

മലയാള സിനിമയില്‍ 'ടേക്ക് ഓഫ്' , 'മാലിക്ക്' പോലുള്ള വലിയ ഹിറ്റുകള്‍ സമ്മാനിച്ച മഹേഷ് നാരായണന്‍ അർജുൻ അശോകനെ നായകനാക്കി ചെയ്ത ചിത്രമാണ് തലവര. തിയേറ്ററിൽ വലിയ ഹൈപ്പ് നേടാതെ പോയ സിനിമയ്ക്ക് ഒ ടി ടി റിലീസിന് പിന്നാലെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മലയാളത്തിന്റെ ബ്ലോക്ക് ബസ്റ്റർ ഹിറ്റ് ചിത്രം ലോകയ്ക്ക് ഒപ്പമായിരുന്നു സിനിമയുടെ റീലീസ്. ഇപ്പോഴിതാ ലോകയ്ക്കൊപ്പം സിനിമ ഇറങ്ങരുതായിരുന്നുവെന്ന് പറയുകയാണ് അർജുൻ അശോകൻ. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
‘ഓരോ സിനിമയും പുറത്തിറങ്ങാൻ അതത് സമയമുണ്ട്. ലോക പോലെയുള്ള വലിയ ബജറ്റും വലിയ കാസ്റ്റും ഉള്ള സിനിമ റിലീസ് ചെയ്യുന്ന സമയത്ത് സ്വാഭാവികമായി പ്രേക്ഷകർ അതിനായിരിക്കും മുൻഗണന നൽകുക. തലവര അതിൽ നിന്ന് വ്യത്യസ്തമായ, ചെറിയൊരു സിനിമയാണ്. അതിനാൽ തന്നെ പ്രേക്ഷകർ അത് ഏറ്റെടുക്കാൻ കുറച്ച് സമയം എടുക്കും. ലോകയുടെ സമയത്ത് തലവര ഇറങ്ങരുതായിരുന്നു.
സമയം നോക്കി തങ്ങൾ സിനിമ ഇറക്കണമായിരുന്നു. അത് ചെയ്യാത്തതാണ് തങ്ങളുടെ തെറ്റ്. പക്ഷേ, ഒ.ടി.ടിയിൽ വന്നപ്പോൾ വലിയ രീതിയിൽ ആളുകൾ സിനിമയെ സ്വീകരിച്ചു. തന്റെ മനസ്സിൽ തലവര ഓടിയത് ഒടിടിയിലാണ്. സിനിമ കണ്ട പ്രേക്ഷകർ ദിവസേന മെസേജുകളിലൂടെയും കൊളാബിലുടെയും ആർട്ട് ഫോംസ് വഴിയും നല്ല അഭിപ്രായങ്ങൾ അറിയിക്കുന്നുണ്ട്. തിയേറ്ററിൽ ഓടാത്തതിന്റെ വിഷമം ഇപ്പോൾ മാറി. എല്ലാവരും സിനിമ കാണണം എന്നൊരു ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു അത് സാധിച്ചു,' അർജുൻ അശോകൻ പറഞ്ഞു.
പാലക്കാടിന്‍റെ പശ്ചാത്തലത്തിൽ എത്തിയ തലവരയിൽ വിറ്റിലിഗോ രോഗാവസ്ഥയുള്ളൊരു യുവാവിന്‍റെ ജീവിതവും പ്രണയവും സംഘർഷങ്ങളുമൊക്കെയാണ് അവതരിപ്പിച്ചിരിക്കുന്നത്. മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിച്ചിരിക്കുന്ന 'തലവര' അഖിൽ അനിൽകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഒ ടി ടി റിലീസിന് ശേഷം സിനിമയ്ക്ക് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്.
Content Highlights: Actor Arjun Ashokan stated that releasing Thalavara alongside the film Loka was a mistake. He reflected on the decision and its impact, suggesting that the simultaneous release affected the film’s reception.