
ഹോളിവുഡിലെ പ്രശസ്തമായ ഹൊറർ ഫ്രാഞ്ചൈസി ആണ് കൺജുറിംഗ് യൂണിവേഴ്‌സ്. മൂന്ന് സിനിമകളാണ് ഈ യൂണിവേഴ്സിന്റെ ഭാഗമായി പുറത്തുവന്നിട്ടുള്ളത്. ഗംഭീര അഭിപ്രായങ്ങൾ നേടിയ സിനിമകൾ ബോക്സ് ഓഫീസിലും മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ഈ ഫ്രാൻഞ്ചൈസിയിലെ നാലാമത്തെ സിനിമ പുറത്തിറങ്ങാൻ ഒരുങ്ങുകയാണ്. 'ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ്' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പുതിയ ട്രെയ്‌ലർ പുറത്തുവന്നു.
പാരാനോർമൽ അന്വേഷകരായ എഡ്, ലോറൈൻ വാറൻ എന്നിവർ ഒരു കേസിന്റെ ഭാഗമായ ഒരു വീട്ടിൽ എത്തുന്നതും തുടർന്നുണ്ടാകുന്ന ഭയാനകമായ സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. സെപ്റ്റംബർ അഞ്ചിന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. മൈക്കൽ ചാവേസ് സംവിധാനം ചെയ്യുന്ന ദി കൺജുറിംഗ്: ലാസ്റ്റ് റൈറ്റ്സ് ജെയിംസ് വാനും പീറ്റർ സഫ്രാനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. കൺജറിങ് സീരീസിലെ നാലാമത്തെ ചിത്രവും ഫ്രഞ്ചൈസിയിലെ ഒൻപതാമത്തെ ചിത്രവുമാണിത്. ഐമാക്സിൽ ഉൾപ്പെടെ ചിത്രം റിലീസിനെത്തുമെന്നാണ് വിവരം.
ഇയാൻ ഗോൾഡ്ബർഗ്, റിച്ചാർഡ് നൈങ്, ഡേവിഡ് ലെസ്ലി ജോൺസൺ-മക്ഗോൾഡ്രിക് എന്നിവരാണ് സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ജെയിംസ് വാൻ, പീറ്റർ സഫ്രാൻ എന്നിവരാണ് ഈ നാലാം ഭാഗത്തിന്റെ നിർമാതാക്കൾ. വെരാ ഫാർമിഗ, പാട്രിക് വിൽസൺ, മിയ ടോംലിൻസൺ, ബെൻ ഹാർഡി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന റോളുകളിൽ എത്തുന്നത്. കൺജുറിംഗ് സീരിസിലെ അവസാനത്തെ ചിത്രമാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ.
content highlights: The Conjuring: Last Rites Official Trailer out now