

തിയേറ്ററിലേത് പോലെ തന്നെ ഒടിടിയിൽ എത്തുന്ന സിനിമകൾക്കും വലിയ തോതിലുള്ള കാഴ്ചക്കാരാണുള്ളത്. തിയേറ്ററിൽ പരാജയമാകുന്ന സിനിമകൾ ഒടിടിയിൽ എത്തുമ്പോൾ വലിയ തരംഗമാകുന്നത് പതിവാണ്. ഇപ്പോഴിതാ ഈ വാരം ഒടിടിയിലെത്തുന്ന സിനിമകളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്.
മാരി സെൽവരാജ് സംവിധാനം ചെയ്ത് ധ്രുവ് വിക്രം നായകനായെത്തിയ ബൈസൺ ഈ വാരം ഒടിടിയിലെത്തും. നെറ്റ്ഫ്ലിക്സിലൂടെ നവംബർ 21 മുതൽ സിനിമ പുറത്തിറങ്ങും. മികച്ച നിരൂപക പ്രശംസയും ചിത്രത്തിന് ലഭിച്ചിരുന്നു. അനുപമ പരമേശ്വരൻ, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തിയത്. സ്പോർട്സ് ഡ്രാമയായിട്ടാണ് ചിത്രമൊരുക്കിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം ഭാഷകളിൽ ചിത്രം കാണാനാകും. ആഗോള ബോക്സ് ഓഫീസില്‍ 65.69 കോടി രൂപയാണ് ബൈസണ്‍ ഇതുവരെ നേടിയിരിക്കുന്നത്. ഒട്ടേറെ ആരാധകരുള്ള ഒരു സിരീസ് ആണ് ഫാമിലി മാൻ. 2019 ലാണ് ഫാമിലി മാൻ സീരിസ് റിലീസ് ചെയ്യുന്നത്. ഇപ്പോഴിതാ സീരിസിന്റെ മൂന്നാമത്തെ സീസൺ റിലീസിനൊരുങ്ങുകയാണ്. നവംബർ 21 മുതൽ ആമസോൺ പ്രൈമിലൂടെ സീരിസിന്റെ സ്ട്രീമിങ് ആരംഭിക്കും.

മനോജ് ബാജ്പേയി, പ്രിയാമണി, ഷരീബ് ഹാഷ്മി തുടങ്ങിയവരാണ് ഈ സീരിസിലെ പ്രധാന അഭിനേതാക്കൾ. ആദ്യ രണ്ട് സീസണും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. നീരജ് ഗയ്‌വാൻ സംവിധാനം ചെയ്ത് മികച്ച പ്രേക്ഷക പ്രതികരണം നേടിയ ഹോംബൗണ്ട് ആണ് ഈ വാരം ഒടിടിയിൽ എത്തുന്ന മറ്റൊരു ചിത്രം. ഇഷാൻ ഖട്ടർ, വിശാൽ ജേത്വ, ജാൻവി കപൂർ തുടങ്ങിയവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തിയത്. നിരവധി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റുവലികളിൽ പ്രദർശിപ്പിച്ചതിന് ശേഷമാണ് ചിത്രം തിയറ്ററുകളിലെത്തിയത്.

മികച്ച പ്രതികരണമാണ് സിനിമയ്ക്ക് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. നെറ്റ്ഫ്ലിക്സിലൂടെ നവംബർ 21 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
ഹരീഷ് കല്യാൺ നായകനായി എത്തുന്ന ഡീസൽ എന്ന ചിത്രവും ഈ വാരം ഒടിടിയിൽ എത്തും. ചിത്രം നവംബർ 21 മുതൽ ആമസോൺ പ്രൈമിലൂടെ സിനിമ പുറത്തിറങ്ങും. ഷൺമുഖം മുത്തുസാമി ഒരുക്കിയ സിനിമയിൽ വിനയ് റായ്, അതുല്യ രവി, സായ് കുമാർ തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
Content Highlights: This week OTT movie list