ഒരു യൂട്യൂബർ വിവരങ്ങൾ പുറത്തു വിടുന്നു, ആരാണ് അധികാരം കൊടുത്തത്:എഎംഎംഎ മെമ്മറി കാർഡ് വിവാദത്തിൽ മാലാ പാർവതി

മനുഷ്യരുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളുമായാണ് ഇവർ മുന്നോട്ട് വരുന്നത് എന്നും മാലാ പാർവതി

dot image

താര സംഘടനയായ എഎംഎംഎയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ റിപ്പോർട്ടറിനോട് പ്രതികരിച്ച് മാലാ പാർവതി. വിവരങ്ങൾ എല്ലാം ഒരു യൂട്യൂബർ ആണ് പുറത്തു വിടുന്നതെന്നും ആരാണ് അയാൾക്ക് ഈ അധികാരം നൽകിയതെന്നും മാല പാർവതി ചോദിച്ചു. മറ്റാർക്കും മെമ്മറി കാർഡിനെക്കുറിച്ച് ഒരറിവും ഇല്ലെന്നും ഒരു കൂട്ടം ആളുകളിലേക്ക് മാത്രം സംഘടനയുടെ കാര്യങ്ങൾ ഒതുങ്ങിപ്പോയെന്നും മാലാ പാർവതി കൂട്ടിച്ചേർത്തു.

'ഇതിന്റെയൊക്കെ ഗതി എങ്ങോട്ടേക്കാണെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. എല്ലാവരും ആശങ്കയിലാണ്. പണം കൊടുത്ത് ഇദ്ദേഹം എഎംഎംഎയുടെ ഭാഗമായി എന്നാണ് പറയുന്നത്. എല്ലാവരേക്കാളും അദ്ദേഹത്തിനാണ് എല്ലാം അറിയുന്നതെന്നാണ് പറയുന്നത്. ആ അവകാശവും അധികാരവും അദ്ദേഹത്തിന് കൊടുത്തത് ആരാണ്, ഒരു സംഘത്തിന്റെ കയ്യിലേക്ക് മാത്രമായി കാര്യങ്ങൾ ഒതുങ്ങിപ്പോയി എന്നത് നമ്മുക്ക് എല്ലാവർക്കും അറിയുന്ന കാര്യമാണ്. അതിൽ നിന്ന് ഒരു മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്'; മാലാ പാർവതി പറഞ്ഞു.

'മനുഷ്യരുടെ സാമാന്യ ബുദ്ധിക്ക് നിരക്കാത്ത ആരോപണങ്ങളുമായാണ് ഇവർ മുന്നോട്ട് വരുന്നത്. വർഷങ്ങൾക്ക് മുന്നേയുള്ള ഒരു വോയിസ് നോട്ട് പുറത്തുവിട്ട് ഇലക്ഷന് നിൽക്കുന്ന ആളെ പ്രതിസന്ധിയിലാക്കിയെങ്കിൽ, മൂന്ന് സ്ത്രീകളെ മുൻനിർത്തി പണ്ട് എപ്പോഴോ ഒരു റെക്കോർഡിങ് നടന്നെന്നും അതിന്റെ മെമ്മറി കാർഡ് കണ്ടില്ലെന്നും പറഞ്ഞ് വലിയ പ്രശ്നം ആകുന്നു. പിന്നീട് നമ്മൾ ആലോചിക്കുമ്പോൾ അവർ പറയുന്ന കാര്യം, ഒരു പുരുഷൻ പ്രതിസന്ധിയിലായി, അദ്ദേഹത്തിന് ഇലക്ഷന് നിൽക്കാൻ പറ്റിയില്ല, പുരുഷനെ ഭീക്ഷണിപ്പെടുത്തി അതുകൊണ്ട് ആ പുരുഷന് വേണ്ടി താൻ മെമ്മറി കാർഡ് സൂക്ഷിച്ചു കൊള്ളാം എന്നാണ് പറയുന്നത്. വേറെ ആരും ഈ മെമ്മറി കാർഡിനെക്കുറിച്ച് അറിയുന്നവരില്ല'; മാലാ പാർവതി കൂട്ടിച്ചേർത്തു.

'ഫങ്ഷൻ നടന്നില്ല എന്ന് ഞാൻ പറയുന്നില്ല, പക്ഷെ ഈ മെമ്മറി കാർഡിന്റെ കാര്യം ആർക്കും അറിയില്ല, അന്വേഷണവും ഇതുവരെ വന്നിട്ടില്ല. ഞാൻ അന്ന് സ്ഥലത്ത് ഉണ്ടായിരുന്നില്ല. അതും ഈ യൂട്യൂബർ ആണ് പുറത്തുവിടുന്നത്. മൂന്നാമത് ശ്വേതയുടെ വിഷയമാണ് വന്നത്. അത് കേട്ട് കേരളാ സമൂഹം ഞെട്ടി, ഇത് എന്താ ഇങ്ങനെ ഒരു ലോകത്തില്ലാത്ത കേസ്. അതിന്റെ പിന്നിലും യൂട്യൂബർ ഉണ്ടെന്ന് ചിലർ പറയുന്നു. എന്താണ് ഇദ്ദേഹത്തിന് വേണ്ടത്'; മാലാ പാർവതി ചോദിച്ചു.

അഭിനയ കലയിൽ റെഫറൻസ് എടുക്കുന്ന ചിത്രം കൂടിയാണ് പാലേരി മാണിക്യം. ആ സിനിമയിൽ അഭിനയിച്ചിരിക്കുന്നത് നടൻ മമ്മൂട്ടിയാണ്. ഈ പോക്ക് കാണുമ്പോൾ കാനിൽ പോയ സിനിമയിൽ നാളെ ദിവ്യ പ്രഭക്കെതിരെ എന്ത് വിമർശനം വരുമെന്നതിൽ ഞാൻ ആശങ്കപ്പെടുന്നു. മാനസിക വൈകൃതമുള്ള ആളുകൾ. ഒരു ഗ്രൂപ്പിന്റെ ഭാഗമായാണ് പ്രവൃത്തിക്കുന്നത്. ഇന്നലെ ശ്വേതയുടെ പ്രശ്നം വന്നപ്പോൾ എല്ലാവരും പറഞ്ഞു, പൊന്നമ്മ ബാബു, ഉഷ ഹസീന എന്നിവർ മാധ്യമങ്ങളോട് പ്രതികരിച്ചില്ല എന്ന്. അവർ സ്ത്രീ പ്രവർത്തകരാണ് എന്നാണ് പറയുന്നത്. ഇവർ ചെയ്തിട്ടുള്ള ഏറ്റവും വലിയ സ്ത്രീ പ്രവർത്തനം ആറാട്ട് അണ്ണനെ ജയിലിൽ ആക്കിയതാണ്. പുള്ളിയെ കണ്ടാൽ അറിയാം അദ്ദേഹം ഏത് അവസ്ഥയിൽ ജീവിക്കുന്ന വ്യക്തിയാണ്, എന്താണ് പ്രശ്നം എന്ന്. അതാണ് ഇവർ സ്ത്രീകൾക്ക് വേണ്ടി പ്രവൃത്തിച്ചതിൽ ഉദാഹരണമായി മുന്നോട്ട് വെക്കുന്നത്,' മാല പാർവതി പറഞ്ഞു.

Content Highlights: Mala Parvathy responds to Reporter TV on memory card controversy

dot image
To advertise here,contact us
dot image