
കൊളംബോ: ഏഷ്യാ കപ്പില് പാകിസ്താനെതിരായ മത്സരത്തില് റെക്കോര്ഡുകളുടെ പെരുമഴ തീർത്ത് കിംഗ് കോഹ്ലി. 94 പന്തില് ഒമ്പത് ബൗണ്ടറിയും മൂന്ന് സിക്സുമുള്പ്പടെ പുറത്താവാതെ 122 റണ്സാണ് കോഹ്ലി അടിച്ചുകൂട്ടിയത്. ഏകദിന ക്രിക്കറ്റില് 13,000 റണ്സെന്ന നേട്ടം തന്റെ പേരില് എഴുതിച്ചേര്ത്തിരിക്കുകയാണ് മുന് ഇന്ത്യന് ക്യാപ്റ്റന്. അതിവേഗം ഈ നേട്ടത്തിലെത്തുന്ന താരമെന്ന ബഹുമതിയും ഇതോടെ കോഹ്ലിയെ തേടിയെത്തി.
പാകിസ്താനെതിരെ നടന്ന മത്സരത്തില് 84 പന്തില് മൂന്നക്കം തികച്ച കോഹ്ലി ഏകദിനത്തില് 47 സെഞ്ച്വറിയും സ്വന്തമാക്കി. 55 പന്തില് ഫിഫ്റ്റി തികച്ച കോഹ്ലിക്ക് പിന്നീട് വെറും 29 പന്തുകളില് നിന്നാണ് സെഞ്ച്വറിയടിച്ചത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില് കോഹ്ലി നേടുന്ന തുടര്ച്ചയായ നാലാം സെഞ്ച്വറിയെന്ന പ്രത്യേകതയും ഇതിനുണ്ട്.
കനത്ത മഴയെ തുടര്ന്ന് ഞായറാഴ്ച നിര്ത്തിവെച്ച ഇന്ത്യ-പാക് സൂപ്പര് ഫോര് മത്സരം ഇന്ന് പുനഃരാരംഭിക്കുകയായിരുന്നു. 24.1 ഓവറില് 147-2 എന്ന സ്കോറില് ബാറ്റിങ് ആരംഭിച്ച ഇന്ത്യ വിരാട് കോഹ്ലിയുടെയും കെ എല് രാഹുലിന്റെയും തകര്പ്പന് സെഞ്ചുറികളുടെ കരുത്തില് നിശ്ചിത 50 ഓവറില് രണ്ട് വിക്കറ്റ് നഷ്ടത്തില് 356 റണ്സാണ് നേടിയത്. മൂന്നാം വിക്കറ്റിൽ രാഹുലും കോഹ്ലിയും 233 റണ്സിൻ്റെ വേർപിരിയാത്ത കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. പാകിസ്താനെതിരെ ഇന്ത്യ ഉയർത്തിയ ഹിമാലയന് വിജയലക്ഷ്യത്തിന് പിൻബലമായത് ഇരുവരുടെ തകർപ്പൻ ഇന്നിങ്സുകളായിരുന്നു. 106 പന്തില് 12 ഫോറും രണ്ട് സിക്സറും ഉള്പ്പെടെ 111 റണ്സെടുത്ത കെ എല് രാഹുലും ഗംഭീര തിരിച്ചുവരവാണ് നടത്തിയത്.