
ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾക്കിടയിൽ രാജമൗലിയെ ചർച്ചാവിഷയമാക്കിയ സിനിമയാണ് 'ആർആർആർ'. ജൂനിയർ എൻടിആറും രാം ചരണും പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് രണ്ടാം ഭാഗമൊരുങ്ങുന്നതായി രാജമൗലി പറഞ്ഞിരുന്നു. ഇത് സ്ഥിരീകരിക്കുകയാണ് തിരക്കഥാകൃത്തും രാജമൗലിയുടെ പിതാവുമായ വിജയേന്ദ്ര പ്രസാദ്.
വിജയേന്ദ്ര പ്രസാദ് എഴുത്ത് ആരംഭിച്ചുവെന്നാണ് രാജമൗലി നേരത്തെ പറഞ്ഞത്. 'ആർആർആർ 2' ഉണ്ടാകുമെന്നും ജൂനിയർ എൻടിആറും രാം ചരണും സിനിമയുടെ ഭാഗമാകുമെന്നും വിജയേന്ദ്ര പ്രസാദ് ഉറപ്പു പറഞ്ഞു. അതേസമയം ആദ്യഭാഗത്തിന്റെ തുടർച്ചയാകില്ല പുതിയ ചിത്രം. ആർആർആർ 2ന്റെ സംവിധാനം രാജമൗലിയോ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മറ്റൊരാളോ നിർവഹിക്കുമെന്നാണ് വിജയേന്ദ്ര പ്രസാദ് പറയുന്നത്. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർആർആർ2-ലൂടെ രാജമൗലിയുടെ മകൻ കാർത്തികേയ സംവിധാന അരങ്ങേറ്റം നടത്തുമെന്നാണ് റിപ്പോർട്ട്. ആദ്യ ഭാഗത്തിൽ സംവിധാന സഹായിയായി അദ്ദേഹം പ്രവർത്തിച്ചിരുന്നു. കാർത്തികേയ സംവിധാനം ഏറ്റെടുത്തില്ലെങ്കിൽ അയൻ മുഖർജി സംവിധായകനാകുമെന്നും റിപ്പോർട്ട് ഉണ്ട്. അയൻ മുഖർജിയുടെ സംവിധാന മികവിനെ രാജമൗലി മുമ്പ് പ്രശംസിച്ചത് കണക്കിലെടുത്താണ് അദ്ദേഹത്തിന്റെ പേര് ചർച്ചകളിൽ നിറയുന്നത്. അതേസമയം സംവിധാന അരങ്ങേറ്റത്തിന് കാത്തിരിക്കുന്ന കാർത്തികേയയ്ക്ക് ആർആർആർ2 മികച്ച തുടക്കമാകുമെന്ന് വിലയിരുത്തുകയാണ് രാജമൗലി ആരാധകർ.