എമ്മിയിൽ മികച്ച നടിയാകാൻ വീണ്ടും ഷെഫാലി ഷാ; ജിം സർഭയും വീർ ദാസും നോമിനേഷനിൽ

ഡൽഹി ക്രൈം 2 സീരീസിലെ പ്രകടനത്തിനാണ് ഷെഫാലി തിരഞ്ഞെടുക്കപ്പെട്ടത്

dot image

ഡൽഹി: ഈ വർഷത്തെ ഇന്റർനാഷണൽ എമ്മി പുരസ്കാരത്തിന് മുന്നോടിയായുള്ള നാമനിർദേശത്തിൽ ഇന്ത്യൻ താരങ്ങൾ. ഷെഫാലി ഷാ, ജിം സർഭ്, ഹാസ്യനടൻ വീർ ദാസ് എന്നിവരെയാണ് ഇന്ത്യയിൽ നിന്ന് നോമിനേറ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിൽ ശക്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ ഷെഫാലി ഷാ രണ്ടാം തവണയാണ് എമ്മി നോമിനേഷനിലെത്തുന്നത്. ഡൽഹി ക്രൈം 2 സീരീസിലെ പ്രകടനത്തിനാണ് നടി തിരഞ്ഞെടുക്കപ്പെട്ടത്.

ഡൽഹി ക്രൈം ഒരു പ്രത്യേക പ്രോജക്റ്റ് ആണെന്നും നാമനിർദ്ദേശം ചെയ്യപ്പെട്ടത് ഒരു വലിയ വിജയമായി കണക്കാക്കുന്നുവെന്നുമാണ് ഷെഫാലി നോമിനേഷൻ വാർത്ത പങ്കുവെച്ചുകൊണ്ട് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഡാനിഷ് സീരീസായ 'ഡ്രോമ്മെറ'ന് വേണ്ടി കോണി നീൽസൺ, ബ്രിട്ടീഷ് ഷോയായ 'ഐ ഹേറ്റ് സൂസി ടു'വിനു വേണ്ടി ബില്ലി പൈപ്പർ, മെക്സിക്കൻ സീരീസായ 'ലാ കൈഡയ്ക്ക്' വേണ്ടി കാർല സൂസ എന്നിവരാണ് മികച്ച നടി നോമിനേഷനിൽ ഷെഫാലിക്കൊപ്പം മത്സരിക്കുന്ന മറ്റ് താരങ്ങൾ.

ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വർത്തിക ചതുർവേദി എന്ന ഐഎഎസ് ഓഫീസറായാണ് ഷെഫാലി ഡൽഹി ക്രൈമിൽ വേഷമിട്ടത്. രാജ്യത്ത് തീ പടർത്തിയ ഡൽഹിയിലെ നിർഭയയുടെ കൂട്ടബലാത്സംഗവും കൊലപാതകവും തുടർന്നുള്ള അന്വേഷണവുമായി ബന്ധപ്പെട്ടതാണ് സീരീസ്. തുടർന്ന് മറ്റ് കൊലപാതകങ്ങളും കേസന്വേഷണവുമൊക്കെയായാണ് സീരീസ് മുൻപോട്ട് പോകുന്നത്.

സോണി ലൈവിലെ വെബ് സീരീസായ 'റോക്കറ്റ് ബോയ്സി'ലെ പ്രകടനത്തിന് മികച്ച നായകനുള്ള നോമിനേഷനിൽ ജിം സർഭ് തിരഞ്ഞെടുക്കപ്പെട്ടു. ഗുസ്താവോ ബസാനി, മാർട്ടിൻ ഫ്രീമാൻ, ജോനാസ് കാൾസൺ എന്നിവരാണ് നോമിനേഷനിലുള്ള മറ്റ് താരങ്ങൾ. രണ്ടാം തവണയാണ് സ്റ്റാൻഡ് അപ്പ് കൊമേഡിയനായ വീർ ദാസ് എമ്മി നാമനിർദേശത്തിലെത്തുന്നത്. നെറ്റ്ഫ്ലിക്സിലെ 'വീർ ദാസ് ലാൻഡിങ്' എന്ന പ്രത്യേക പരിപാടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അതേസമയം, നവംബർ 20ന് ന്യൂയോർക്കിൽ നടക്കുന്ന എമ്മി അവാർഡ്സിൽ ഏക്ത കപൂറിനെ ഡയറക്ടറേറ്റ് അവാർഡ് നൽകി ആദരിക്കും. ഈ വർഷത്തെ ഇന്റർനാഷണൽ എമ്മി അവാർഡ് ജൂറി അംഗങ്ങളിൽ ഒരാളായി നടി രാധികാ മദനും ഇടംപിടിച്ചിട്ടുണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us