'പോറെല്‍ ഇംപാക്ട്', കരകയറി ക്യാപിറ്റല്‍സ്; പഞ്ചാബ് കിംഗ്സിന് 175 റണ്‍സ് വിജയലക്ഷ്യം

പഞ്ചാബ് കിംഗ്‌സിന് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി
'പോറെല്‍ ഇംപാക്ട്', കരകയറി ക്യാപിറ്റല്‍സ്; പഞ്ചാബ് കിംഗ്സിന് 175 റണ്‍സ് വിജയലക്ഷ്യം

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ രണ്ടാം മത്സരത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ 175 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ക്യാപിറ്റല്‍സിന് നിശ്ചിത 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സ് എടുത്തു. ഇംപാക്ട് പ്ലേയറായി ക്രീസിലെത്തിയ അഭിഷേക് പോറെലിന്റെ രക്ഷാപ്രവര്‍ത്തനമാണ് ക്യാപിറ്റല്‍സിനെ 170 കടത്തിയത്. പഞ്ചാബ് കിംഗ്‌സിന് വേണ്ടി അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

മൊഹാലിയിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ പഞ്ചാബ് കിംഗ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ മിച്ചല്‍ മാര്‍ഷ്- ഡേവിഡ് വാര്‍ണര്‍ സഖ്യത്തിന് സാധിച്ചു. 12 പന്തില്‍ 20 റണ്‍സെടുത്ത മാര്‍ഷിനെ പുറത്താക്കി അര്‍ഷ്ദീപാണ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കിയത്. എങ്കിലും വണ്‍ ഡൗണായി ക്രീസിലെത്തിയ ഷായ് ഹോപ്പ് തകര്‍ത്തടിച്ചതോടെ ഡല്‍ഹിയുടെ സ്‌കോര്‍ അതിവേഗം ചലിച്ചു. 21 പന്തില്‍ 29 റണ്‍സെടുത്ത വാര്‍ണറെ ഹര്‍ഷല്‍ പട്ടേല്‍ പുറത്താക്കി.

11-ാം ഓവറില്‍ ഹോപ്പിനെ കഗിസോ റബാദ മടക്കിയതോടെ ഡല്‍ഹി പതറി. 25 പന്തില്‍ 33 റണ്‍സെടുത്ത ഹോപ്പ് ഡല്‍ഹിയുടെ ടോപ് സ്‌കോററായാണ് കൂടാരം കയറിയത്. വാഹനാപകടത്തിന് ശേഷം ക്രീസിലേക്ക് തിരിച്ചെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്ത് (18) നിരാശപ്പെടുത്തി. മധ്യനിര താരങ്ങളായ റിക്കി ഭുയി (3), ട്രിസ്റ്റന്‍ സ്റ്റബ്ബ്‌സ് (5), സുമിത് കുമാര്‍ (2) എന്നിവരും നിരാശപ്പെടുത്തി. ഇതിനിടെ 21 റണ്‍സെടുത്ത് അല്‍പ്പമെങ്കിലും ചെറുത്തുനിന്ന അക്‌സര്‍ പട്ടേല്‍ റണ്ണൗട്ടായി.

ഒരുഘട്ടത്തില്‍ 150 കടക്കില്ലെന്ന് തോന്നിപ്പിച്ച ഡല്‍ഹിയെ ഇംപാക്ട് പ്ലേയറായി എത്തിയ അഭിഷേക് പോറെല്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റുകയായിരുന്നു. 19 ഓവറുകള്‍ പിന്നിടുമ്പോള്‍ എട്ട് വിക്കറ്റിന് 148 റണ്‍സെന്ന നിലയിലായിരുന്ന ഡല്‍ഹിയെ അവസാന ഓവറില്‍ തകര്‍ത്തടിച്ചാണ് പോറെല്‍ 170 കടത്തിയത്. റിക്കി ഭുയിക്ക് പകരക്കാരനായി ക്രീസിലെത്തിയ താരം പത്ത് പന്തില്‍ പുറത്താകാതെ 32 റണ്‍സെടുത്തു. അവസാന പന്തില്‍ കുല്‍ദീപ് യാദവിനെ (1) ശശാങ്ക് സിങ് റണ്ണൗട്ടാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com