
ഈ വർഷത്തെ കോളിവുഡിലെ സൂപ്പര്‍ഹിറ്റ് ചിത്രമാണ് ശശികുമാർ, സിമ്രാൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ 'ടൂറിസ്റ്റ് ഫാമിലി'. നവാഗതനായ അബിഷന്‍ ജീവിന്ത് സംവിധാനം ചെയ്ത ചിത്രം തിയേറ്ററിൽ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. തമിഴ്നാട്ടിൽ നിന്ന് 60 കോടി രൂപയാണ് സിനിമ വാരികൂട്ടിയത്. ഇത് ഒരു ശശികുമാർ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷനാണ്. ഇപ്പോഴിതാ മറ്റൊരു നേട്ടവും സിനിമയെത്തേടി എത്തിയിരിക്കുകയാണ്.
പ്രമുഖ എന്റർടെയ്‌മെന്റ് പ്ലാറ്റ്‌ഫോം ലെറ്റർബോക്‌സ്ഡിന്‍റെ ഈ വര്‍ഷം ഏറ്റവും റേറ്റിംഗ് ലഭിച്ച സിനിമകളുടെ ലിസ്റ്റിലാണ് ടൂറിസ്റ്റ് ഫാമിലി ഇടം നേടിയത്. ലോകത്തിലെ വമ്പൻ സിനിമകൾക്കൊപ്പമാണ് ശശികുമാർ
സിനിമയുമുള്ളത്. ഈ ലിസ്റ്റിലുള്ള ഒരേ ഒരു ഇന്ത്യൻ സിനിമയും ഇത് തന്നെയാണ്. പത്ത് സിനിമകളുടെ പട്ടികയിൽ നിലവിൽ ഒൻപതാം സ്ഥാനത്താണ് ഇപ്പോൾ ടൂറിസ്റ്റ് ഫാമിലിയുള്ളത്.
റയാൻ കൂഗ്ലർ ഒരുക്കിയ സിന്നേഴ്സ് ആണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. മൈക്കൽ ബി ജോർദാൻ, ഹെയ്ലി സ്റ്റെയിൻഫെൽഡ്, മൈൽസ് കാറ്റൺ എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരു വാമ്പയർ ഹൊറർ സിനിമയായി പുറത്തിറങ്ങിയ സിനിമ ആഗോള ബോക്സ് ഓഫീസിൽ നിന്നും നേടിയത് 365 മില്യൺ ഡോളറാണ്.
പോർച്ചുഗീസ് ചിത്രമായ ലാറ്റിൻ ബ്ലഡ്: ദി ബല്ലാഡ് ഓഫ് നെയ് മറ്റോഗ്രോസോ ആണ് രണ്ടാം സ്ഥാനത്ത്. ബ്രസീലിയൻ ചിത്രം മനസ് മൂന്നാം സ്ഥാനത്തും മാൻഡറിൻ ചിത്രമായ നെ ഴ 2 ആണ് നാലാമത്. സോറി ബേബി, സതേൺ ക്രോണിക്കിൾസ്, ലിറ്റിൽ അമേലി ഓർ ദി ക്യാരക്ടർ ഓഫ് റെയിൻ, ലേറ്റ് ഷിഫ്റ്റ്, ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ എന്നിവയാണ് ആദ്യ പത്തിൽ ഇടം പിടിച്ച മറ്റു സിനിമകൾ.
അതേസമയം, ഗുഡ് നൈറ്റ്, ലവര്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റ് സിനിമകള്‍ നിര്‍മിച്ച മില്യണ്‍ ഡോളര്‍ സ്റ്റുഡിയോസും ഒപ്പം എംആര്‍പി എന്റര്‍ടൈയ്ന്‍മെന്റ്‌സും ചേര്‍ന്നാണ് ടൂറിസ്റ്റ് ഫാമിലി നിര്‍മിച്ചത്. യോഗി ബാബു, കമലേഷ്, എം ഭാസ്‌കര്‍, രമേഷ് തിലക്, ബക്‌സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയെഴുതിയതും അബിഷന്‍ ജിവിന്ത് ആണ്. ഷോണ്‍ റോള്‍ഡന്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്.
Content Highlights: Tourist Family in Letterbox top rated films