ആ സിനിമയ്ക്കായി തടി കൂട്ടിയപ്പോൾ 'ആമിർ അവസാനിച്ചു ഇനി തിരിച്ചുവരില്ല' എന്നാണ് എല്ലാവരും പറഞ്ഞത്: ആമിർ ഖാൻ

'ആ സിനിമ ചെയ്തപ്പോൾ എന്നെയൊരു മണ്ടനെന്ന് കരുതിയവർ വരെയുണ്ട്'

dot image

ബോളിവുഡിൽ മിസ്റ്റർ പെർഫെക്‌ഷനിസ്റ്റ് എന്നറിയപ്പെടുന്ന നടനാണ് ആമിർ ഖാൻ. നടന്റെ സിനിമകൾക്കായി എന്നും വലിയൊരു പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. ഓരോ സിനിമകൾക്കായും നടൻ പല തരത്തിലുള്ള ട്രാൻസ്ഫോർമേഷൻ നടത്താറുണ്ട്. അവയെല്ലാം പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്. ഇപ്പോഴിതാ ഒരു സിനിമയ്ക്കായി തടി വച്ചപ്പോൾ ഇൻഡിസ്ട്രിയിൽ നിന്ന് തനിക്ക് ലഭിച്ച പ്രതികരണങ്ങളെക്കുറിച്ച് മനസുതുറക്കുകയാണ് ആമിർ ഖാൻ. രാജ് ശമാനിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ആമിറിന്റെ പ്രതികരണം.

'ദംഗൽ' എന്ന സിനിമയ്ക്കായി തടി കൂട്ടിയപ്പോൾ ഇനി തനിക്ക് തിരിച്ചുവരൻ സാധിക്കില്ലെന്നായിരുന്നു സിനിമയ്ക്കുള്ളിൽ ഉള്ളവർ വരെ പ്രതികരിച്ചതെന്ന് ആമിർ ഖാൻ പറഞ്ഞു. 'ഞാൻ എന്റെയുള്ളിലെ തോന്നലിനെ പിന്തുടർന്ന് ചെയ്ത സിനിമയാണ് 'ലഗാൻ'. ആ സിനിമ ചെയ്തപ്പോൾ എന്നെയൊരു മണ്ടനെന്ന് കരുതിയവർ വരെയുണ്ട്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സിനിമ ആര് കാണാനെന്നാണ് അവർ കരുതിയത്. 'താരേ സമീൻ പർ', 'ദംഗൽ' തുടങ്ങിയ പ്രോജക്റ്റുകളെല്ലാം എന്റെ തീരുമാനങ്ങളായിരുന്നു. ഞാൻ ദംഗൽ എന്ന സിനിമയ്ക്കായി തടി കൂട്ടിയപ്പോൾ വിചിത്രമായ പ്രതികരണങ്ങളായിരുന്നു എനിക്ക് ഇൻഡിസ്ട്രിയിൽ നിന്ന് ലഭിച്ചത്. 'ആമിർ ഖാൻ ഗയാ, അദ്ദേഹത്തിന് ഇനി തിരിച്ചുവരവ് നടത്താൻ കഴിയില്ല', എന്നായിരുന്നു അവരുടെ പ്രതികരണങ്ങൾ. ഞാൻ നിരവധി തവണ റിസ്ക് എടുത്തിട്ടുണ്ട്. ഈ തീരുമാനങ്ങളെല്ലാം എനിക്ക് ഭാഗ്യമായി തന്നെ മാറിയിട്ടുണ്ട്', ആമിർ ഖാൻ പറഞ്ഞു.

ഗുസ്തിതാരങ്ങളായ ഗീത ഫൊഗട്ടിന്റെയും ബബിത കുമാരി ഫോഗട്ടിന്റെയും അവരുടെ അച്ഛനായ മഹാവീര്‍ ഫോഗട്ടിന്റെയും ജീവിതകഥയെ ആസ്പദമാക്കിയെടുത്ത ചിത്രമായിരുന്നു ദം​ഗൽ. ആമിർ ഖാൻ പ്രധാന വേഷത്തിലെത്തിയ ചിത്രം വെറും 70 കോടി മുതല്‍ മുടക്കില്‍ ഒരുക്കി 2000 കോടിയിലേറെയാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. നിതീഷ് തിവാരി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ആമിർ ഖാൻ, കിരൺ റാവു, സിദ്ധാർത്ഥ് റോയ് കപൂർ എന്നിവർ ചേർന്നാണ്. സാക്ഷി തൻവാർ, ഫാത്തിമ സന ​​ഷെയ്ഖ്, സാനിയ മൽഹോത്ര, അപർശക്തി ഖുറാന എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ.

Content Highlights: Aamir Khan says people thought his career was over after weight gain for dangal

dot image
To advertise here,contact us
dot image