

മലപ്പുറം: യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ആതവനാട് സ്വദേശി മണ്ണില്‍ ചക്കച്ചാട്ടില്‍ പത്മാനന്ദന്‍ (52) ആണ് കൊല്ലപ്പെട്ടത്. കുടിക്കാന്‍ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് അമ്മാവന്റെ മകനായ പത്മാനന്ദന്‍ കുടിച്ചതിന്റെ ദേഷ്യത്തിലാണ് പ്രതി യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയത്. കേസില്‍ തലക്കാട് തെക്കന്‍ കുറ്റൂര്‍ സ്വദേശി മലയത്ത് മേലേ വീട്ടില്‍ ഗിരീഷി (48) നെ തിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
പത്മാനന്ദനെ പ്രതി സോഫയിലേക്ക് തള്ളിയിട്ട് പരിക്കേല്‍പ്പിച്ചും ചവിട്ടി വാരിയെല്ല് പൊട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. ഈ മാസം 20-നാണ് കേസിനാസ്പദമായ സംഭവം. പത്മാനന്ദനെ സോഫയിലേക്ക് തള്ളിയിട്ട് തലക്ക് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും നിലത്തേക്ക് വീണ ഇയാളുടെ നെഞ്ചിന്റെ ഭാഗത്ത് പലതവണ ചവിട്ടുകയും ചെയ്തിരുന്നു. ചികിത്സ നല്‍കാത്തതിനെ തുടര്‍ന്ന് ഗുരുതര പരിക്ക് പറ്റിയ പത്മാനന്ദന്‍ 25ന് മരണപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം തിരൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം പൊന്നാനി ഈഴവ തുരുത്തി ശ്മശാനത്തില്‍ സംസ്‌കരിച്ചു. പ്രതിയെ നിലമ്പൂര്‍ മജിസേട്രറ്റിന് മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
Content Highlights: Young Man Loses Life in Malappuram, Accused Arrested