ഒരു മണിക്കൂറിൽ നാലര ലക്ഷം വ്യൂസ്; പൊടി പറത്തി 'വാലിബന്റെ' കുതിപ്പ്

ഗൂസ്ബംപ്സ് നൽകിയെന്നും കാത്തിരിക്കുകയാണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ

dot image

ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടി മോഹൻലാൽ-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബൻ്റെ ടീസർ. റിലീസ് ചെയ്ത് ഒരു മണിക്കൂറിനകം നാലര ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടത്. സാരിഗമയുടെ യൂട്യൂബ് ചാനലിലാണ് ടീസർ എത്തിയത്.

കണ്ടത് സത്യം കാണാനിരിക്കുന്നതോ...?; 'മോഹൻലാലിന്റെ അവതാരം' 'വാലിബൻ' വരുന്നു

1:30 മിനിറ്റുള്ള വീഡിയോയിൽ മോഹൻലാലിനെ മാത്രമാണ് സംവിധായകൻ പ്രേക്ഷകരിൽ എത്തിച്ചിരിക്കുന്നത്. ആവേശത്തിൻ്റെ കൊടുമുടി കയറ്റുന്ന 'സസ്പെൻസ്' ബാക്കി നിർത്തുകയാണ് ടീസർ. ഗൂസ്ബംപ്സ് നൽകിയെന്നും കാത്തിരിക്കുകയാണെന്നുമാണ് പ്രേക്ഷക പ്രതികരണങ്ങൾ. മോഹൻലാലിന്റെ ഗംഭീര തിരിച്ചുവരവ് സുനിശ്ചിതമാണെന്നും കമന്റുകൾ ഉണ്ട്.

ആരാധകരുടെ അഭിപ്രായം കേട്ടു; അക്ഷയ് കുമാറിന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് ആറ് മാസത്തിന് ശേഷം

ബിഗ് സ്ക്രീനിൽ വിസ്മയങ്ങൾ തീർത്തിട്ടുള്ള ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രമാണ് വാലിബൻ. രാജസ്ഥാൻ ആയിരുന്നു പ്രധാന ലൊക്കേഷൻ. 130 ദിവസത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം ജൂൺ രണ്ടാം വാരം ആണ് അവസാനിച്ചത്. ബംഗാളി നടി കഥ നന്ദി, സൊനാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠ രാജൻ, രാജീവ് പിള്ള, ഡാനിഷ് സെയ്ത്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ, മനോജ് മോസസ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഇവരെക്കൂടാതെ ഇന്ത്യയിലെ പ്രശസ്തരായ താരങ്ങളാണ് വാലിബനുവേണ്ടി അണിനിരക്കുന്നത് എന്നാണ് റിപ്പോർട്ട്. ജനുവരി 25ന് സിനിമ തിയേറ്ററുകളിൽ എത്തും.

പി എസ് റഫീക്കാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രത്തിൽ ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ലിജോയ്ക്കായി ക്യാമറ കൈകാര്യം ചെയ്യുകയാണ്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. റോണക്സ് സേവ്യർ ആണ് വസ്ത്രാലങ്കാരം.

ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബ'ന്റെ നിർമ്മാണ പങ്കാളികളാണ്.

dot image
To advertise here,contact us
dot image