
ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമര്പ്പിക്കാനുള്ള അവസാന തീയതി ഇന്നലെ അവസാനിച്ചിരുന്നു. ഇതുവരെ 3000ത്തോളം അപേക്ഷകളാണ് ലഭിച്ചതെന്നാണ് റിപ്പോര്ട്ടുകള്. ഇതില് ഭൂരിഭാഗവും വ്യാജപേരുകളിലാണ് സമര്പ്പിക്കപ്പെട്ടതെന്നാണ് കൗതുകമുണര്ത്തുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പേരില് വരെയുണ്ട് ഇന്ത്യന് ക്രിക്കറ്റ് ടീമിനെ പരിശീലിപ്പിക്കാന് അപേക്ഷ സമര്പ്പിച്ചവരില്. ക്രിക്കറ്റ് താരങ്ങളില് സച്ചിന് ടെണ്ടുല്ക്കര് ഹര്ഭജന് സിംഗ്, വീരേന്ദര് സേവാഗ് എന്നിവരുടെയും പേരുകളില് അപേക്ഷ ലഭിച്ചുവെന്നാണ് ദേശീയ മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്യുന്നത്.
THE BCCI RECEIVED OVER 3,000 APPLICATIONS FOR INDIA'S HEAD COACH POST. 🇮🇳
— Mufaddal Vohra (@mufaddal_vohra) May 28, 2024
- Narendra Modi, Amit Shah, Sachin Tendulkar, MS Dhoni are some of the names used by fake applicants. (Indian Express). pic.twitter.com/4IGl91Pt7m
ഈ മാസം 13നാണ് പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചുതുടങ്ങിയത്. വെബ്സൈറ്റില് നല്കിയ ഗൂഗിള് ഫോം വഴിയാണ് ബിസിസിഐ അപേക്ഷകള് ക്ഷണിച്ചത്. കൃത്യമായ യോഗ്യതകളും കഴിവുകളും ബിസിസിഐ ചൂണ്ടി കാട്ടുന്നുണ്ടെങ്കിലും ആര്ക്കും അപേക്ഷിക്കാവുന്ന ഫോര്മാറ്റിലാണ് ഗൂഗിള് ഫോം ഉള്ളത്.
നേരത്തെ പരിശീലക സ്ഥാനത്തിനായി ക്രിക്കറ്റ് ആരാധകരും അപേക്ഷ അയച്ചത് വാര്ത്തയായിരുന്നു. അപേക്ഷ അയച്ചതിന്റെ സ്ക്രീന്ഷോട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്. ബിസിസിഐ അപേക്ഷ ക്ഷണിച്ചതിനോടൊപ്പം ചേര്ത്ത ഗൂഗിള് ഫോം വഴിയാണ് ആരാധകര് അപേക്ഷകള് കൂട്ടമായി അയച്ചത്.
പരിശീലക സ്ഥാനത്തേക്ക് അപേക്ഷ സമർപ്പിച്ച് ആരാധകരും; ഗൂഗിൾ ഫോമിൽ വെട്ടിലായി ബിസിസിഐടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല് ദ്രാവിഡിന്റെ കാലാവധി തീരുന്നത്. തുടര്ന്നുള്ള 2025ലെ ചാമ്പ്യന്സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. അതേസമയം ദ്രാവിഡ് പരിശീലകനായി തുടരാന് സന്നദ്ധനാണെങ്കില് വീണ്ടും അപേക്ഷ നല്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാല് ഇനി ഇന്ത്യന് ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദ്രാവിഡ്. 2021ലാണ് ദ്രാവിഡ് പരിശീലകനായെത്തുന്നത്. രാഹുലിന് കീഴില് 2022ല് ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലിലെത്തി. തുടര്ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില് പ്രവേശിച്ചു.
ഇന്ത്യന് ടീമിന്റെ പരിശീലകനാവാന് ബിസിസിഐ മുന്നില് വെക്കുന്ന മാനദണ്ഡങ്ങള്
കുറഞ്ഞ് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിരിക്കണം. അല്ലെങ്കില് ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന്റെ മുഖ്യപരിശീലകനായി പ്രവര്ത്തിച്ചുള്ള രണ്ടുവര്ഷത്തെ പരിചയമെങ്കിലും വേണം. അസോസിയേറ്റ് അംഗ രാജ്യത്തിന്റെ അല്ലെങ്കില് ഐപിഎല് അല്ലെങ്കില് തത്തുല്യമായ അന്താരാഷ്ട്ര ലീഗ് ഫ്രാഞ്ചൈസിയുടെയോ, ഫസ്റ്റ് ക്ലാസ് ടീമിന്റെയോ, ദേശീയ എ ടീമിന്റെയോ പരിശീലകനായുള്ള മൂന്നുവര്ഷത്തെ പ്രവൃത്തിപരിചയമുള്ളവര്ക്കും അപേക്ഷിക്കാം. കൂടാതെ ബിസിസിഐ ലെവല് 3 സര്ട്ടിഫിക്കേഷനോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പ്രായം 60 വയസ്സില് കൂടാനും പാടില്ല.