ധോണി ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് പറഞ്ഞു; അവകാശവാദവുമായി ആരാധകന്‍

'എനിക്ക് ഒന്നും സംഭവിക്കില്ലെന്നും ധോണി ഉറപ്പുതന്നു'
ധോണി ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് പറഞ്ഞു; അവകാശവാദവുമായി ആരാധകന്‍

അഹമ്മദാബാദ്: 2024 ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സ്‌ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മത്സരത്തിനിടെ ആരാധകന്‍ ഗ്രൗണ്ടിലേക്ക് കടന്നുകയറി ധോണിയുടെ കാലില്‍ വീണത് വാര്‍ത്തയായിരുന്നു. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ റബറിക ഗ്രാമത്തില്‍ ജയ്കുമാര്‍ ജാനി എന്ന 21കാരനാണ് മത്സരത്തിനിടെ ധോണിയെ കാണാന്‍ ഗ്രൗണ്ടിലേക്ക് കടന്നത്. ഇപ്പോള്‍ ധോണിയുമായുള്ള അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈ ആരാധകന്‍.

പിച്ചില്‍ വെച്ച് തനിക്കൊരു ഉറപ്പ് നല്‍കിയെന്നാണ് ആരാധകന്‍ അവകാശപ്പെടുന്നത്. തന്റെ കാലില്‍ വീണ ആരാധകനെ പിടിച്ച് എഴുന്നേല്‍പ്പിച്ച ധോണി അല്‍പ്പനേരം അയാളോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാമായിരുന്നു. പിച്ചിലേക്ക് ഓടിയെത്തിയ തനിക്ക് ശ്വാസമെടുക്കാന്‍ പ്രയാസപ്പെടുന്നതു മനസ്സിലാക്കിയ ധോണി തന്റെ ചികിത്സാചെലവ് താന്‍ വഹിക്കാമെന്ന് ഉറപ്പുനല്‍കിയെന്നാണ് ഇയാള്‍ പറയുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്യാദയോടെ പെരുമാറുമെന്നും ധോണി വാക്കുതന്നുവെന്നും അയാള്‍ പറഞ്ഞു.

'ഞാന്‍ അത്രയും ആരാധിക്കുന്ന ധോണിയെ കണ്ടപ്പോള്‍ എനിക്ക് വളരെ സന്തോഷമായി. കരഞ്ഞുകൊണ്ടാണ് ഞാന്‍ അദ്ദേഹത്തിന്റെ കാലില്‍ വീണത്. ശ്വാസമെടുക്കാന്‍ ഞാന്‍ വളരെ ബുദ്ധിമുട്ടുന്നതു കണ്ട അദ്ദേഹം കാരണം അന്വേഷിച്ചു. ഗ്രൗണ്ടിലേക്ക് ഓടിയെത്തിയതുകൊണ്ടാണെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. എന്റെ മൂക്കിന് പ്രശ്‌നമുള്ളതിനാല്‍ സർജറി ചെയ്യണമെന്നും അതിന് മുന്നെ എനിക്ക് താങ്കളെ കാണണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്‍റെ ചികിത്സാ ചെലവ് താന്‍ വഹിച്ചോളാമെന്നും താങ്കള്‍ക്ക് ഒന്നും സംഭവിക്കില്ലെന്നും ധോണി എനിക്ക് ഉറപ്പുതന്നു', ഒരു അഭിമുഖത്തില്‍ ആരാധകന്‍ വ്യക്തമാക്കി.

മെയ് പത്തിന് അഹമ്മദാബാദില്‍ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം നടന്നത്. ചെന്നൈയുടെ ഇന്നിങ്സിന്റെ അവസാന ഓവറില്‍ റാഷിദ് ഖാനെ രണ്ട് സിക്സറടിച്ചതിന് പിന്നാലെയുള്ള പന്തില്‍ ധോണിയുടെ എല്‍ബിഡബ്ല്യു നിരസിച്ചിരുന്നു. പിന്നാലെ ഗുജറാത്ത് ഡിആര്‍എസ് ആവശ്യപ്പെടുകയും പരിശോധനയില്‍ പന്ത് സ്റ്റംപിന് പുറത്താണെന്ന് വ്യക്തമാവുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ആരാധകന്‍ ധോണിയുടെ അടുത്തേക്ക് ഓടിയെത്തിയത്.

ധോണി ശസ്ത്രക്രിയയുടെ ചെലവ് വഹിക്കാമെന്ന് പറഞ്ഞു; അവകാശവാദവുമായി ആരാധകന്‍
ധോണിയുടെ കാലില്‍ വീണ് ആരാധകന്‍, ചേര്‍ത്തുപിടിച്ച് താരം; മത്സരത്തിനിടെയുള്ള വീഡിയോ വൈറല്‍

ഗ്രൗണ്ടിലെത്തിയ ഉടനെ ധോണിയുടെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിക്കുകയാണ് ഇയാള്‍ ചെയ്യുന്നത്. ആരാധകനെ പിടിച്ച് എഴുന്നേല്‍പ്പിച്ച ധോണി ചേര്‍ത്തുപിടിച്ചു. അല്‍പ്പനേരം അയാളോട് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. പിന്നാലെ ഓടിയെത്തിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരാധകനെ പിടികൂടി ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ചെന്നൈ പരാജയം വഴങ്ങിയെങ്കിലും മികച്ച പ്രകടനമാണ് സൂപ്പര്‍ താരം എം എസ് ധോണി കാഴ്ച വെച്ചത്. 11 പന്തില്‍ പുറത്താകാതെ 26 റണ്‍സാണ് ചെന്നൈയുടെ മുന്‍ നായകന്‍ അടിച്ചുകൂട്ടിയത്. മൂന്ന് പടുകൂറ്റന്‍ സിക്സുകളും ഒരു ബൗണ്ടറിയുമാണ് ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com