

യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം തീരുമാനങ്ങൾ മാറ്റാൻ കൂടുതൽ സമയം നൽകുന്ന 'ലുക്ക്-ഇൻ ഓപ്ഷൻ' വിമാനക്കമ്പനികൾ നിർബന്ധമായും നൽകണമെന്ന് ഡിജിസിഎ ഉത്തരവിട്ടു. 2026 ഫെബ്രുവരി 24-ന് പുറത്തിറങ്ങിയ പുതിയ സിവിൽ ഏവിയേഷൻ നയത്തിനനുസരിച്ചാണ് ഈ മാറ്റം.

പ്രധാന മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാൽ അടുത്ത 48 മണിക്കൂർ നേരത്തേക്ക് യാത്രക്കാർക്ക് ടിക്കറ്റിൽ മാറ്റങ്ങൾ വരുത്താനോ അല്ലെങ്കിൽ അത് റദ്ദാക്കാനോ സാധിക്കും. ഈ 48 മണിക്കൂറിനുള്ളിൽ ടിക്കറ്റ് റദ്ദാക്കുകയോ മാറ്റം വരുത്തുകയോ ചെയ്താൽ വിമാനക്കമ്പനികൾ യാതൊരുവിധ അധിക നിരക്കുകളും ഈടാക്കാൻ പാടില്ല. ടിക്കറ്റ് റദ്ദാക്കുകയാണെങ്കിൽ നൽകിയ തുക പൂർണ്ണമായും യാത്രക്കാരന് തിരികെ ലഭിക്കുമെന്ന് ഈ നിയമം ഉറപ്പാക്കുന്നു.
യാത്രക്കാർക്ക് നേട്ടം
നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം പെട്ടെന്ന് യാത്ര മാറ്റിവെക്കേണ്ടി വന്നാൽ വലിയൊരു തുക 'ക്യാൻസലേഷൻ' ചാർജ് ആയി നൽകേണ്ടി വരുമായിരുന്നു. എന്നാൽ പുതിയ നിയമം വരുന്നതോടെ, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ സംഭവിക്കുന്ന തെറ്റുകൾ (പേര്, തീയതി തുടങ്ങിയവ) സൗജന്യമായി തിരുത്താം.യാത്ര പ്ലാനുകളിൽ അവസാന നിമിഷം മാറ്റം വന്നാൽ പണം നഷ്ടപ്പെടുമെന്ന പേടി വേണ്ട.വിമാനക്കമ്പനികളുടെ അനാവശ്യ സർവീസ് ചാർജുകളിൽ നിന്ന് രക്ഷപ്പെടാം.
ഇവിടെ ശ്രദ്ധിക്കാനുള്ള കാര്യം, ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയവും യാത്ര പുറപ്പെടുന്ന തീയതിയും തമ്മിൽ കൃത്യമായ ഇടവേള ഉണ്ടെങ്കിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.

സാധാരണയായി യാത്രയ്ക്ക് തൊട്ടടുത്ത ദിവസങ്ങളിൽ ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് ഈ ഇളവ് ബാധകമായേക്കില്ല.വിമാനയാത്ര കൂടുതൽ സുതാര്യവും യാത്രക്കാർക്ക് സൗകര്യപ്രദവും ആക്കാൻ ലക്ഷ്യമിട്ടാണ് ഈ പുതിയ പരിഷ്കാരം നടപ്പിലാക്കുന്നത്.
Content Highlights: DGCA has ordered airlines to offer a mandatory look-in option, giving passengers extra time to cancel tickets after booking