രോഹിത് അക്കാര്യം ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിന് 50 വയസ്സ് വരെ കളിക്കാം: യുവരാജ് സിങ്ങിന്റെ പിതാവ്

രോഹിത് അക്കാര്യം ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിന് 50 വയസ്സ് വരെ കളിക്കാം: യുവരാജ് സിങ്ങിന്റെ പിതാവ്

'40 മുതല്‍ 45 വയസ്സിലും ഫിറ്റാണെങ്കില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കില്‍ എന്താണ് കുഴപ്പം?'

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു താരത്തിന്റെ കഴിവ് നിര്‍ണയിക്കുന്നതില്‍ പ്രായം ഒരു ഘടകമാകരുതെന്ന് യുവരാജ് സിങ്ങിന്റെ പിതാവും അഭിനേതാവുമായ യോഗ്‌രാജ് സിങ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനൊരുങ്ങുന്ന രോഹിത് ശര്‍മ്മയുടെ പ്രായവും ഫിറ്റ്‌നസും ചര്‍ച്ചയായിരുന്നു. ഐപിഎല്ലിലെ മോശം ഫോമും ആരാധകരില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് യോഗ്‌രാജ് സിങ്ങിന്റെ അഭിപ്രായപ്രകടനം. രോഹിത് മികച്ച താരമാണെന്നും ഫിറ്റ്‌നസില്‍ ശ്രദ്ധിച്ചാല്‍ അദ്ദേഹത്തിന് ഇനിയും കൂടുതല്‍ കാലം കളിക്കാന്‍ സാധിക്കുമെന്നും യോഗ്‌രാജ് വ്യക്തമാക്കി.

'പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എനിക്ക് മനസ്സിലാക്കാന്‍ കഴിയുന്നില്ല. 40 മുതല്‍ 45 വയസ്സിലും ഫിറ്റാണെങ്കില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നുണ്ടെങ്കില്‍ എന്താണ് കുഴപ്പം? നമ്മുടെ രാജ്യത്ത് ഒരാള്‍ക്ക് 40 വയസ്സായാല്‍ അയാള്‍ക്ക് പ്രായമായെന്നും നിങ്ങളെക്കൊണ്ട് ഒന്നും സാധിക്കില്ല എന്നെല്ലാമാണ് അര്‍ത്ഥമാക്കുന്നത്. എന്നാല്‍ ഒന്നും അവസാനിച്ചിട്ടില്ല എന്നതാണ് സത്യം', യോഗ്‌രാജ് പറയുന്നു.

മൊഹീന്ദര്‍ അമര്‍നാഥിന് 38 വയസ്സുള്ളപ്പോഴാണ് ഇന്ത്യ ലോകകപ്പ് നേടുന്നതെന്നും യോഗ്‌രാജ് ചൂണ്ടിക്കാട്ടി. ഫൈനലില്‍ അദ്ദേഹമായിരുന്നു പ്ലേയര്‍ ഓഫ് ദ മാച്ച്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അന്ന് മൊഹീന്ദര്‍ അമര്‍നാഥിന് 33 വയസ്സായിരുന്നു പ്രായം.

'ഇന്ത്യന്‍ ക്രിക്കറ്റില്‍ പ്രായമെന്ന ഘടകം എടുത്തുകളയേണ്ടിയിരിക്കുന്നുവെന്ന് ഞാന്‍ കരുതുന്നത്. വിരേന്ദര്‍ സേവാഗും രോഹിത് ശര്‍മ്മയും എന്നെ സംബന്ധിച്ചിടത്തോളം മികച്ച താരങ്ങളാണ്. അവര്‍ ഫിറ്റ്‌നസിനെക്കുറിച്ചോ പരിശീലനത്തെ കുറിച്ചോ ചിന്തിക്കുന്നില്ല. രോഹിത് ഫിറ്റ്‌നസിന് പരിഗണന നല്‍കിയാല്‍ അദ്ദേഹത്തിന് 50 വയസ്സുവരെ കളിക്കാനാകും', യോഗ്‌രാജ് കൂട്ടിച്ചേര്‍ത്തു.

logo
Reporter Live
www.reporterlive.com