ഇനി ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാകാനില്ല; ദ്രാവിഡ് വീണ്ടും അപേക്ഷിക്കില്ലെന്ന് റിപ്പോര്‍ട്ട്

ജൂണില്‍ കരാറിന്റെ കാലാവധി അവസാനിക്കുന്ന ദ്രാവിഡിന് വീണ്ടും അപേക്ഷ നല്‍കാമെന്ന് ജയ് ഷാ വ്യക്തമാക്കിയിരുന്നു
ഇനി ഇന്ത്യന്‍ ടീമിന്‍റെ പരിശീലകനാകാനില്ല; ദ്രാവിഡ് വീണ്ടും അപേക്ഷിക്കില്ലെന്ന് റിപ്പോര്‍ട്ട്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്തേക്ക് നിലവിലെ കോച്ച് രാഹുല്‍ ദ്രാവിഡ് വീണ്ടും അപേക്ഷിക്കില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ടീമിന് പുതിയ പരിശീലകനെ തേടുകയാണെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്. ജൂണില്‍ കരാറിന്റെ കാലാവധി അവസാനിക്കുന്ന ദ്രാവിഡിന് വീണ്ടും അപേക്ഷ നല്‍കാമെന്നും ജയ് ഷാ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ദ്രാവിഡിന് പരിശീലക സ്ഥാനത്ത് തുടരാന്‍ താത്പര്യമില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ നിയമിക്കാനൊരുങ്ങുന്നതെന്ന് ജയ് ഷാ പ്രഖ്യാപിച്ചത്. നിലവിലെ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടില്ലെന്നും പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്നും ജയ് ഷാ സ്ഥിരീകരിച്ചു. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ ജൂണ്‍ മാസത്തില്‍ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. ടി20 ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് സൂചന.

പുതിയതായി വിദേശ പരിശീലകന്‍ എത്തുന്നതിലുള്ള സാധ്യതയും ജയ് ഷാ തള്ളിക്കളഞ്ഞിരുന്നില്ല. 'ദ്രാവിഡിന്റെ കാലാവധി ജൂണ്‍ വരെ മാത്രമാണ്. താത്പര്യമുണ്ടെങ്കില്‍ അദ്ദേഹത്തിന് വീണ്ടും അപേക്ഷിക്കാനുള്ള അവസരമുണ്ട്. പുതിയ കോച്ച് ഇന്ത്യക്കാരനാണോ വിദേശിയാണോ എന്ന് ഇപ്പോള്‍ തീരുമാനിക്കാന്‍ കഴിയില്ല. അത് ബിസിസിഐയുടെ ഉപദേശക സമിതിയായ സിഎസി (ക്രിക്കറ്റ് അഡൈ്വസറി കമ്മിറ്റി) ആണ് തീരുമാനിക്കുന്നത്.' എന്നും ജയ് ഷാ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com