ഒരു നടൻ എന്ന നിലയിൽ എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടു; ഗംഭീര ചിത്രമാണ് മാരീസന്‍: കമൽ ഹാസൻ

മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്.

dot image

വടിവേലുവും ഫഹദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് തിയേറ്ററില്‍ എത്താനൊരുങ്ങുന്ന ചിത്രമാണ് മാരീസന്‍. ചിത്രത്തിന്റെ പ്രിവ്യു ഷോയ്ക്ക് മികച്ച അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്. കള്ളന്‍റെ വേഷത്തിലാണ് ഫഹദ് ചിത്രത്തിൽ എത്തുന്നത്. അൽഷിമേഴ്‌സ് രോഗത്തോട് പൊരുതുന്ന കഥാപാത്രത്തെയാണ് വടിവേലു സിനിമയിൽ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സിനിമയെയും ടീമിനെയും പ്രശംസിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കിട്ടിരിക്കുകയാണ് കമൽ ഹാസൻ. ചിരിപ്പിക്കുകയും ചിന്തിക്കുകയും ചെയ്യുന്ന സിനിമയാണ് മാരീസൻ എന്നും, സമൂഹത്തിലേക്ക് തിരിച്ചുവെച്ച ലെൻസിലൂടെയാണ് ചിത്രം കഥ പറയുന്നതെന്നും കമൽ ഹാസൻ പറഞ്ഞു.

'മാരീസന്‍ കണ്ടു- ബൗദ്ധികതലത്തിനും ഗാംഭീര്യത്തിനുമിടയില്‍ അനായാസമായി താളം കണ്ടെത്തുന്ന സിനിമ. അതെന്നെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. അതിന്റെ ക്രാഫ്റ്റിനെ അഭിനന്ദിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും... ഈ മനോഹര സൃഷ്ടി സമ്മാനിച്ച ടീമുമായി അവരെ അഭിനന്ദിച്ചുകൊണ്ട് ഒരു സംഭാഷണം നടത്തി. അതിലെ നര്‍മത്തിന് പിറകിലായി മനുഷ്യ വികാരങ്ങളിലേക്ക് നോക്കുന്ന സാമൂഹിക അവബോധമുള്ള ഭൂതക്കണ്ണാടിയും സമൂഹത്തിലെ ഇരുണ്ട നിഴലുകളിലേക്കുള്ള സൂക്ഷ്മായ നോട്ടവും കാണാം. പ്രേക്ഷകനെന്ന നിലയിലും സിനിമചെയ്യുന്നയാളെന്ന നിലയിലും സ്വാഭാവികമായും ഞാന്‍ ആകൃഷ്ടനാകുന്ന മികച്ച സിനിമ,' കമൽ ഹാസൻ പറഞ്ഞു.

ജൂലൈ 25ന് തിയേറ്ററുകളിലെത്തുന്ന മാരീസനില്‍ വടിവേലുവിന്റെയും ഫഹദ് ഫാസിലിന്റെയും മത്സരിച്ചുള്ള അഭിനയം കാണാന്‍ കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാമന്നന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദും വടിവേലും ഒന്നിക്കുന്ന സിനിമ കൂടിയാണിത്. തമിഴ് ചിത്രം ആറുമനമേ, മലയാള ചിത്രം വില്ലാളി വീരന്‍ എന്നീ ചിത്രങ്ങള്‍ ഒരുക്കിയ സുധീഷ് ശങ്കറാണ് മാരീശന്‍ സംവിധാനം ചെയ്യുന്നത്. സൂപ്പര്‍ ഗുഡ് ഫിലിംസ് നിര്‍മ്മിക്കുന്ന 98-ാമത് സിനിമയാണ് മാരീശന്‍. യുവന്‍ ശങ്കര്‍ രാജയാണ് മാരീസന് സംഗീതം ഒരുക്കുന്നത്. കലൈശെല്‍വന്‍ ശിവാജി ഛായാഗ്രഹണവും ശ്രീജിത്ത് സാരംഗ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

Content Highlights:  Kamal Haasan praises the movie maareesan

dot image
To advertise here,contact us
dot image