ക്യാപ്റ്റന്‍റെ ഇന്നിങ്സുമായി സൂര്യകുമാര്‍; ലങ്കയ്ക്കെതിരെ കൂറ്റന്‍ വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ

ശ്രീലങ്കക്കായി മതീഷ പതിരാന നാലു വിക്കറ്റ് വീഴ്ത്തി

dot image

കൊളംബോ: ഒന്നാം ട്വന്റി 20 മത്സരത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ 214 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 213 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോറിലെത്തിയത്.

26 പന്തില്‍ 58 റണ്‍സെടുത്ത സൂര്യകുമാര്‍ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. യശസ്വി ജയ്‌സ്‌വാള്‍ 21 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ ശുഭ്മന്‍ ഗില്‍ 16 പന്തില്‍ 34 റണ്‍സും റിഷഭ് പന്ത് 33 പന്തില്‍ 49 റണ്‍സുമെടുത്തു. ശ്രീലങ്കക്കായി മതീഷ പതിരാന നാലു വിക്കറ്റ് വീഴ്ത്തി.

പല്ലേക്കല്ലെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ശുഭ്മന്‍ ഗില്ലും യശസ്വി ജയ്‌സ്‌വാളും ചേര്‍ന്ന ഓപ്പണിങ് സഖ്യം മിന്നും തുടക്കമാണ് നല്‍കിയത്. 36 പന്തില്‍ 74 റണ്‍സാണ് ഇരുവരും അടിച്ചുകൂട്ടിയത്. ആറാം ഓവറിലെ അവസാന പന്തില്‍ ഗില്ലും (34) തൊട്ടടുത്ത പന്തില്‍ ജയ്‌സ്‌വാളും (40) മടങ്ങി.

വണ്‍ഡൗണായി എത്തിയ ക്യാ്പറ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വെടിക്കെട്ട് ഇന്നിങ്‌സാണ് പിന്നീട് കണ്ടത്. 26 പന്തില്‍ എട്ടു ബൗണ്ടറികളുടെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 58 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവ് നേടിയത്. ടീം സ്‌കോര്‍ 150 റണ്‍സിലെത്തച്ചാണ് ക്യാപ്റ്റന്‍ ഡഗ്ഗൗട്ടിലേക്ക് മടങ്ങിയത്.

തുടക്കത്തില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാന ഓവറുകളില്‍ കൂറ്റനടികളിലൂടെ റിഷഭ് പന്ത് സ്‌കോര്‍ ഉയര്‍ത്തി. അര്‍ദ്ധ സെഞ്ച്വറിക്ക് ഒരു റണ്‍ അകലെ പന്തിന് മടങ്ങേണ്ടിവന്നു. ഹാര്‍ദ്ദിക് പാണ്ഡ്യ (9), റിയാന്‍ പരാഗ് (7), റിങ്കു സിങ് (1) എന്നിവര്‍ അതിവേഗം മടങ്ങി.

dot image
To advertise here,contact us
dot image