
മുംബൈ: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കാനുള്ള നിബന്ധനകള്‍ കര്‍ക്കശമാക്കി ബിസിസിഐ. ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കണമെങ്കില്‍ താരങ്ങള്‍ നിര്‍ബന്ധമായും ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിച്ചിരിക്കണമെന്ന നിബന്ധനയാണ് ബിസിസിഐ കര്‍ശനമാക്കിയത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പുതിയ നിര്‍ദേശം നടപ്പിലാക്കാനാണ് തീരുമാനം.
അതേസമയം ടീമിലെ മൂന്ന് താരങ്ങള്‍ക്ക് നിബന്ധനകളില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് ബിസിസിഐ നിബന്ധനകളില്‍ ഇളവ് നല്‍കിയിട്ടുള്ളത്. ടി20 ലോകകപ്പ് ജേതാക്കളായ ടീം ഇന്ത്യയുടെ അടുത്ത ലക്ഷ്യം 2025 ചാമ്പ്യന്‍സ് ട്രോഫിയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുമായ സാഹചര്യത്തിലാണ് നിബന്ധനകള്‍ കര്‍ശനമാക്കിയത്. ലോകകപ്പിന് പിന്നാലെ ടി20 ഫോര്‍മാറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത്തിനും കോഹ്‌ലിക്കും ഈ രണ്ട് ടൂര്‍ണമെന്റുകളും നിര്‍ണായകമാണ്.
ഓഗസ്റ്റില്‍ നടക്കുന്ന ബംഗ്ലാദേശ് പരമ്പരയ്ക്ക് തൊട്ടുമുന്‍പ് നടക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റില്‍ പങ്കെടുക്കണമെന്നാണ് ബിസിസിഐയുടെ നിബന്ധന. ഇളവ് നല്‍കിയിട്ടുള്ള താരങ്ങളൊഴികെ മറ്റെല്ലാവരും രണ്ട് മത്സരങ്ങളെങ്കിലും കളിക്കണം. സോണല്‍ സെലക്ഷന്‍ കമ്മിറ്റിയല്ല ഇത്തവണ ദുലീപ് ട്രോഫി ടൂര്‍ണമെന്റിന് ടീമിനെ തിരഞ്ഞെടുക്കുക. മറിച്ച് ദേശീയ സെലക്ഷന്‍ കമ്മിറ്റിയാണ് ടീമിനെ തിരഞ്ഞെടുക്കുകയെന്നും ബിസിസിഐയുടെ അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.