

ബുൾബുൾ, കാല, അനിമൽ തുടങ്ങിയ സിനിമകളിലൂടെ പ്രേക്ഷമനസ്സിൽ ഇടം പിടിച്ച നടിയാണ് തൃപ്തി ദിമ്രി. അനിമൽ എന്ന ഒറ്റ സിനിമയിലൂടെ വളരെ പെട്ടന്നാണ് ഒരു സ്റ്റാർ ഇമേജിലേക്ക് തൃപ്തി വളർന്നത്. ചിത്രത്തിൽ തൃപ്തി അവതരിപ്പിച്ച സോയ എന്ന കഥാപാത്രവും ഭാഭി 2 എന്ന വിളിപ്പേരും പ്രേക്ഷകരെല്ലാം ഒരുപോലെ ഏറ്റെടുത്തു. ഇപ്പോഴിതാ തനിക്ക് ലഭിച്ച ജനപ്രീതിയെക്കുറിച്ച് മനസുതുറന്നിരിക്കുകയാണ് തൃപ്തി. ഈ ഒരു സ്വീകാര്യത താൻ പ്രതീക്ഷിച്ചതിനേക്കാൾ ഒരുപാട് അപ്പുറമായിരുന്നു എന്നും അതേസമയം ഒരുപാട് നാളായി ആഗ്രഹിച്ച ഒരു അംഗീകാരമായിരുന്നു എന്നും തൃപ്തി ദിമ്രി പറഞ്ഞു. ബോളിവുഡ് ഹങ്കാമ നടത്തിയ നടിമാരുടെ റൌണ്ട്ടേബിളിൽ ആണ് തൃപ്തി ഇക്കാര്യം പറഞ്ഞത്.
'ഞാൻ ഭോപ്പാലിൽ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങിൽ ആയിരുന്നു അതുകൊണ്ട് തന്നെ ആദ്യത്തെ ഒരു വരവേൽപ്പ് നേരിട്ട് കാണാൻ എനിക്ക് സാധിച്ചിരുന്നില്ല. എന്റെ സുഹൃത്തുക്കൾ എനിക്ക് മെസേജ് ചെയ്ത് നിന്റെ സമയം മാറിമറിയാൻ പോകുകയാണ് ഇനി നിന്റെ ടൈം ആണ് എന്ന് പറയുമ്പോഴും ഞാൻ ഒന്നും വിശ്വസിച്ചിരുന്നില്ല. തിരികെ ഞാൻ ബോംബെയിൽ എത്തുമ്പോഴാണ് എന്തൊക്കെയോ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് എനിക്ക് മനസിലായത്. വളരെ പോസിറ്റീവ് ആയ മാറ്റമായിരുന്നു. ഒരുപാട് നാളായി ഞാൻ ആഗ്രഹിച്ച ഒരു അംഗീകാരമായിരുന്നു അത്', തൃപ്തി ദിമ്രി പറഞ്ഞു.
2017 ൽ 'മോം' എന്ന സിനിമയിലൂടെയാണ് തൃപ്തി അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് ലൈല മജ്നു, ബുൾബുൾ, കാല എന്നീ സിനിമകളുടെ പ്രകടനത്തിന് മികച്ച അഭിപ്രായങ്ങളായിരുന്നു തൃപ്തിക്ക് ലഭിച്ചത്. 'അനിമൽ' ആയിരുന്നു തൃപ്തിയുടെ കരിയറിൽ വഴിത്തിരിവുണ്ടാക്കിയ സിനിമ. രൺബീർ കപൂർ നായകനായി സന്ദീപ് റെഡ്‌ഡി വങ്ക സംവിധാനം ചെയ്ത അനിമൽ ബോക്സ് ഓഫീസിൽ നിന്ന് 900 കോടിയാണ് നേടിയത്.
2024 ലെ ജനപ്രിയ അഭിനേതാക്കളുടെ IMDB ലിസ്റ്റിൽ ഒന്നാമതാണ് തൃപ്തിയിപ്പോൾ. ലൈല മജ്നു എന്ന റീ റിലീസ് ചിത്രമുൾപ്പടെ നാല് സിനിമകളാണ് തൃപ്തിയുടേതായി ഈ വർഷം റിലീസിനെത്തിയത്. ബാഡ് ന്യൂസ്, വിക്കി വിദ്യ കാ വോ വാല വീഡിയോ, ഭൂൽ ഭുലയ്യ 3 എന്നിവയാണവ. ഇതിൽ 'ഭൂൽ ഭുലയ്യ 3' 400 കോടിക്കും മുകളിൽ ബോക്സ് ഓഫീസിൽ നിന്നും നേടിയിരുന്നു. 'ധടക്ക് 2' ആണ് ഇനി പുറത്തിറങ്ങാനുള്ള തൃപ്തിയുടെ ചിത്രം.
Content Highlights: Tripti Dimri talks about Animal and overnight success