ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന ലേബലിൽ അറിയപ്പെടാന്‍ ഞാന്‍ ആ​ഗ്രഹിക്കുന്നില്ല: ആസിഫ് അലി

'നമ്മള്‍ ഇന്ന് നില്‍ക്കുന്ന സ്റ്റേജില്‍ എത്താനുള്ള കാരണം നമ്മുടെ ചുറ്റും ഉള്ളവരും നമ്മളെ സ്നേഹിച്ചവരും നമ്മളെ പിന്തുണച്ചവരുമാണ്'

dot image

'ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ' എന്ന ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്ന് നടൻ ആസിഫ് അലി. നമ്മുടെ എല്ലാവരുടെയും വളർച്ചയുടെ പല ഘട്ടങ്ങളിലും ചുറ്റുമുള്ളവരുടെ പിന്തുണയും സ്നേഹവും ലഭിച്ചിട്ടുണ്ടാകും. അത്തരത്തിൽ പ്രയോഗങ്ങൾക്ക് പ്രസക്തിയില്ലെന്ന് നടൻ പറഞ്ഞു. പുതിയ ചിത്രമായ സര്‍ക്കീട്ടിന്‍റെ പ്രമോഷന്റെ ഭാഗമായി ഒരു സ്കൂളില്‍ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

'ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്ന പ്രയോഗത്തിന് ഒരു വിലയുമില്ല. നമ്മള്‍ എല്ലാവരും ഇന്ന് നില്‍ക്കുന്ന സ്റ്റേജില്‍ എത്താനുള്ള കാരണം നമ്മുടെ ചുറ്റും ഉള്ളവരും നമ്മളെ സ്നേഹിച്ചവരും നമ്മളെ പിന്തുണച്ചവരുമാണ്. അപ്പോള്‍ ഒരുപാട് പേരുടെ, ഞാന്‍ ചെറുപ്പത്തില്‍ കണ്ട എന്‍റെ സുഹൃത്തുക്കള്‍ മുതല്‍ എന്‍റെ മാതാപിതാക്കള്‍ മുതല്‍ എന്‍റെ അധ്യാപകര്‍ മുതല്‍.. നിങ്ങള്‍ കാണിക്കുന്ന ഈ സ്നേഹത്തിന് അര്‍ഹനായി ഞാന്‍ ഇവിടെ നില്‍ക്കുന്നതില്‍ അവരുടെ എല്ലാവരുടെയും പിന്തുണയുണ്ട്. അതുകൊണ്ട് അരിക്കലും ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍ എന്നുള്ള ഒരു ലേബലില്‍ അറിയപ്പെടാന്‍ ഞാന്‍ ആ​ഗ്രഹിക്കുന്നില്ല,' ആസിഫ് അലി പറഞ്ഞു.

അതേസമയം സർക്കീട്ട് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ നേടുന്നത്. 'ആയിരത്തൊന്നു നുണകൾ' എന്ന ചിത്രത്തിന് ശേഷം താമർ ഒരുക്കുന്ന ചിത്രമാണ് സർക്കീട്ട്. താമർ തന്നെയാണ് ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. ദിവ്യ പ്രഭ, ദീപക് പറമ്പോല്‍, രമ്യ സുരേഷ്, പ്രശാന്ത് അലക്‌സാണ്ടര്‍, സ്വാതിദാസ് പ്രഭു, ഗോപന്‍ അടാട്ട്, സിന്‍സ് ഷാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്. മികച്ച അഭിപ്രായത്തോടെ പ്രേക്ഷകർ ഏറ്റെടുത്ത പൊൻമാൻ എന്ന ചിത്രത്തിന് ശേഷം അജിത് വിനായക ഫിലിംസ് വിത്ത് ആക്ഷൻ ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്, ഫ്ളോറിൻ ഡൊമിനിക്ക് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്.

സര്‍ക്കീട്ടിന്‍റെ അണിയറ പ്രവര്‍ത്തകര്‍: ഛായാഗ്രഹണം- അയാസ് ഹസൻ, സംഗീതം- ഗോവിന്ദ് വസന്ത, എഡിറ്റർ- സംഗീത് പ്രതാപ്, പ്രൊജക്റ്റ് ഡിസൈനർ- രഞ്ജിത് കരുണാകരൻ, കലാസംവിധാനം - വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം - ഇർഷാദ് ചെറുകുന്ന്, മേക്കപ്പ് - സുധി, ലൈൻ പ്രൊഡക്ഷൻ - റഹിം പിഎംകെ, പോസ്റ്റർ ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ (ഇല്ലുമിനാർട്ടിസ്റ്റ് ക്രീയേറ്റീവ്സ്), സ്റ്റിൽസ്- എസ്‌ബികെ ഷുഹൈബ്, സിങ്ക് സൗണ്ട്- വൈശാഖ്, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Content Highlights: Asif Ali says he doesn't want to be labeled as self made actor

dot image
To advertise here,contact us
dot image