അഞ്ച് 200 കോടി പടങ്ങൾ, അതിൽ രണ്ട് മോഹൻലാൽ സിനിമകൾ; തമിഴിനെയും തെലുങ്കിനെയും തൂക്കി 'മോഹൻലാൽവുഡ്'

ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്

dot image

2025 നടൻ മോഹൻലാലിന് മികച്ചൊരു വർഷമായി മാറുകയാണ്. തുടർപരാജയങ്ങൾക്ക് ശേഷം രണ്ടു ഗംഭീര വിജയങ്ങളിലൂടെയാണ് മോഹൻലാൽ ഈ വർഷം തിരിച്ചുവന്നിരിക്കുന്നത്. തുടരും, എമ്പുരാൻ എന്നീ സിനിമകളാണ് ഈ വർഷം ഇതുവരെയായി ഇറങ്ങിയ മോഹൻലാൽ സിനിമകൾ. ഇപ്പോഴിതാ മോഹൻലാലിനെത്തേടി മറ്റൊരു റെക്കോർഡ് കൂടി എത്തിയിരിക്കുകയാണ്. ഈ വർഷം ബോക്സ് ഓഫീസിൽ നിന്ന് 200 കോടി കടന്ന അഞ്ച് സിനിമകളിൽ രണ്ടെണ്ണവും മോഹൻലാലിന്റെ പേരിലാണ്.

നിലവിൽ രണ്ടും അഞ്ചും സ്ഥാനങ്ങളിലാണ് മോഹൻലാൽ സിനിമകൾ ഉള്ളത്. വിക്കി കൗശൽ നായകനായി എത്തിയ ഛാവയാണ് കളക്ഷനിൽ ഒന്നാമത് നിൽക്കുന്ന സിനിമ. വമ്പൻ പ്രതികരണങ്ങൾ നേടിയ സിനിമ ബോക്സ് ഓഫീസിൽ നിന്നും വാരികൂട്ടിയത് 766.50 കോടിയാണ്. ഛത്രപതി ശിവാജിയുടെ മകനും മറാത്താ രാജാവുമായിരുന്ന സാംബാജിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത ചിത്രം വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങിയത്. രശ്‌മിക മന്ദാന, അക്ഷയ് ഖന്ന, അശുതോഷ് റാണ, ദിവ്യ ദത്ത, നീൽ ഭൂപാലം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. മോഹൻലാൽ ചിത്രമായ എമ്പുരാൻ ആണ് രണ്ടാം സ്ഥാനത്ത്. 265 കോടിയാണ് എമ്പുരാന്റെ ആഗോള കളക്ഷൻ. 325 കോടിയാണ് ചിത്രം ആഗോള ബിസിനസിലൂടെ നേടിയത്. മികച്ച പ്രതികരണം നേടിയ സിനിമയുടെ മേക്കിങ്ങിന് നിരവധി കയ്യടികളാണ് ലഭിച്ചത്. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത ചിത്രം മലയാളം കണ്ട ഏറ്റവും വലിയ ബഡ്ജറ്റിലാണ് ഒരുക്കിയത്.

വെങ്കടേഷ് നായകനായി എത്തിയ തെലുങ്ക് ചിത്രം സംക്രാന്തികി വസ്തുനാം ആണ് ലിസ്റ്റിൽ മൂന്നാം സ്ഥാനത്തുള്ള സിനിമ. ജനുവരി 14 ന് സംക്രാന്തി റിലീസായി തിയേറ്ററിലെത്തിയ സിനിമക്ക് വലിയ വരവേൽപ്പാണ് ലഭിച്ചത്. മികച്ച അഭിപ്രായം ലഭിച്ച സിനിമ ബോക്സ് ഓഫീസിലും വലിയ മുന്നേറ്റമായിരുന്നു നടത്തിയത്. ഏറെ നാളത്തെ ഇടവേളക്ക് ശേഷം നടൻ വെങ്കടേഷിന് ലഭിച്ച തിരിച്ചുവരവാണ് സംക്രാന്തികി വസ്‌തുനാം. അജിത്തിനെ നായകനാക്കി ആധിക് രവിചന്ദ്രൻ സംവിധാനം ചെയ്ത ഗുഡ് ബാഡ് അഗ്ലിയാണ് കളക്ഷനിൽ നാലാം സ്ഥാനത്തുള്ളത്. 246 കോടിയാണ് ഗുഡ് ബാഡ് അഗ്ലിയുടെ ആഗോള കളക്ഷൻ. തമിഴ്‌നാട് ബോക്സ് ഓഫീസിൽ മാത്രം സിനിമ 100 കോടിക്ക് മുകളിൽ കളക്ട് ചെയ്തിട്ടുണ്ട്. ഏപ്രിൽ 10 നാണ് ഗുഡ് ബാഡ് അഗ്ലി തിയേറ്ററുകളിലെത്തിയത്.

തരുൺ മൂർത്തി സംവിധാനം ചെയ്തു മോഹൻലാൽ നായകനായി പുറത്തിറങ്ങിയ തുടരും ആണ് അഞ്ചാം സ്ഥാനത്തുള്ള സിനിമ. ആഗോള ബോക്സ് ഓഫീസിൽ നിന്ന് തുടരും 200 കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ നിർമാതാക്കൾ തന്നെയാണ് ഈ വാർത്ത പുറത്തുവിട്ടത്. ഇതോടെ രണ്ടുമാസത്തിനിടെ 200 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ മോഹൻലാൽ ചിത്രമായി തുടരും. മോഹൻലാൽ നന്നായി അഭിനയിച്ചിട്ടുണ്ടെന്നും സിനിമയുടെ സെക്കന്റ് ഹാഫ് നല്ല മാസായിട്ടുണ്ടെന്നുമാണ് അഭിപ്രായങ്ങൾ. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.

Content Highlights: Five Mohanlal film s among 2025 200 crores films

dot image
To advertise here,contact us
dot image