
ഗുരുവായൂർ : 'ലോക'യെന്ന റിലീസ് സിനിമയുടെ ടിക്കറ്റ് തീർന്നതിനെ തുടർന്ന് മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിടുക്കത്തിൽ കുട്ടിയെ തിയേറ്ററിൽ മറന്നുവെച്ച് മാതാപിതാക്കൾ. ഗുരുവായൂരിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
സെക്കൻഡ് ഷോയ്ക്ക് ചാവക്കാടു ഭാഗത്തുനിന്ന് ട്രാവലറിൽ വന്ന സംഘത്തിലെ ഏഴുവയസ്സുള്ള കുട്ടിയെയാണ് മാതാപിതാക്കൾ മറന്നുവെച്ചത്. ഇവർ ആദ്യം ദേവകി തിയേറ്ററിലേക്കാണ് എത്തിയത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോൾ അവർ ഉടൻ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് പോയി എന്നാൽ കുട്ടി വണ്ടിയിൽ കയറിയിരുന്നില്ല. രണ്ടാമത്തെ തിയേറ്ററിൽ കയറിയ മാതാപിതാക്കൾ ഇടവേള സമയം വരെ കുട്ടി ഒപ്പമില്ലെന്ന കാര്യം ശ്രദ്ധിച്ചതുമില്ല.
ഒപ്പമുള്ളവരെ കാണാതായപ്പോൾ തിയേറ്ററിന്റെ മുന്നിൽനിന്ന് കരയുന്ന കുട്ടിയെ തിയേറ്റർ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് കൂടെയുള്ളവർ മറ്റൊരു തിയേറ്ററിലേക്ക് പോയ വിവരമറിയുന്നത്. ട്രാവറിലാണ് തങ്ങൾ വന്നതെന്നും കുട്ടി പറഞ്ഞു. അതുപ്രകാരം ജീവനക്കാർ അപ്പാസ് തിയേറ്ററിലേക്ക് വിളിച്ച് വിവരം പറഞ്ഞു. അപ്പോഴേക്കും സിനിമയുടെ ഇടവേള സമയം ആകാറായിരുന്നു.
സിനിമ നിർത്തിവെച്ച് തിയേറ്ററുകാർ കുട്ടി നഷ്ടപ്പെട്ട കാര്യം അനൗൺസ് ചെയ്തു. ട്രാവലറിൽ സിനിമ കാണാൻ വന്നിട്ടുള്ളവർ തങ്ങളെ ബന്ധപ്പെടണമെന്നും അതിലെ ഒരു കുട്ടി കൂട്ടം തെറ്റി മറ്റൊരു തിയേറ്ററിലുണ്ടെന്നുമായിരുന്നു അനൗൺസ്‌മെന്റ്. അതോടെ കുട്ടിയോടൊപ്പമുണ്ടായിരുന്നവർ തിരികെ ആദ്യത്തെ തിയേറ്ററിലെത്തുകയായിരുന്നു. അപ്പോഴേയ്ക്കും തിയേറ്റർ ജീവനക്കാർ കുട്ടിയെ പൊലീസിൽ ഏൽപ്പിച്ചിരുന്നു. സ്റ്റേഷനിൽനിന്ന് കുട്ടിയെ കൈമാറി.
Content Highlight : Parents forget their child in the theater in a hurry to go to the theater