
സെഞ്ചുറിയൻ: ഓസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഹെന്റിച്ച് ക്ലാസന്റെ വെടിക്കെട്ട്. 83 പന്തിൽ 13 ഫോറും 13 സിക്സും ഉൾപ്പടെ 174 റൺസാണ് ക്ലാസൻ മത്സരത്തിൽ കുറിച്ചത്. അഞ്ചാം വിക്കറ്റിൽ ഡേവിഡ് മില്ലറിനൊപ്പം 222 റൺസിന്റെ കൂട്ടുകെട്ട് ക്ലാസൻ പടുത്തുയർത്തി. വെറും 94 പന്ത് മാത്രമാണ് 222 റൺസ് നേടാൻ ഇരുവർക്കും വേണ്ടി വന്നത്. മില്ലർ പുറത്താകാതെ 82 റൺസ് നേടി. ഇന്നിംഗ്സിന്റെ അവസാന പന്തിലാണ് ക്ലാസൻ പുറത്തായത്.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നേടിയത് 5 വിക്കറ്റിന് 416 റൺസ്. അന്താരാഷ്ട്ര ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന അഞ്ചാമത്തെ സ്കോറാണിത്. റസ്സീ വാൻഡർ ഡസൻ 65 പന്തിൽ 62 റൺസ് നേടി. 64 പന്തിൽ 45 റൺസായിരുന്നു ക്വിന്റൺ ഡി കോക്കിന്റെ സംഭാവന.
വമ്പൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയുടെ മറുപടി അലക്സ് ക്യാരിയുടെ ബാറ്റിങ്ങ് മാത്രമായിരുന്നു. അർഹിച്ച സെഞ്ചുറിക്ക് ഒരു റൺസ് അകല ക്യാരി പുറത്തായി. 77 പന്തിൽ നാല് ഫോറും ഒൻപത് സിക്സും സഹിതമാണ് ക്ലാസന്റെ 99 റൺസ്. 34.5 ഓവറിൽ 252 റൺസിൽ ഓസ്ട്രേലിയൻ മറുപടി അവസാനിച്ചു. 164 റൺസിന്റെ ജയം ദക്ഷിണാഫ്രിക്ക ആഘോഷിച്ചു. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരുടീമുകളും രണ്ട് ജയം വീതം നേടി.