'ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിന് തൊട്ട് മുമ്പാണ് ഞാനാണ് സിനിമയിലെ പുണ്യാളൻ എന്ന് അറിയുന്നത്'; ഇന്ദ്രജിത്ത്

'പുണ്യാളന്‍ ആണെന്ന് അറിയാതെയാണ് അതുവരെ അഭിനയിച്ചത്. അതിനാല്‍ സിനിമ വന്നപ്പോള്‍ വളരെ റിയലിസ്റ്റിക് ആയിരുന്നു'

'ക്ലൈമാക്‌സ് ചിത്രീകരിക്കുന്നതിന് തൊട്ട് മുമ്പാണ് ഞാനാണ് സിനിമയിലെ പുണ്യാളൻ എന്ന് അറിയുന്നത്'; ഇന്ദ്രജിത്ത്
dot image

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഫഹദ് ഫാസിൽ നായകനായ ചിത്രമായിരുന്നു ആമേൻ. മികച്ച പ്രതികരണത്തെ നേടിയ സിനിമയിൽ ഫാദര്‍ വിന്‍സന്റ് വട്ടോളിയായി എത്തിയത് ഇന്ദ്രജിത്തായിരുന്നു. സിനിമയുടെ അവസാനം അവരെ താൻ ആണ് പുണ്യാളന്‍ എന്ന് അറിഞ്ഞിരുന്നില്ലെന്ന് പറയുകയാണ് ഇന്ദ്രജിത്ത്. ക്ലൈമാക്‌സ് സീന്‍ ചിത്രീകരിക്കുന്നതിന് തൊട്ട് മുമ്പാണെന്നാണ് താൻ അറിയുന്നതെന്നും ഇന്ദ്രജിത്ത് പറഞ്ഞു. ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

'ആസ്വദിച്ച് ഷൂട്ട് ചെയ്‌തൊരു സിനിമയാണ്. ലിജോയുടെ കൂടെ അതിന് മുമ്പ് നായകനും സിറ്റി ഓഫ് ഗോഡും ചെയ്തിരുന്നു. അടുത്ത സുഹൃത്തിന്റെ വലിയൊരു സിനിമ ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റ് ആമേന്‍ ചെയ്തപ്പോള്‍ ഉണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ഏറ്റവും കൂടുതല്‍ ഓര്‍ത്തിരിക്കുന്ന കാര്യം എന്തെന്നാല്‍, സിനിമയുടെ അവസാനം ഒരു ഷോട്ടുണ്ട്. പള്ളിയില്‍ നിന്നും നടന്ന് വന്ന് ഫ്രഞ്ച് വനിതയുമായി സംസാരിച്ച ശേഷം അവര്‍ ബോട്ടിലേക്ക് കയറുമ്പോള്‍ ബോട്ടില്‍ നിന്നും യഥാര്‍ത്ഥ വട്ടോളിയച്ചന്‍ ഇറങ്ങി വരും. അത് ഒറ്റ ഷോട്ടിലാണ് എടുത്തിരിക്കുന്നത്.

ആ ഷോട്ട് എടുക്കുന്നതിന്റെ അഞ്ച് മിനുറ്റ് മുമ്പാണ് ലിജോ എന്നോട് പറയുന്നത് ഇന്ദ്രനാണ് ഈ സിനിമയില്‍ പുണ്യാളന്‍ എന്ന്. അതുവരെ എനിക്ക് അറിയില്ലായിരുന്നു. അതിന് മുമ്പ് ഒരുപാട് സീനുകള്‍ ചിത്രീകരിച്ചു കഴിഞ്ഞിരുന്നു. പുണ്യാളന്‍ ആണെന്ന് അറിയാതെയാണ് അതുവരെ അഭിനയിച്ചത്. അതിനാല്‍ സിനിമ വന്നപ്പോള്‍ വളരെ റിയലിസ്റ്റിക് ആയിരുന്നു,' ഇന്ദ്രജിത്ത് പറഞ്ഞു.

അതുവരെ മലയാളി പ്രേക്ഷകര്‍ കണ്ടിട്ടില്ലാത്തൊരു വിഷ്വല്‍ ഡിസൈന്‍ സമ്മാനിച്ചൊരു സിനിമയായിരുന്നു. കൂടാതെ നല്ലൊരു കൊമേഷ്യല്‍ സിനിമയുമായിരുന്നു. മനോഹരമായ ഒരുപാട് ഓര്‍മകളുമുള്ള സിനിമയാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സിനിമയും കഥാപാത്രവുമാണ് ആമേനും വട്ടോളിയും,' ഇന്ദ്രജിത്ത് കൂട്ടിച്ചേർത്തു.

Content Highlights: Indrajith talks about the movie Amen

dot image
To advertise here,contact us
dot image