാഴ്ചക്കാരിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും ഇത്തരത്തിൽ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാനായി സ്ട്രീമിംഗ്, ബ്രോഡ്കാസ്റ്റിംഗ്, ഗെയിമിംഗ്, സോഷ്യൽ മീഡിയ, മറ്റ് വീഡിയോ പ്ലാറ്റ്ഫോമുകൾ എന്നിവയിലേക്ക് ചുവടുവയ്ക്കാന്‍ പദ്ധതിയിട്ടതായും നെറ്റ്ഫ്ലിക്സ് സഹ സിഇഒ ഗ്രെഗ് പീറ്റേഴ്സ് പറഞ്ഞതായുമാണ് റിപ്പോർട്ട്.
വരും നാളുകളിൽ തങ്ങളുടെ ബിസിനസ് വികസിപ്പിക്കാനായി മികച്ച സേവനം നൽകുന്ന പുതിയ മൊബൈൽ യൂസർ ഇൻ്റർഫേസിനായും കമ്പനി പ്രവർത്തിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഹോളിവുഡ് റിപ്പോർട്ടർ പുറത്ത് വിട്ട റിപ്പോർട്ടിലാണ് പുതിയ മാറ്റങ്ങളെ പറ്റി പറയുന്നത്.
Content Highlights- Netflix planning to test the 'Reel Mood': vertical video format