
സണ്ണി ഡിയോള്‍ നായകനായ ജാട്ട് എന്ന സിനിമയിലെ ഒരു രംഗം മതവികാരത്തെ വ്രണപ്പെടുത്തിയെന്ന ആക്ഷേപവുമായി പഞ്ചാബിലെ ക്രിസ്ത്യന്‍ മത സംഘടനാ നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി ചിത്രത്തിലെ അഭിനേതാക്കള്‍ക്കും സംവിധായകനും നിര്‍മാതാവിനും എതിരെ കേസും എടുത്തു. ഇപ്പോഴിതാ ചിത്രത്തിലെ വിവാദമായ സീന്‍ മാറ്റിയെന്ന് അറിയിച്ച് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിരിക്കുകയാണ്.
'ചിത്രത്തിലെ ഒരു പ്രത്യേക രംഗത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതായി അറിയാന്‍ കഴിഞ്ഞു. അതിനാല്‍ ചിത്രത്തില്‍ നിന്ന് അത് നീക്കം ചെയ്തിട്ടുണ്ട്. ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നില്ല. അങ്ങനെ സംഭവിച്ചതില്‍ ഖേദിക്കുന്നു. സിനിമയില്‍ നിന്ന് ആ രംഗം നീക്കം ചെയ്യാനുള്ള അടിയന്തര നടപടി സ്വീകരിച്ചിട്ടുണ്ട്. വിശ്വാസം വ്രണപ്പെട്ട എല്ലാവരോടും ഞങ്ങള്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിക്കുന്നു', എന്നാണ് നിര്‍മാതാക്കള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ അവതരിപ്പിച്ചിരിക്കുന്ന പ്രതിനായക കഥാപാത്രത്തിന്‍റെ ഒരു രംഗമാണ് മത നേതാക്കളെ പ്രകോപിപ്പിച്ചത്. രണതുംഗ എന്ന ഈ കഥാപാത്രം ഒരു ക്രിസ്ത്യന്‍ പള്ളിയില്‍ പ്രദേശത്തെ വിശ്വാസികളായ നാട്ടുകാര്‍ക്ക് ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ഒരു രംഗം ചിത്രത്തിലുണ്ട്. കുരിശിലേറ്റിയ ക്രിസ്തുവിന്റെ രൂപത്തിന്‍റെ പശ്ചാത്തലത്തില്‍ അതേ മാതൃകയില്‍ കൈകള്‍ ഉയര്‍ത്തിയാണ് രണ്‍ദീപ് ഹൂഡയുടെ കഥാപാത്രത്തിന്‍റെ നില്‍പ്പ്. ഇത് ക്രിസ്ത്യന്‍ വിശ്വാസത്തെ മോശമായി ചിത്രീകരിക്കാന്‍ കരുതിക്കൂട്ടി ഉള്‍പ്പെടുത്തിയ രംഗമാണെന്നായിരുന്നു മതനേതാക്കള്‍ ആരോപിച്ചത്.
Our sincere apologies to everyone whose sentiments were hurt.
— Mythri Movie Makers (@MythriOfficial) April 18, 2025
The objectionable scene has been removed.#JAAT pic.twitter.com/vj8tbKDxoi
ചിത്രത്തില്‍ രണ്‍ദീപ് ഹൂഡ, വിനീത് കുമാര്‍ സിംഗ്, സയാമി ഖേര്‍, റെജീന കസാന്ദ്ര, പ്രശാന്ത് ബജാജ്, സറീന വഹാബ്, ജഗപതി ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. നിരവധി തെലുങ്ക് ചിത്രങ്ങള്‍ സംവിധാനം ചെയ്ത ഗോപിചന്ദ് മലിനേനിയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. മൈത്രി മൂവി മേക്കേഴ്‌സും പീപ്പിള്‍ മീഡിയ ഫാക്ടറിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. 60 കോടിയോളമാണ് സിനിമ ഇതുവരെ ബോക്സ് ഓഫീസിൽ നിന്നും നേടിയത്. ചിത്രത്തിനൊരു രണ്ടാം ഭാഗവും അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നു.
Content Highlights: Jaat producers apologizes for hurting religious sentiments