'കിടിലൻ ആക്ഷൻ, ഐമാക്‌സിൽ തന്നെ കാണുക, ടോം ക്രൂസ് ഞെട്ടിച്ചു'; 'മിഷൻ ഇമ്പോസിബിൾ 8' ആദ്യ പ്രതികരണങ്ങൾ പുറത്ത്

മുൻ ഭാഗങ്ങളെപ്പോലെ തന്നെ ഞെട്ടിക്കുന്ന സിനിമയാണ് ഈ എട്ടാം ഭാഗമെന്നും പതിവ് പോലെ ആക്ഷൻ സീനുകളിൽ ടോം ക്രൂസ് അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പ്രതികരണങ്ങൾ

dot image

ആക്ഷൻ സിനിമാ പ്രേമികളെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയ ഫ്രാൻഞ്ചൈസ് ആണ് ടോം ക്രൂസ് നായകനായ 'മിഷൻ ഇമ്പോസിബിൾ'. ഏഴ് ചിത്രങ്ങളാണ് ഇതുവരെ ഈ സീരീസിന്റെ ഭാഗമായി പുറത്തിറങ്ങിയിട്ടുള്ളത്. ഈ സീരിസിലെ എട്ടാമത്തെ സിനിമയും 'മിഷൻ ഇമ്പോസിബിൾ ഡെഡ് റെക്കണിംഗ് പാർട്ട് വണ്ണി'ന്റെ തുടർച്ചയുമായ 'മിഷൻ ഇമ്പോസിബിൾ ദി ഫൈനൽ റെക്കണിംഗ്' ഇന്ത്യയിൽ റിലീസിന് തയ്യാറെടുക്കുകയാണ്. അതേസമയം, ചിത്രത്തിന്റെ ആദ്യ പ്രതികരണങ്ങൾ പുറത്തുവന്നിരിക്കുകയാണ്.

മുൻ ഭാഗങ്ങളെപ്പോലെ തന്നെ ഞെട്ടിക്കുന്ന സിനിമയാണ് ഈ എട്ടാം ഭാഗമെന്നും പതിവ് പോലെ ആക്ഷൻ സീനുകളിൽ ടോം ക്രൂസ് അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നുമാണ് പ്രതികരണങ്ങൾ. ചിത്രം ഐമാക്‌സിൽ തന്നെ കാണാൻ ശ്രമിക്കണമെന്നും അവസാന 40 ശ്വാസമടക്കിപ്പിടിച്ച് കാണേണ്ട നിലയിലാണ് ഒരുക്കിയിരിക്കുന്നതെന്നും കമന്റുകളുണ്ട്. വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മിഷൻ ഇമ്പോസിബിൾ സീരീസ് പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യുന്നുണ്ടെന്നും ഇനിയും സീക്വലുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നാണ് ഒരു പ്രേക്ഷകന് സിനിമ കണ്ടതിന് ശേഷം എക്സിൽ കുറിച്ചത്. അതേസമയം, ചിത്രം കുറച്ച് സ്ലോ ആണെന്നും കഴിഞ്ഞ ഭാഗത്തിന്റെ അത്ര എനർജി ഇല്ലായിരുന്നെന്നും റിവ്യൂസ് ഉണ്ട്. ചിത്രം ഇന്ന് കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നുണ്ട്.

ഇന്ത്യയിൽ മെയ് 17 ന് ആണ് ചിത്രം പുറത്തിറങ്ങുന്നത്. ബുക്കിംഗ് തുടങ്ങി ഇതുവരെ പിവിആർ, സിനിപോളിസ് തുടങ്ങിയ മൾട്ടിപ്ളെക്സുകളിൽ നിന്ന് 38,500 ടിക്കറ്റുകളാണ് സിനിമ വിറ്റത്. ഇതിൽ പിവിആറിൽ നിന്ന് 30,000 ടിക്കറ്റും സിനിപോളിസിൽ നിന്ന് 8,500 ടിക്കറ്റുമാണ് വിറ്റത്. ചിത്രം ആദ്യ ദിനം ഇന്ത്യയിൽ നിന്നുമാത്രം 20 കോടിയോളം നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. റിപ്പോർട്ടുകൾ പ്രകാരം രണ്ട് മണിക്കൂർ 49 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം. മെയ് 23 ന് ആഗോള തലത്തിൽ റിലീസിനൊരുങ്ങുന്ന സിനിമ ഇന്ത്യയിൽ ഒരാഴ്ച മുൻപേ പുറത്തിറങ്ങും.

'മിഷൻ ഇമ്പോസിബിൾ' സീരിസിലെ അവസാനത്തെ ചിത്രമാകും ഇത് എന്നാണ് പുറത്തുവരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. 1996 ലാണ് ആദ്യത്തെ 'മിഷൻ ഇമ്പോസിബിൾ' ചിത്രം പുറത്തിറങ്ങുന്നത്. സീരിസിലെ ഓരോ സിനിമകളിലെയും സ്റ്റണ്ട് സീനുകൾക്കായി ടോം ക്രൂസ് എടുക്കുന്ന പ്രയത്നങ്ങൾ എപ്പോഴും വാർത്തയിൽ ഇടം പിടിക്കാറുണ്ട്. ഹെയ്‌ലി അറ്റ്‌വെൽ, വിങ് റെംസ്, സൈമൺ പെഗ്, വനേസ കിർബി തുടങ്ങിയവരാണ് പുതിയ മിഷൻ ഇമ്പോസിബിൾ സിനിമയിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Mission: Impossible – The Final Reckoning first reviews out now

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us