പടത്തിൽ മാത്രമാണ് അടി, പുറത്ത് ജോർജ് സാറും ബെൻസും ഫൺ വൈബാണ്; 'തുടരും' ചിത്രങ്ങളുമായി പ്രകാശ് വർമ്മ

'എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്' എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരിക്കുന്നത്

dot image

മോഹൻലാൽ-തരുൺ മൂർത്തി ചിത്രം തുടരും മികച്ച പ്രതികരണങ്ങളുമായി തിയേറ്ററിൽ മുന്നേറുകയാണ്. മോഹൻലാലിനൊപ്പം സിനിമയിൽ നിറകൈയടി നേടുന്ന മറ്റൊരാൾ കൂടിയുണ്ട്, സിഐ ജോർജ് സാറായി അഭിനയിച്ച പ്രകാശ് വർമ്മ. ഇപ്പോൾ സിനിമയുടെ രസകരമായ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം.

മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങളാണ് പ്രകാശ് വർമ്മ പങ്കുവെച്ചിരിക്കുന്നത്. തുടരും എന്ന സിനിമയിലെ തന്റെ അനുഭവം തീർത്തും മാജിക്കൽ ആയിരുന്നുവെന്നും തനിക്ക് മറ്റൊരു കുടുംബത്തെ കൂടി ലഭിച്ചുവെന്നും പ്രകാശ് വർമ്മ കുറിക്കുന്നു. 'എന്റെ നായകൻ, പ്രചോദനം, ഉപദേഷ്ടാവ്, സഹോദരൻ, അധ്യാപകൻ, സുഹൃത്ത്' എന്നാണ് മോഹൻലാലിനെ പ്രകാശ് വർമ്മ വിശേഷിപ്പിച്ചിരിക്കുന്നത്.

ലോകപ്രശസ്തമായ നിരവധി പരസ്യ ചിത്രങ്ങൾക്ക് ഒടുവിലാണ് തരുൺ മൂർത്തിയുടെ ചിത്രത്തിലൂടെ പ്രകാശ് അഭിനയ രംഗത്തേക്ക് എത്തുന്നത്. ഷാരുഖ് ഖാന്റെ പ്രശസ്തമായ ദുബായ് ടൂറിസം പരസ്യം, മുമ്പ് ഹച്ച് എന്ന പേരിൽ അറിയപ്പെട്ടിരുന്ന വോഡാഫോണിന്റെ പഗ്ഗ് ഡോഗും കുട്ടിയുമുള്ള സൗഹൃദത്തിന്റെ കഥ പറഞ്ഞ പരസ്യം, ഏറെ ഹിറ്റായ സൂസു പരസ്യങ്ങൾ, കേരള ടൂറിസത്തിന്റെ വിവിധ പരസ്യങ്ങൾ, നൻപകൽ നേരത്ത് മയക്കം എന്ന സിനിമക്ക് പ്രചോദനമായ ഗ്രീൻ പ്ലൈയുടെ പരസ്യം തുടങ്ങി നിരവധി ലോകപ്രശസ്ത പരസ്യങ്ങൾ പ്രകാശിന്റെതായി പുറത്തുവന്നിട്ടുണ്ട്.

2001 മുതൽ പരസ്യരംഗത്ത് ഉള്ള പ്രകാശ് വർമ്മ ലോഹിതദാസ്, വിജി തമ്പി തുടങ്ങിയവർക്കൊപ്പം സംവിധാന സഹായിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് വി കെ പ്രകാശിന്റെ പരസ്യചിത്രങ്ങളിലൂടെയാണ് പരസ്യമേഖലയിലേക്ക് എത്തുന്നത്.

ബാംഗ്ലൂർ ആസ്ഥാനമായുള്ള 'നിർവാണ' എന്ന പരസ്യചിത്ര സ്ഥാപനത്തിന്റെ സ്ഥാപക ഉടമകളിൽ ഒരാളാണിപ്പോൾ പ്രകാശ്. പരസ്യരംഗത്ത് തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് ഇപ്പോൾ അഭിനയത്തിലും പ്രകാശ് കൈ വെക്കുന്നത്. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച അഭിപ്രായമാണ് പ്രകാശ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയുടെ ഭാവിയിലേക്ക് തന്നെ മികച്ച സംഭാവനകൾ നൽകാൻ പ്രകാശ് വർമ്മയ്ക്ക് കഴിഞ്ഞേക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ സിനിമയ്ക്ക് പിന്നാലെ വരുന്ന അഭിപ്രായപ്രകടനങ്ങൾ.

Content Highlights: Prakash Varma shares the pics of Thudarum movie

dot image
To advertise here,contact us
dot image