
കൊളംബോ: പാകിസ്ഥാന് 357 റണ്‍സ് വിജയലക്ഷ്യം കുറിച്ച് ഇന്ത്യ. നിശ്ചിത 50 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 356 റണ്‍സ് നേടി. വിരാട് കോഹ്‌ലിയുടെയും കെ എല്‍ രാഹുലിന്റെയും സെഞ്ച്വറികളുടെ പിന്‍ബലത്തിലായിരുന്നു ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. 94 പന്തില്‍ നിന്ന് മൂന്ന് സിക്‌സറും 9 ബൗണ്ടറിയും അടക്കം വിരാട് കോഹ്‌ലി പുറത്താകാതെ 122 റണ്‍സ് നേടി. കെഎല്‍ രാഹുല്‍ 12 ബൗണ്ടറിയുടെയും രണ്ട് സിക്‌സറുകളുടെയും പിന്‍ബലത്തില്‍ പുറത്താകാതെ 111 റണ്‍സ് നേടി. പുറത്താകാതെ 194 പന്തില്‍ നിന്നും 233 റണ്‍സാണ് കോഹ്‌ലി-രാഹുല്‍ സഖ്യം നേടിയത് ഏഷ്യാ കപ്പ് ക്രിക്കറ്റിന്റെ ഫൈനല്‍ ലക്ഷ്യമിടുന്ന ഇന്ത്യക്ക് സൂപ്പര്‍ ഫോര്‍ മത്സരം മഴമൂലം മുടങ്ങിയത് ആശങ്ക സമ്മാനിച്ചിരുന്നു.
മഴമൂലം റിസര്‍വ് ദിനത്തിലേക്ക് മാറ്റിവച്ച മത്സരത്തിലാണ് കോഹ്‌ലിയും രാഹുലും തകര്‍ത്തടിച്ചത്. ഇരുവരും നേടിയ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ വിജയലക്ഷ്യം കുറിച്ചത്. ആദ്യം ബാറ്റുചെയ്ത ഇന്ത്യയുടെ സ്‌കോര്‍ 24.1 ഓവറില്‍ രണ്ട് വിക്കറ്റിന് 147 എന്ന നിലയില്‍ നില്‍ക്കവെയാണ് മഴമൂലം കളി റിസര്‍വ് ദിനത്തിലേക്ക് മാറ്റിവച്ചത്. കെ എല്‍ രാഹുല്‍ 17 റണ്‍സോടെയും വിരാട് കോഹ്‌ലി എട്ട് റണ്‍സോടെയും ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു മഴമൂലം മത്സരം മാറ്റിവെച്ചത്. നേരത്തെ ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച തുടക്കം ഇന്ത്യ മുതലാക്കുമെന്ന് പ്രതീക്ഷിച്ചിരിക്കുമ്പോഴായിരുന്നു മഴകളി തടസ്സപ്പെടുത്തിയത്. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മ 49 പന്തില്‍ നിന്ന് 56 റണ്‍സും ശുഭ്മാന്‍ ഗില്‍ 52 പന്തില്‍ നിന്ന് 58 റണ്‍സും നേടി പുറത്തായിരുന്നു.