'ദളപതി വിജയ്ക്ക് വേണ്ടി നല്ലൊരു കഥ കയ്യിലുണ്ട്, തിരിച്ചുവരാന്‍ അത് മതിയാകും'; വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ വരുണ്‍ വിജയ്‌യുടെ കടുത്ത ആരാധകനും കൂടിയാണ്

dot image

ന്യൂഡല്‍ഹി: തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്‌യെ നായകനാക്കി സിനിമ നിര്‍മ്മിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഇന്ത്യന്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. വിജയ്ക്ക് വേണ്ടി നല്ലൊരു തിരക്കഥ തന്റെ കൈയിലുണ്ട്. അദ്ദേഹം തയ്യാറാണെങ്കില്‍ നല്‍കാമെന്നും തകര്‍പ്പന്‍ തിരിച്ചുവരവിന് വഴിയൊരുങ്ങുമെന്നും വരുണ്‍ പറഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമായ വരുണ്‍ വിജയ്‌യുടെ കടുത്ത ആരാധകനും കൂടിയാണ്.

ഇന്ത്യന്‍ താരം രവിചന്ദ്രന്‍ അശ്വിന്റെ യുട്യൂബ് ചാനലിലൂടെയാണ് തന്റെ സിനിമാ മോഹത്തെക്കുറിച്ച് വരുണ്‍ തുറന്നുപറഞ്ഞത്. 'ജീവിതത്തില്‍ നാലോ അഞ്ചോ ലക്ഷ്യങ്ങളുണ്ട്. ഒരു 25കാരന് എന്തൊക്കെയാണ് താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് അറിയാം. ഇപ്പോള്‍ എനിക്ക് മൂന്ന് ലക്ഷ്യങ്ങളുണ്ട്. അതിലൊന്ന് സിനിമ നിര്‍മ്മിക്കുകയാണ്. ഞാന്‍ അതിനുവേണ്ടി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്', വരുണ്‍ പറഞ്ഞു.

'എനിക്ക് കഥകള്‍ എഴുതാന്‍ വലിയ ഇഷ്ടമാണ്. ഞാന്‍ ഇതുവരെ മൂന്ന് തിരക്കഥകള്‍ എഴുതിയിട്ടുണ്ട്. അതിലൊന്ന് ദളപതി വിജയ്ക്കുവേണ്ടിയുള്ളതാണ്. അദ്ദേഹം അത് ചെയ്യാന്‍ തയ്യാറായാല്‍ ഗംഭീര തിരിച്ചുവരവിനുള്ള അവസരമാവും', വരുണ്‍ വ്യക്തമാക്കി.

ഈയടുത്ത കാലത്താണ് ആരാധകരെ ഏറെ നിരാശപ്പെടുത്തി നടന്‍ വിജയ് സിനിമ കരിയര്‍ അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത വന്നത്. രാഷ്ട്രീയ പ്രവേശനത്തോട് അനുബന്ധിച്ചായിരുന്നു വിജയ്‌യുടെ ഈ തീരുമാനം. സിനിമയില്‍ അഭിനയിച്ചുകൊണ്ട് ജനനായകനായിക്കൂടെ എന്ന് ആരാധകര്‍ നിരവധി പേര്‍ അഭ്യര്‍ത്ഥിച്ചുവെങ്കിലും വിജയ്‌യുടെ തീരുമാനം അന്തിമമായിരുന്നു. ഗോട്ട്, ദളപതി 69 എന്നീ സിനിമകളായിരിക്കും തന്റെ അവസാന സിനിമകളെന്നും ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു.

dot image
To advertise here,contact us
dot image