Top

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഓവലില്‍; അടുത്ത ആറ് കളിയും ജയിച്ച് സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യ

നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ആറ് ജയവും ഒരു തോല്‍വിയും മൂന്ന് സമനിലയടക്കം 84 പോയിന്റുളള ഓസ്‌ട്രേലിയയാണ് ഒന്നാമത്

21 Sep 2022 3:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഓവലില്‍; അടുത്ത ആറ് കളിയും ജയിച്ച് സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യ
X

ദുബായ്: 2021-23 വേള്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് ലണ്ടനിലെ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകും. പിന്നാലെ സംഘടിപ്പിക്കുന്ന 2023-25 ചാംപ്യന്‍ഷിപ്പ് കലാശപോരിന് ലോര്‍ഡ്‌സ് ക്രിക്കറ്റ് സ്റ്റേഡിയം വേദിയാകുമെന്നും ഐസിസി അറിയിച്ചു. ജൂലൈയില്‍ ബര്‍മിംഗ്ഹാമില്‍ നടന്ന ഐസിസി ഭരണ സമിതിയിലായിരുന്നു ഇംഗ്ലണ്ടിനെ വേദിയായി തെരഞ്ഞെടുത്തത്.

'ഐസിസി വേള്‍ഡ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ ഓവലില്‍ വെച്ച് സംഘടിപ്പിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. മികച്ച പാരമ്പര്യവും അന്തരീക്ഷവുമുളള ഓവലാണ് സീസണിലെ ഏറ്റവും പ്രധാനപ്പെട്ട മത്സരത്തിന് അനുയോജ്യം,' ഐസിസി ചീഫ് ജെഫ് അലര്‍ഡൈയ്‌സ് പറഞ്ഞു.

ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് ഇപ്പോഴും സാധ്യതകള്‍ നിലനില്‍ക്കുന്നുണ്ട്. പരമ്പരയില്‍ ദക്ഷിണാഫ്രിക്കയെ 21ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയതാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. നിലവില്‍ 10 മത്സരങ്ങളില്‍ നിന്ന് ആറ് ജയവും ഒരു തോല്‍വിയും മൂന്ന് സമനിലയടക്കം 84 പോയിന്റുളള ഓസ്‌ട്രേലിയയാണ് ഒന്നാമത്. 72 പോയിന്റുമായി ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്. പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. അടുത്ത് ആറ് മത്സരവും വിജയിച്ചാല്‍ കലാശപോരിന് യോഗ്യത നേടാന്‍ ഇന്ത്യക്ക് സാധിക്കും. ആറ് ജയം നേടിയാല്‍ വിജയ ശതമാനം 68.06 ആയി ഉയരും.

രണ്ടാം സ്ഥാനത്തുളള ദക്ഷിണാഫ്രിക്ക ഇനിയുളള അഞ്ച് മത്സരത്തിലും വിജയിച്ചാലും 66.67 ശതമാനത്തിലേക്ക് എത്താനെ സാധിക്കൂ. വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടും ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളുമാണ് ദക്ഷിണാഫ്രിക്കയ്ക്കുളളത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലെ സതാംപ്ടണില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസ്‌ലെന്‍ഡ് ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് സ്വന്തമാക്കിയിരുന്നു.

STORY HIGHLIGHTS: The Oval To Host WTC 2023 Final, Lord's Gets 2025 Final

Next Story