പ്രമോഷന്‍ വേണ്ട സമാധാനം മതി; യുവാക്കള്‍ക്കിടയില്‍ ട്രെന്‍ഡ് മാറുന്നു

കരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും.

dot image

മികച്ച ജോലി, സ്ഥാനക്കയറ്റം, ധനസമ്പാദനം, ആഡംബര കാര്‍, വീട് തുടങ്ങിയവയായിരുന്നു ഭൂരിഭാഗം പേരുടെയും ജീവിതവിജയത്തിന്റെ നിര്‍വചനം. കോര്‍പറേറ്റ് ലോകത്ത് നിന്ന് നോക്കുമ്പോള്‍ അതുമാത്രമായിരുന്നു വിജയവും. എന്നാല്‍ പ്രൊഫണല്‍ അംഗീകാരങ്ങള്‍ക്ക് മുകളില്‍ സ്വന്തം ജീവിതത്തിന്റെ മൂല്യം തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുകയാണ് യുവത്വം. കരിയറിലെ ഉയര്‍ച്ചക്കുമേല്‍ തങ്ങളുടെ ആരോഗ്യത്തിനും സന്തോഷത്തിനും മുന്‍തൂക്കം നല്‍കുന്നവരാണ് ഇന്ന് കൂടുതലും.

അതിനനുസരിച്ച് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ തൊഴിലിടങ്ങളും നിര്‍ബന്ധിതമായിത്തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം സിസ്‌കോ നടത്തിയ സര്‍വേയാണ് ഇത് സംബന്ധിച്ച് ദീര്‍ഘദര്‍ശിയായ ഒരു ഉള്‍ക്കാഴ്ച നല്‍കിയത്. 3800 സ്ഥാപനങ്ങളില്‍ നടത്തിയ സര്‍വേയില്‍ 81 ശതമാനത്തോളം പേരും ജോലിക്കാര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ തങ്ങളുടെ തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരാണെന്ന് കണ്ടെത്തി. കൂടുതല്‍ അവധി ദിനങ്ങള്‍, ഓഫിസ് ബോണസ്സുകള്‍, ഹൈബ്രിഡ് റോളുകള്‍, ശമ്പള വര്‍ധനവ് തുടങ്ങി ജീവനക്കാരുടെ പ്രീതി പിടിച്ചുപറ്റുന്ന തരത്തിലേക്ക് തൊഴില്‍ അന്തരീക്ഷം മാറ്റുകയാണ് പലരും.

മാറ്റത്തിന് ഇതാണ് കാരണം

ഹോബികള്‍, കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുക, സെല്‍ഫ് കെയര്‍ തുടങ്ങിയ കാര്യങ്ങള്‍ക്ക് സമയം കണ്ടെത്തുന്നതിനായി ആളുകള്‍ സ്വയം വര്‍ക്ക് ലൈഫ് ബാലന്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതിലേക്ക് എത്തിത്തുടങ്ങി. ടാര്‍ഗെറ്റുകള്‍ കൂട്ടിമുട്ടിക്കുന്നതും ഇഎംഐ അടച്ചുതീര്‍ക്കുന്നതും മാത്രമല്ല ജീവിതമെന്ന് സ്വയം തിരിച്ചറിഞ്ഞു. ഇതിന്റെ ഫലമായി പ്രമൊഷനേക്കാള്‍ സമാധനത്തിന് അവര്‍ മുന്‍തൂക്കം നല്‍കിത്തുടങ്ങി.

സമ്മര്‍ദം കുറവുള്ള ജോലികളാണ് ഇന്ന് പലരും തിരഞ്ഞെടുക്കുന്നത്. സ്ഥിരതയും സമ്മര്‍ദം കുറവും ഉള്ള ജോലിയാണെങ്കില്‍ ശമ്പളം അല്‍പം കുറഞ്ഞാലെന്താ മനസമാധാനത്തോടെ ജീവിക്കാമല്ലോ എന്നതാണ് എല്ലാവരുടെയും രീതി. അതുപോലെ ശമ്പളം കുറഞ്ഞാലും സംതൃപ്തി നല്‍കുന്ന ജോലിയാണ് ഏവര്‍ക്കും വേണ്ടത്.

മറ്റുള്ളവര്‍ക്ക് കീഴില്‍ ഡെഡ്‌ലൈനോട് മത്സരിച്ച് ജോലി ചെയ്ത് വഴക്കുവാങ്ങി ജീവിതം തീര്‍ക്കുന്നതിനേക്കാള്‍ സ്വന്തമായി ആരംഭിക്കുന്ന സംരഭത്തില്‍ മുതലാളിയും തൊഴിലാളിയുമാകാന്‍ മടിക്കാത്തവരാണ് ഇന്നത്തെ തലമുറ.മാസശമ്പളം നല്‍കുന്ന സുരക്ഷിതത്വത്തിന് അപ്പുറത്ത് വെല്ലുവിളികളെ ഏറ്റെടുക്കാന്‍ അവര്‍ക്ക് മടിയില്ല.

യാത്രക്കും മറ്റുമായി സമയം കണ്ടെത്താനായി റിമോട്ട് ജോലി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ് കൂടുതലും. ഇത് ജോലി സമ്മര്‍ദം കുറയ്ക്കുകയും ചെയ്യും. മറ്റെന്തിങ്കിലും പഠിക്കണമെങ്കില്‍ അതും ആകാം. കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ ധാരാളം സമയവും ലഭിക്കും.

കോവിഡിന്റെ വരവോടെയാണ് പലരും സ്വന്തം പാഷനെ ചേര്‍ത്തുപിടിക്കാന്‍ തുടങ്ങിയത്. അത് നല്‍കുന്ന സന്തോഷം അതിന്റെ പൂര്‍ണ അര്‍ഥത്തില്‍ തിരിച്ചറിഞ്ഞതും അപ്പോള്‍ മുതലാണ്. പണത്തിന് വേണ്ടി മാത്രമല്ല നാം ജോലി ചെയ്യേണ്ടതെന്ന് ചിലരെങ്കിലും തിരിച്ചറിഞ്ഞു.

ഇത് പണം കൊടുത്ത് വാങ്ങാനാകില്ല

മാനിസകാപരോഗ്യം മെച്ചപ്പെടും. ശാരീരികാരോഗ്യവും. ബന്ധങ്ങള്‍ സുദൃഢമാകും. ജോലി-ജീവിതം ഒന്നിച്ചുകൊണ്ടുപോകുന്നതിലൂടെ സംതൃപ്തി കണ്ടെത്താനാകും. ജീവിതം കുറേക്കൂടി ഫ്‌ളെക്‌സിബിളും സന്തോഷം നിറഞ്ഞതുമാകും. സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കും.

അതായത് ശമ്പള വര്‍ധനവോ, സ്റ്റാറ്റസോ മാത്രമല്ല ഇനി ജീവിതവിജയത്തെ നിര്‍ണയിക്കുക എന്ന് സാരം. ജീവിതം സന്തോഷത്തോടെ, സമാധാനത്തോടെ, ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കാര്യങ്ങള്‍ കണ്ടെത്തി ചെയ്യുന്നതാണെന്ന് മനസ്സിലാക്കും. ജീവിതത്തിന് അര്‍ഥം കണ്ടെത്താന്‍ ശ്രമിക്കും.

എന്താണ് കരിയര്‍ ഗ്ലോ ഡൗണ്‍?

കരിയറിലെ തിളക്കം കുറയുന്നു എന്ന പ്രയോഗം നാം പതിവായി ഉപയോഗിക്കുന്ന ഒന്നല്ല. കരിയറിലെ വളര്‍ച്ച കുറയുക, ജോലിസ്ഥലത്തെ അയാളുടെ തിളക്കം മങ്ങുക ഇതെല്ലാമാണ് കരിയര്‍ ഗ്ലോ ഡൗണിലൂടെ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഓരോ വ്യക്തിയും വ്യത്യസ്തരാണ് അവരുടെ വേഗവും കഴിവുകളും വ്യത്യസ്തമായിരിക്കും. തിരഞ്ഞെടുക്കുന്ന മാര്‍ഗവും. അതിനാല്‍ എന്നും തിളങ്ങുക എന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം നെറ്റ്‌വര്‍ക്കിങ് മെച്ചപ്പെടുത്തുക, ആജീവനാന്തപഠനം, പുതിയ അവസരങ്ങള്‍ കണ്ടെത്തല്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. അതുവഴി കരിയറുമായി ബന്ധപ്പെട്ട് പുതിയൊരു പാത കണ്ടെത്തുകയോ, ലക്ഷ്യങ്ങള്‍ നവീകരിക്കുകയോ ചെയ്യുക.

 Why People Choose Peace Over Promotion

dot image
To advertise here,contact us
dot image