പ്രതിപക്ഷ പോരാട്ടങ്ങളുടെ രാഷ്ട്രീയ മമത

മൂന്ന് തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായ വിജയമാണ് സംസ്ഥാനത്ത് അവകാശപ്പെട്ടത്.
പ്രതിപക്ഷ പോരാട്ടങ്ങളുടെ രാഷ്ട്രീയ മമത

ദേശീയതലത്തില്‍ ബിജെപിയെ വെല്ലുവിളിച്ച ഇന്‍ഡ്യാ സഖ്യത്തിന്റെ മുന്നേറ്റത്തില്‍ വംഗനാട്ടിലെ മായാജാലക്കാരിയുടെ രാഷ്ട്രീയ കയ്യടക്കത്തിൻ്റെ കരുത്തുകൂടിയുണ്ട്. പശ്ചിമ ബംഗാളില്‍ നിഷ്പ്രയാസം കടന്നുകയറാമെന്നു വിചാരിച്ച ബിജെപിയോട് 'ഈ നിലം' നിങ്ങള്‍ക്ക് അകലെയാണെന്ന് പറഞ്ഞ് ഒരിക്കല്‍ കൂടി അകറ്റി നിര്‍ത്തിയിരിക്കുകയാണ് മമതാ ബാനര്‍ജിയും പശ്ചിമ ബംഗാളിലെ ജനതയും. 42 ലോക്‌സഭാ സീറ്റില്‍ 29 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് വെന്നിക്കൊടി പാറിച്ചപ്പോള്‍ മമത ഒരു ചെറിയ മീനല്ലെന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ടി വരികയാണ് ബിജെപിക്കും ഇന്‍ഡ്യാ സഖ്യത്തിനും.

മൂന്ന് തവണ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബംഗാളില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകപക്ഷീയമായ വിജയമാണ് സംസ്ഥാനത്ത് അവകാശപ്പെട്ടത്. സന്ദേശ്ഖലിയും നിയമന അഴിമതി ആരോപണവും അടക്കമുള്ള വിഷയങ്ങള്‍ ആവര്‍ത്തിച്ചുയര്‍ത്തി മമതക്കെതിരെ ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാന്‍ ബിജെപി ശ്രമിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ മോദി ഗ്യാരണ്ടി അടക്കമുള്ള ഇത്തരം വിഷയങ്ങളാണെങ്കില്‍ കടുത്ത വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തി ഭിന്നിപ്പുണ്ടാക്കാനായിരുന്നു അടുത്ത ഘട്ട പ്രചാരണത്തില്‍ ബിജെപി ശ്രമിച്ചത്. രാമനവമി ആഘോഷം ഇല്ലാതാക്കാന്‍ മമത ശ്രമിച്ചു, പൗരത്വ ഭേദഗതി വിഷയം, ഹിന്ദു സന്ന്യാസിമാരെ മമത ഉപദ്രവിക്കുന്നു എന്നടതക്കം തികച്ചും വിഭാഗീയത ഇളക്കിവിടുന്ന അജണ്ടകൾ മുന്നോട്ടുവെയ്ക്കാനായിരുന്നു മോദി ശ്രമിച്ചത്. എന്നാല്‍ മമതയുടെ നേതൃപാടവത്തിലും വ്യക്തിപ്രഭാവത്തിലും ഹൈന്ദവവോട്ടുകളെ തങ്ങള്‍ക്ക് അനുകൂലമായി തിരിക്കാന്‍ ബിജെപിയുടെ ധ്രൂവീകരണപദ്ധതികൾക്ക് കഴിഞ്ഞിട്ടില്ല.

സംഘടന ശക്തിപ്പെടുത്തുന്നതിലും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിലും അടക്കം അതീവ സൂക്ഷ്മത പാലിച്ചായിരുന്നു മമത നീങ്ങിയത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പ്രബലന്മാരായ സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ചതുംരഗത്തിലെ കരുനീക്കങ്ങളുടെ സൂഷ്മതയോടെയാണ് മമത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത്. കൂച്ച് ബെഹാറില്‍ കേന്ദ്ര സഹമന്ത്രി നിസിത് പ്രമാണിക്, മുതിര്‍ന്ന ബിജെപി നേതാവ് ലോകേത് ചാറ്റര്‍ജി, കോണ്‍ഗ്രസ് നേതാവ് അധിര്‍രജ്ഞന്‍ ചൗധരി എന്നിവര്‍ക്കെതിരെ എംഎല്‍എയായിരുന്ന ജഗദീഷ് ചന്ദ്ര ബര്‍മ ബസൂനിയ, ബംഗാളി നടി രചന ബാനര്‍ജി, യൂസുഫ് പത്താന്‍ തുടങ്ങിയ പുതുമുഖങ്ങളെ മത്സരിപ്പിക്കുകയായിരുന്നു. ഇവരെയെല്ലാം വിജയിപ്പിക്കാനായെന്ന് മാത്രമല്ല, അധിര്‍രജ്ഞന്‍ ചൗധരിയെന്ന കോണ്‍ഗ്രസ് പ്രബലൻ്റെ സ്വാധീനത്തിനേറ്റ തിരിച്ചടി കൂടിയായി ബെഹാരംപൂരിലെ മമതയുടെ കരുനീക്കം മാറി.

ഒരു സീറ്റില്‍ നിന്നും 19ലേക്ക് കുതിച്ച 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനും 2014 ല്‍ പ്രധാനമന്ത്രി ആദ്യമായി അധികാരത്തിലെത്തിയ 2014 ലെ തിരഞ്ഞെടുപ്പിലും ബംഗാളിന്റെ കോട്ട കാക്കാന്‍ മമതയ്ക്കും തൃണമൂലിനും കഴിഞ്ഞിരുന്നു. എന്നാല്‍ അന്ന് മുതലിങ്ങോട്ട് മമതാ ബാനര്‍ജിക്ക് കനത്ത പ്രതിരോധമാണ് ബിജെപി തീര്‍ത്തത്. സ്‌കൂളുകളിലെയും മുനിസിപ്പല്‍ സ്ഥാപനങ്ങളിലെയും റിക്രൂട്ട്മെന്റ്, റേഷന്‍ വിതരണം, കല്‍ക്കരി അടക്കം തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അഴിമതി ആരോപണങ്ങളിൽ മുങ്ങിക്കുളിച്ചിരിക്കെ മമതയുടെ ഓരോ നേതാക്കളെയായി ബിജെപി ജയിലില്‍ അടച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വസതികളിലും ഓഫീസുകളിലും റെയ്ഡുകള്‍ നടത്തുകയും അവരെ ചോദ്യം ചെയ്യുകയും ചെയ്തതു. അതിനിടെയാണ് സന്ദേശ്ഖാലിയിലേക്ക് ശ്രദ്ധമാറിയത്. പ്രശ്‌നത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഷാജഹാന്‍ ഷെയിഖിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതൊക്കെയും കൊടുങ്കാറ്റായി മാറിയെങ്കിലും സന്ദേശ് ഖലി ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ ബിജെപിക്ക് കാലിടറുകയായിരുന്നു. ഇതിനെ പുറമെ ചോദ്യത്തിന് കോഴ ആരോപണത്തില്‍ പാര്‍ലമെന്റ് പുറത്താക്കിയ മഹുവ മൊയിത്രയെയെ ജനവിധിയിലൂടെ തിരിച്ച് പാര്‍ലമെന്റിലേക്ക് എത്തിക്കാന്‍ മമതയ്ക്ക് സാധിച്ചതെന്നും എന്‍ഡിഎക്ക് കനത്ത തിരിച്ചടിയാണ്.

ഒറ്റയ്ക്ക് നിന്ന് ബിജെപിയെ വെല്ലുവിളിച്ച് വംഗനാട്ടിൽ മലർത്തിയടിച്ചാണ് മമത ഇൻഡ്യ മുന്നണിയുടെ കൂടിയാലോചനകളിലേയ്ക്ക് എത്തുന്നത്. മമതയെ പരിഗണിക്കാതെ ഇൻഡ്യ മുന്നണിക്ക് ഒരടി മുന്നോട്ടു പോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പഴയ ചങ്ങാതിമാരെ അടർത്തിയെടുത്താൽ അത് സഖ്യസർക്കാരിന് കൂടുതൽ കരുത്താകുമെന്ന് എൻഡിഎ തീരുമാനിച്ചാൽ മമതയുടെ തീരുമാനം വീണ്ടും ഇന്ത്യൻ രാഷ്ട്രീയത്തിൽ നിർണ്ണായകമാകും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com