
മലയാള സിനിമയിലെ പല റെക്കോർഡുകളും തകർത്താണ് മോഹൻലാൽ-തരുൺ മൂർത്തി ചിത്രം 'തുടരും' മുന്നേറുന്നത്. കേരളാ ബോക്സ് ഓഫീസിൽ സിനിമ വമ്പൻ കുതിപ്പാണ് നടത്തുന്നതും. നിലവിൽ കേരളാ ബോക്സ് ഓഫീസിൽ നിന്ന് ഏറ്റവും അധികം പണം നേടിയ ചിത്രം ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 ആണ്. ഈ റെക്കോർഡ് തുടരും അടുത്ത ദിവസങ്ങളിൽ തന്നെ മറികടക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഈ പ്രതീക്ഷ അവർ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുമുണ്ട്. അത്തരത്തിൽ ഒരു ഫാൻ പേജിൽ വന്ന പോസ്റ്റും അതിന് ജൂഡിന്റെ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
ലാൽ കെയേഴ്സ് ഖത്തർ എന്ന പേജിൽ വന്ന പോസ്റ്റിനാണ് സംവിധായകൻ ജൂഡ് മറുപടി കൊടുത്തത്. കേരളാ ബോക്സ് ഓഫീസിലെ പുതിയ ടോപ് ഗ്രോസർ വരുന്നു എന്നാണ് പോസ്റ്റ്. ഇതിന് താഴെയായി 'ലാലേട്ടനെ വെച്ച് ഞാൻ തന്നെ ഇതും തൂക്കും' എന്നായിരുന്നു ജൂഡ് ആന്തണി ജോസഫിന്റെ മറുപടി. ജൂഡ് നൽകിയ ഈ മറുപടിക്ക് വലിയ കയ്യടി ലഭിക്കുന്നുണ്ട്. ഒരു സംവിധായകൻ ഇത്തരത്തിലാണ് പ്രതികരിക്കേണ്ടത് എന്ന് ചിലർ പറയുമ്പോൾ ജൂഡിന്റെ ഈ സ്വപ്നം സഫലമാകട്ടെ എന്നാണ് മറ്റു ചിലർ കുറിക്കുന്നത്.
2018 എന്ന ചിത്രമാണ് നിലവിലെ കേരളാ ബോക്സ് ഓഫീസിലെ ടോപ് ഗ്രോസർ. 89 കോടിയാണ് സിനിമ കേരളത്തിൽ നിന്ന് നേടിയത്. മോഹൻലാൽ ചിത്രം എമ്പുരാനാണ് രണ്ടാം സ്ഥാനത്തുള്ളത്. 87 കോടിയാണ് സിനിമയുടെ കേരളാ ബോക്സ് ഓഫീസിലെ കളക്ഷൻ. തുടരും ഇതുവരെ 73 കോടിയിലധികം രൂപയാണ് കേരളത്തിൽ നിന്ന് നേടിയിരിക്കുന്നത്.
സിനിമയിൽ ഒരു ടാക്സി ഡ്രൈവറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. നടന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആക്ഷൻ രംഗങ്ങളിലെ മോഹൻലാലിൻറെ പ്രകടനത്തിന് തിയേറ്ററുകളിൽ വലിയ കയ്യടി തന്നെ കിട്ടുന്നുണ്ട്. സിനിമയിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച പ്രകാശ് വർമ്മയുടെ പ്രകടനത്തിനും വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്.
Content Highlights: Mohanlal fans' post and Jude Anthany Joseph's reply viral in social media