
കൂലി റിലീസിന് മുന്നോടിയായി സോഷ്യല്‍ മീഡിയയാകെ നിറഞ്ഞുനില്‍ക്കുകയാണ് ലോകേഷ് കനകരാജ് എന്ന സംവിധായകന്‍. ലോകേഷിന്റെ ഓരോ അഭിമുഖങ്ങളും വൈറല്‍ കണ്ടന്റുകളായി ട്രെന്‍ഡാകാറുണ്ട്. എന്നാല്‍ ലോകേഷിന്റെ മറ്റൊരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളെ ഭരിക്കുന്നത്.
കോയമ്പത്തൂരിലെ കെ ജി സിനിമാ തിയേറ്ററില്‍ ഒരു പരിപാടിയുടെ ഭാഗമായെത്തിയതായിരുന്നു ലോകേഷ്. ചടങ്ങ് കഴിഞ്ഞ് തിയേറ്ററില്‍ നിന്നും മടങ്ങുന്നതിനിടെ ഉണ്ടായ ഒരു കുഞ്ഞുസംഭവത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബൗണ്‍സേഴ്‌സിനിടയിലൂടെ സ്‌ക്രീനില്‍ നിന്നും പുറത്തേക്ക് നടക്കുന്ന ലോകേഷിനെയാണ് വീഡിയോയില്‍ കാണുന്നത്. ഇതിനിടെ ലോകി മാമാ… എന്നൊരു കൊച്ചുകുഞ്ഞ് വിളിക്കുന്നത് കേള്‍ക്കും. ഇത് കേട്ടതും ആരാണത് എന്നറിയാന്‍ കൗതുകത്തോടെ ലോകേഷ് നോക്കുന്നതും പിന്നീട് വിളിച്ച കുട്ടിയുടെ അടുത്തേക്ക് വരുന്നതുമാണ് വീഡിയോയിലുള്ളത്. കുട്ടി ലോകി മാമാ ഐ ലവ് യു എന്ന് പറയുന്നതും, ലോകേഷ് തിരിച്ചുപറയുന്നതും വീഡിയോയില്‍ ഉണ്ട്.
ലോകേഷിനൊപ്പം തിയേറ്ററിലുള്ളവരും, എന്തിനേറെ പറയുന്നു, ബൗണ്‍സേഴ്‌സ് വരെ പുഞ്ചിരി തൂകി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം. സിനിമകളേക്കാള്‍ റിപ്പീറ്റ് വാല്യു ഉള്ള വീഡിയോ എന്നാണ് പലരുടെയും കമന്റുകള്‍ വരുന്നത്.
അടുത്തിടെ ഒന്നും ഇത്രയും തവണ ആവര്‍ത്തിച്ചു കണ്ട മറ്റൊരു വീഡിയോ ഉണ്ടാകില്ല എന്നാണ് മറ്റ് ചിലരുടെ വാക്കുകള്‍. ലോകേഷിനെ ഇനി ലോകി മാമാ എന്നേ വിളിക്കൂ എന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. ലോകി മാമാ എന്ന് വിളിച്ച കുട്ടിയുടെ ഫാന്‍ ആയി പോയി എന്ന് പറയുന്നവരും കുറവല്ല.
ആ കുഞ്ഞിനെ തിരയുന്നവരും ഏറെയുണ്ട്. വീഡിയോയുടെ അവസാനത്തില്‍ ഒരു കുഞ്ഞിന്റെ മുഖം ചെറുതായി വന്നു പോകുന്നുണ്ട്. അതാണ് ലോകി മാമാ എന്ന് വിളിച്ച കുട്ടിയെന്നാണ് കരുതുന്നത്. എന്തായാലും ലോകി മാമാ വിളി ഏറ്റെടുത്ത് ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ.
Content Highlights: Child calling Lokesh Kanagaraj Loki Maama... video goes viral