Top

ലോകകപ്പ് സൂപ്പര്‍ 12-ന് ത്രസിപ്പിക്കുന്ന തുടക്കം; ത്രില്ലര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസീസ്

അവസാന ഓവര്‍ വരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ വിജയത്തുടക്കം നേടി. അബുദബിയില്‍ നടന്ന മത്സരത്തില്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനാണ് ഓസീസ് ജയിച്ചു കയറിയത്.

23 Oct 2021 1:50 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലോകകപ്പ് സൂപ്പര്‍ 12-ന് ത്രസിപ്പിക്കുന്ന തുടക്കം; ത്രില്ലര്‍ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസീസ്
X

ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്ക് തകര്‍പ്പന്‍ തുടക്കം. ആരാധകരെ ആവേശത്തിന്റെ കൊടുമുടിയേറ്റുന്നതായി ആദ്യ മത്സരം തന്നെ. കുറഞ്ഞ സ്‌കോര്‍ പിറന്ന ത്രസിപ്പിച്ച പോരാട്ടത്തില്‍ അവസാന ഓവര്‍ വരെ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഓസ്‌ട്രേലിയ വിജയത്തുടക്കം നേടി.

അബുദബിയില്‍ നടന്ന മത്സരത്തില്‍ രണ്ടു പന്ത് ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റിനാണ് ഓസീസ് ജയിച്ചു കയറിയത്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സാണ് നേടിയത്.

തുടര്‍ന്ന് ഇതു പിന്തുടര്‍ന്നിറങ്ങിയ ഓസീസ് ദക്ഷിണാഫ്രിക്കയുടെ മികച്ച ബൗളിങ്ങിനെയും ഫീല്‍ഡിങ്ങിനെയും അതിജീവിച്ച് 19.4 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സ് നേടി ലക്ഷ്യം കണ്ടു. 34 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 35 റണ്‍സ് നേടിയ മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും 16 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളോടെ 24 റണ്‍സ് നേടി പുറത്താകാതെ നിന്ന് മാര്‍ക്കസ് സ്‌റ്റോയ്‌നിസുമാണ് അവരുടെ ചേസിങ് നയിച്ചത്.

ഗ്ലെന്‍ മാക്‌സ്‌വെല്‍(21 പന്തില്‍ 18), മാത്യു വേഡ്(10 പന്തില്‍ 15), ഡേവിഡ് വാര്‍ണര്‍(15 പന്തില്‍ 14), മിച്ചല്‍ മാര്‍ഷ്(17 പന്തില്‍ 11) എന്നിവരാണ് ഓസീസ് നിരയിലെ മറ്റു സ്‌കോറര്‍മാര്‍. നായകന്‍ ആരോണ്‍ ഫിഞ്ചിന് റണ്ണൊന്നും നേടാനായില്ല.

കുറഞ്ഞ സ്‌കോര്‍ പ്രതിരോധിക്കാന്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്കായി നാലോവറില്‍ വെറും 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ആന്റ്‌റിച്ച് നോര്‍ക്കെ പൊരുതി നോക്കിയെങ്കിലും കംഗാരുപ്പടയെ തടയാനായില്ല. ഓരോ വിക്കറ്റുകളുമായി പേസര്‍ കാഗിസോ റബാഡ, സ്പിന്നര്‍മാരായ കേശവ് മഹാരാജ്, തബ്‌രിസ് ഷംസി എന്നിവര്‍ നോര്‍ക്കെയ്ക്കു മികച്ച പിന്തുണ നല്‍കി.

നേരത്തെ നാലോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തിയ പേസര്‍ ജോഷ് ഹേസില്‍വുഡാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. ഹേസില്‍വുഡ് തന്നെയാണ് കളിയിലെ കേമനും. മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ച് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നായകന്റെ തീരുമാനത്തെ ന്യായീകരിച്ചു പന്തെറിഞ്ഞ ഓസീസ് ബൗളര്‍മാര്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയതോടെ ദക്ഷിണാഫ്രിക്ക പരുങ്ങലിലായി. 36 പന്തുകളില്‍ നിന്ന് മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും സഹിതം 40 റണ്‍സ് നേടിയ മധ്യനിര താരം എയ്ഡന്‍ മര്‍ക്രമിനു മാത്രമാണ് പിടിച്ചു നില്‍ക്കാനായത്.

മര്‍ക്രമിനെ പുറമേ മറ്റാര്‍ക്കും 20 കടക്കാനായില്ല. 23 പന്തുകളില്‍ നിന്ന് ഒരു സിക്‌സറും ഒരു ഫോറും സഹിതം 19 റണ്‍സ് നേടി പുറത്താകാതെ നിന്ന വാലറ്റക്കാരന്‍ കാഗിസോ റബാഡയാണ് മികച്ച രണ്ടാമത്തെ സ്‌കോറര്‍. ഡേവിഡ് മില്ലര്‍(18 പന്തില്‍ 16), ഹെന്റ്‌റിച്ച് ക്ലാസന്‍(13 പന്തില്‍ 13), നായകന്‍ തെംബ ബാവ്മ(ഏഴു പന്തില്‍ 12), ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക്(7), മധ്യനിര താരം റാസി വാന്‍ഡെര്‍ ഡസന്‍(2) എന്നിവര്‍ നിരാശപ്പെടുത്തി.

ഓസ്‌ട്രേലിയയ്ക്കായി ഹേസില്‍വുഡിനു പുറമേ രണ്ടു വീതം വിക്കറ്റുകളുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ എന്നിവരും ഓരോ വിക്കറ്റുകളുമായി ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് എന്നിവരും ബൗളിങ്ങില്‍ തിളങ്ങി.

Next Story

Popular Stories