'56 ഇഞ്ചിൻ്റെ നെഞ്ചളവ് ഇനിയില്ല'; മോദി ഇഫക്ടിന് ഇനി വേലിയിറക്കം

ഭരണം നേടിയില്ലെങ്കിലും മോദിയെന്ന അമാനുഷിക നിർമിതിയെ ദുര്‍ബലമാക്കിയാണ് ഇത്തവണ പ്രതിപക്ഷം പാര്‍ലമെന്റിലേയ്ക്ക് എത്തുന്നത്.
'56 ഇഞ്ചിൻ്റെ നെഞ്ചളവ് ഇനിയില്ല'; മോദി ഇഫക്ടിന് ഇനി വേലിയിറക്കം

543 ലോക് സഭാമണ്ഡലങ്ങളാണ് രാജ്യത്തുള്ളത്. ഇതില്‍ 179 മണ്ഡലങ്ങളിലും നേരിട്ട് ചെന്ന് പ്രചാരണം നടത്താന്‍ ഒരു പ്രധാനമന്ത്രിക്ക് കഴിയുമോ, എന്നാല്‍ നരേന്ദ്ര മോദിക്ക് കഴിയും. തന്റെ ആവനാഴിയിലെ അവസാനത്തെ അമ്പും എടുത്ത് പ്രയോഗിച്ച്, തെരഞ്ഞെടുപ്പിനെ നേരിട്ട നരേന്ദ്രമോദി 2024 ന് വേണ്ടി പയറ്റാത്ത തന്ത്രങ്ങളില്ല, കെട്ടാത്ത വേഷങ്ങളില്ല.

മാധ്യമങ്ങളെ കാണാന്‍ വിമുഖതയുണ്ടായിരുന്ന നരേന്ദ്ര മോദി ഈ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം 74 അഭിമുഖങ്ങളാണ് വിവിധ മാധ്യമങ്ങള്‍ക്കായി നല്‍കിയത്. നൂറുകണക്കിന് റോഡ് ഷോകളടക്കം വ്യത്യസ്ത സംസ്ഥാനങ്ങളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നടന്ന വിവിധങ്ങളായ പ്രചാരണ പരിപാടികള്‍. അയോധ്യയിലെ ഭൂമിപൂജ മുതല്‍ കന്യാകുമാരിയിലെ ധ്യാനം വരെ നീളുന്ന എണ്ണമറ്റ രാഷ്ട്രീയ നീക്കങ്ങള്‍. നരേന്ദ്ര മോദി എന്ന പ്രധാനമന്ത്രി ഈ തെരഞ്ഞെടുപ്പ് കാലത്ത് വിശ്രമിച്ചിട്ടേയില്ല. എന്നിട്ട്, സംഭവിച്ചതോ, അധികാരത്തിലേറിയ കാലം മുതല്‍ സര്‍ക്കാര്‍ രൂപീകരിക്കാനായി ഒരിക്കലും മറ്റൊരു പാര്‍ട്ടിയെ ആശ്രയിക്കേണ്ടി വന്നിട്ടില്ലാത്ത മോദിക്ക് ഇന്നിതാ സര്‍ക്കാറുണ്ടാക്കാന്‍ ടിഡിപിയെയും ജെഡിയുവിനെയും ആശ്രയിക്കേണ്ടി വന്നിരിക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മോദിപ്രഭാവത്തിന് മങ്ങലേറ്റിരിക്കുന്നു.

എതിരാളികളില്ലാത്ത അതിശക്തനായ നേതാവ് എന്നതായിരുന്നു 2019ലെ തിരഞ്ഞെടുപ്പിന് ശേഷം മോദി സ്വയം സൃഷ്ടിച്ചെടുക്കാന്‍ ശ്രമിച്ച പ്രതിച്ഛായ. 303 സീറ്റോടെ ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം നേടി ബിജെപി തുടര്‍ഭരണത്തിലെത്തിയതോടെ ബിജെപിക്കുള്ളിലും അതിശക്തനായി മോദി മാറിയിരുന്നു. രണ്ടാമൂഴത്തില്‍ പാര്‍ട്ടിയിലും ഭരണത്തിലും അവസാനവാക്ക് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വം ശ്രമിച്ചിരുന്നു. ലോകനേതാക്കളുമായുള്ള ചങ്ങാത്തത്തെ അടക്കം ഇത്തരം പ്രതിച്ഛായകള്‍ സൃഷ്ടിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ വിവരണങ്ങളാക്കി മോദി മാറ്റിയിരുന്നു. രണ്ടാമതും അധികാരത്തിലെത്തിയതോടെ രാഷ്ട്രീയ ഹിന്ദുത്വയുടെ രക്ഷാധികാരിയെന്ന പ്രതീതി സൃഷ്ടിക്കാനുള്ള നീക്കങ്ങളും നരേന്ദ്ര മോദിയുടെ ഭാഗത്തു നിന്നുണ്ടായി. ജമ്മുകാശ്മീരിന്റെ പ്രത്യേക അവകാശം റദ്ദാക്കല്‍, മുത്തലാഖ് നിരോധന നിയമം, പൗരത്വ ഭേദഗതി, എന്‍ആര്‍സി നടപ്പിലാക്കല്‍ തുടങ്ങി രാഷ്ട്രീയ ഹിന്ദുത്വയുടെ ആശയപരമായ നിലപാടുകളെ നിയമമാക്കി മാറ്റാന്‍ രണ്ടാം മോദി സര്‍ക്കാരിന് സാധിച്ചിരുന്നു. ഇത്തരം നീക്കങ്ങളെയെല്ലാം നാടകീയമായ നിലയില്‍ അവതരിപ്പിക്കാനും അതെല്ലാം അതിശക്തനെന്ന സ്വന്തം പ്രതിച്ഛായയെ പാര്‍ട്ടിക്കുള്ളിലും രാഷ്ട്രീയ ഹിന്ദുത്വയുടെ അനുഭാവികള്‍ക്കിടയിലും അരക്കിട്ട് ഉറപ്പിക്കാനും നരേന്ദ്ര മോദി ശ്രമിച്ചിരുന്നു. ഏകീകൃത സിവില്‍ കോഡ്, ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് തുടങ്ങിയ അജണ്ടകള്‍ മൂന്നാമൂഴത്തില്‍ നടപ്പിലാക്കുമെന്ന പ്രതീതിയും രണ്ടാം ടേമിന്റെ അവസാനഘട്ടത്തില്‍ നരേന്ദ്ര മോദി സൃഷ്ടിച്ചിരുന്നു.

ബിജെപി 1980കളുടെ അവസാന കാലത്ത് ഏറ്റെടുത്ത രാമക്ഷേത്ര അജണ്ടയുടെ പൂര്‍ത്തീകരണമായാണ് സംഘപരിവാര്‍ അനുഭാവികള്‍ രാമക്ഷേത്രത്തിന്റെ നിര്‍മ്മിതിയെയും പ്രതിഷ്ഠാ ചടങ്ങുകളെയും കണ്ടത്. മൂന്നാം ഊഴത്തിന് വഴിയൊരുക്കാനുള്ള രാഷ്ട്രീയ അജണ്ടയായി രാമക്ഷേത്രത്തെ മോദി ബോധപൂര്‍വ്വം സ്ഥാപിച്ചെടുത്തു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തിലും പ്രാണപ്രതിഷ്ഠാ ചടങ്ങിലും പങ്കെടുത്ത് ഹിന്ദുവിഭാഗത്തിന്റെ പുരോഹിത്യ ബിംബമായി സ്വയം പ്രതിഷ്ഠിക്കുന്ന സമീപനമാണ് മോദി സ്വീകരിച്ചത്. പുതിയ പാര്‍ലമെന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പാര്‍ലമെന്റിനുള്ളില്‍ ചെങ്കോല്‍ സ്ഥാപിച്ച മോദിയുടെ നടപടി ഒരു ജനാധിപത്യ ഭരണാധികാരിക്ക് ഭൂഷണമായിരുന്നില്ലെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ചക്രവര്‍ത്തിയെയും സിംഹാസനത്തെയും അധികാരത്തിന്റെ ചെങ്കോലിനെയുമെല്ലാം അനുസ്മരിപ്പിച്ചതിലൂടെ അനിഷേധ്യനായ ചക്രവര്‍ത്തിയെന്ന പ്രതീതിയാണ് നരേന്ദ്ര മോദി സൃഷ്ടിച്ചതെന്നും കുറ്റപ്പെടുത്തലുകളുണ്ടായി. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെയൊന്നും കൂസാതെ ഉരുക്കിന്റെ കരുത്തുള്ള ഭരണാധികാരി എന്ന പ്രതിച്ഛായയാണ് ഇടംവലം തിരിയുമ്പോഴെല്ലാം മോദി സൃഷ്ടിക്കാന്‍ ശ്രമിച്ചത്.

ഇതിനിടയില്‍ ഭരണഘടനാ സ്ഥാപനങ്ങളെയും അന്വേഷണ ഏജന്‍സികളെയും ചൊല്‍പ്പടിക്ക് നിര്‍ത്തുന്നതായുള്ള ആക്ഷേപങ്ങളും മോദിക്കെതിരെ ഉയര്‍ന്നു. മുഖ്യമന്ത്രിമാരായ രണ്ട് പ്രതിപക്ഷ നേതാക്കള്‍ രണ്ടാം മോദിക്കാലത്ത് അഴിക്കുള്ളിലായി. ബിജെപിക്ക് സ്വന്തം നിലയില്‍ സ്വാധീനമില്ലാതിരുന്ന സംസ്ഥാനങ്ങളിലെ അഴിമതി ആരോപണ വിധേയരായ നിരവധി പ്രതിപക്ഷ നേതാക്കള്‍ ബിജെപി പാളയത്തിലെത്തുകയും അവര്‍ ബിജെപിയുടെ വക്താക്കളായി മാറുകയും അവരുടെ കേസുകള്‍ അവസാനിക്കുകയും ചെയ്തത് നമ്മള്‍ കണ്ടതാണ്. ഗുജറാത്ത് കലാപത്തില്‍ മോദിയുടെ പങ്കിനെക്കുറിച്ച് ഡോക്യുമെന്ററി ചെയ്ത ബിബിസിക്കെതിരെ പോലും അന്വേഷണ ഏജന്‍സികള്‍ നടപടി സ്വീകരിച്ചിരുന്നു. ഒടുവില്‍ ബിബിസി ഇന്ത്യയില്‍ നിന്നും കെട്ടുകെട്ടുകയും ചെയ്തു. പ്രതിപക്ഷ ശബ്ദമായി മാറിയ മാധ്യമപ്രവര്‍ത്തകരെയും അന്വേഷണ ഏജന്‍സികള്‍ നിശബ്ദരാക്കാന്‍ ശ്രമിച്ചിരുന്നു. സംഘപരിവാറിന്റെ ഹിന്ദുത്വയ്ക്കും ഭരണകൂടത്തിനും എതിരെ വിമര്‍ശനമുന്നയിച്ച നിരവധി സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകരും ജയിലിലായതും രണ്ടാം മോദി കാലത്തെ സവിശേഷതയായിരുന്നു. രാഷ്ട്രീയ എതിരാളികളായ രാഹുല്‍ ഗാന്ധിയുടെയും മഹ്‌വ മൊയ്ത്രയുടെയും പാര്‍ലമെന്റ് അംഗത്വം ഇല്ലാതാക്കുന്ന സാഹചര്യം രാജ്യത്തുണ്ടായി. ഈ നിലയില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ സൃഷ്ടി-സ്ഥിതി-സംഹാരത്തിന് ശേഷിയുള്ള ഉഗ്രമൂര്‍ത്തിയായി അവതരിപ്പിക്കപ്പെട്ട മോദിയാണ് മൂന്നാംമൂഴം തേടി തിരഞ്ഞെടുപ്പിനെ നേരിട്ടത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ തന്നെ ബിജെപിക്ക് സ്വന്തം നിലയില്‍ 370 സീറ്റുകളും എന്‍ഡിഎയ്ക്ക് 400 സീറ്റും എന്ന പ്രഖ്യാപനമാണ് മോദി നടത്തിയത്. ബിജെപി അപരാജിതരാണ്, താന്‍ അപരാജിതരായ രാഷ്ട്രീയ മുന്നേറ്റത്തിൽ അനിഷേധ്യനായ നേതാവാണ് എന്ന പ്രതീതിയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മോദി സ്വീകരിച്ചത്. രാജ്യം അഭിമുഖീകരിക്കുന്ന അടിസ്ഥാന വിഷയങ്ങളെയെല്ലാം തമസ്‌കരിച്ച് അത്തരം ചര്‍ച്ചകള്‍ക്ക് പകരം വിദ്വേഷ അജണ്ടകള്‍ മുന്നോട്ട് വെയ്ക്കുന്നതായിരുന്നു മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ തന്ത്രം. രാമക്ഷേത്രത്തെ മുന്‍നിര്‍ത്തി രാജ്യത്ത് രണ്ട് പക്ഷത്തെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ മോദി തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ നടത്തിയ പ്രസംഗങ്ങള്‍ക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നു. മുസ്ലിം-ഹിന്ദു വേര്‍തിരിവിന്റെ ദുസ്സൂചനകള്‍ മുഴച്ച് നിന്ന് മോദിയുടെ തിരഞ്ഞെടുപ്പ് പ്രസംഗങ്ങളും വിവാദമായിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടം പിന്നിട്ടതോടെ കാര്യങ്ങള്‍ അത്ര പന്തിയല്ലെന്ന് ഭരണാനുകൂല സ്വഭാവമുള്ള മാധ്യമങ്ങള്‍ പോലും പറയുന്ന സാഹചര്യം ഉണ്ടായി. അപ്പോഴും മോദി പ്രതിച്ഛായ ബിജെപിയെ രക്ഷിക്കുമെന്നായിരുന്നു വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ കാല്‍ച്ചുവട്ടിലെ മണ്ണൊലിച്ച് പോകുന്നത് മോദി തിരിച്ചറിഞ്ഞു എന്ന് വേണം അനുമാനിക്കാന്‍. രാജ്യത്തെ മുക്കിലും മൂലയിലും മോദി ഓടിയെത്തി. എല്ലായിടത്തും മോദിക്ക് വേണ്ടി വോട്ട് ചോദിച്ചു. രാജ്യത്തെ 179 മണ്ഡലങ്ങളിലാണ് നരേന്ദ്രമോദി ഈ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിനെത്തിയത്. എല്ലാ മണ്ഡലങ്ങളിലും മത്സരിക്കുന്നത് മോദിയാണെന്നും മോദിക്ക് വേണ്ടി വോട്ട് ചെയ്യണമെന്നുമുള്ള വിവരണമായിരുന്നു ഈ പൊതുയോഗങ്ങളുടെയെല്ലാം അന്തസത്ത. എത്തുന്ന സ്ഥലത്തിന്റെ പ്രത്യേകതയനുസരിച്ച് പ്രതിപക്ഷത്തെയും പ്രതിപക്ഷ നേതാക്കളെയും പരിഹസിക്കാനും വിമര്‍ശിക്കാനും മോദിക്ക് പരിധികളൊന്നും ഉണ്ടായിരുന്നില്ല.

പ്രധാനമന്ത്രിയായതിന് ശേഷം മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ മടികാണിച്ച മോദി തിരഞ്ഞെടുപ്പ് കാലത്ത് പ്രാദേശിക മാധ്യമങ്ങള്‍ക്ക് അടക്കം 72ഓളം മാധ്യമങ്ങള്‍ക്കാണ് അഭിമുഖം നല്‍കിയത്. തിരഞ്ഞെടുപ്പ് വേദിയിലെ വിദ്വേഷ നിലപാടുകള്‍ പലതും വളച്ചൊടിച്ച് വ്യാഖ്യാനിക്കാനും നിഷേധിക്കാനും മറ്റൊരു വിവരണം സൃഷ്ടിക്കാനും ഈ അഭിമുഖങ്ങളില്‍ മോദി ശ്രമിച്ചു. ഏറ്റവും ഒടുവില്‍ അവസാനഘട്ട തിരഞ്ഞെടുപ്പ് നടന്ന ദിവസം കന്യാകുമാരിയില്‍ ധ്യാനത്തിനിരുന്ന ആത്മീയതയുടെ രാഷ്ട്രീയ ആവരണം അണിഞ്ഞുള്ള 'മോദിഷോ'യും രാജ്യം തത്സമയം കണ്ടു.

എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ രണ്ടാം ടേമിലൂടെ സൃഷ്ടിച്ചെടുത്ത മോദിയുടെ വീരപരിവേഷമെല്ലാം ഒരു നിമിഷം കൊണ്ട് ഇല്ലാതായി. സ്വന്തം നിലയില്‍ ബിജെപിക്ക് കേവലഭൂരിപക്ഷം നേടിയെടുക്കാന്‍ പോലും മോദിക്ക് കഴിഞ്ഞില്ല. വാരാണസിയിലെ മോദിയുടെ ഭൂരിപക്ഷം ഒന്നര ലക്ഷത്തിലേയ്ക്ക് ഇടിഞ്ഞു. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തില്‍ എതിര്‍സ്ഥാനാര്‍ത്ഥി അജയ് റായ് മോദിയെ പിന്നിലാക്കുക കൂടി ചെയ്തിരുന്നു. രാജ്യത്തെ അതിശക്തനായ നേതാവെന്ന നിലയില്‍ നിന്ന് രാജ്യത്തെ ഏറ്റവും ദുര്‍ബലനായ നേതാവ് എന്ന നിലയിലേയ്ക്ക് നരേന്ദ്ര മോദിയെ പരിണമിപ്പിച്ച ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയാണ് കഴിഞ്ഞ ദിവസം രാജ്യത്ത് പൂര്‍ത്തിയായത്.

രണ്ട് ടേമിലേത് പോലെ സര്‍വ്വാധികാരിയുടെ ഗര്‍വ്വോടെ നരേന്ദ്ര മോദിക്ക് മൂന്നാം ടേമില്‍ മുന്നോട്ടു പോകാനാവില്ല. സ്വന്തം നേതാക്കളെ പരിഗണിക്കുന്നതിനെക്കാള്‍ കരുതലോടെയും ബഹുമാനത്തോടെയും നിതീഷ് കുമാറിനെയും ചന്ദ്രബാബു നായിഡുവിനെയും പരിഗണിക്കാതിരിക്കാന്‍ ഇനി മോദിക്കാവില്ല. കഴിഞ്ഞ രണ്ട് ടേമിലും സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ നിഴലില്‍ നിര്‍ത്തിയത് പോലെ ഇനി മുന്നോട്ടു പോകാന്‍ മോദിക്കാവില്ല. മോദി ഷോയും മോദി ഗിമ്മിക്കുകളും കൂടിയാണ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ അവസാനിച്ചിരിക്കുന്നത്. ഇനി പാര്‍ലമെന്റില്‍ പ്രതിപക്ഷത്തെ പരിഹസിക്കാനും നാണം കെടുത്താനും മോദിക്ക് സാധിക്കില്ല. ഭരണം നേടിയില്ലെങ്കിലും മോദിയെന്ന അമാനുഷിക ബിംബത്തെ പപ്പടം പോലെ പൊടിച്ച് ദുര്‍ബലമാക്കിയാണ് ഇത്തവണം പ്രതിപക്ഷം പാര്‍ലമെന്റിലേയ്ക്ക് എത്തുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com