Top

'ദസ്‌വീ'; ആഗ്ര ജയിലിലെ തടവുകാർക്കായി പ്രത്യേക സ്‌ക്രീനിങ്ങുമായി അഭിഷേക് ബച്ചൻ

ജയിലിലെ എല്ലാ തടവുകാർക്കുമായി ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തുമെന്ന് അഭിഷേക് വാഗ്ദാനം ചെയ്തിരുന്നു.

28 March 2022 4:02 PM GMT
ഫിൽമി റിപ്പോർട്ടർ

ദസ്‌വീ; ആഗ്ര ജയിലിലെ തടവുകാർക്കായി പ്രത്യേക സ്‌ക്രീനിങ്ങുമായി അഭിഷേക് ബച്ചൻ
X

അഭിഷേക് ബച്ചൻ കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രമാണ് 'ദസ്‌വീ'. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയുടെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ആഗ്ര ജയിലിലെ തടവുകാർക്കായി സിനിമയുടെ സ്പെഷ്യൽ സ്‌ക്രീനിങ്ങ് ഒരുക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.

സിനിമയുടെ ഭാഗമായ ആഗ്ര ജയിലിലെ യഥാർത്ഥ കുറ്റവാളികൾക്കൊപ്പം അഭിഷേക് ബച്ചൻ ചില രംഗങ്ങൾ ചിത്രീകരിച്ചിരുന്നു. ജയിലിലെ എല്ലാ തടവുകാർക്കും ചിത്രത്തിന്റെ പ്രത്യേക പ്രദർശനം നടത്തുമെന്ന് അഭിഷേക് വാഗ്ദാനം ചെയ്തിരുന്നു. ഇതിന്മേലാണ് സിനിമയുടെ നിർമ്മാതാക്കൾ ഈ ആഴ്ച ജയിൽ തടവുകാർക്കായി പ്രത്യേക സ്‌ക്രീനിംഗ് നടത്താൻ പദ്ധതിയിട്ടിരിക്കുന്നത് എന്ന് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു.

'അവരെ സിനിമ കാണിക്കാനുള്ള അവസരത്തിനായി ഞാൻ കാത്തിരിക്കുകയാണ്. ഞങ്ങൾ ആഗ്രയിലേക്ക് പോകുന്നത് അന്തേവാസികൾക്കായി ഒരു പ്രത്യേക സ്‌ക്രീനിംഗ് നടത്താനാണ്. സിനിമയുടെ ഭാഗമായവരോട് ഞങ്ങൾ തിരികെ വന്ന് സിനിമ കാണിക്കാമെന്ന് വാഗ്ദാനം ചെയ്‌തിരുന്നു. അതിനാൽ അവർ അത് കാണുന്നതിൽ ഞാൻ വളരെ ആവേശത്തിലാണ്' അഭിഷേക് ബച്ചൻ പറഞ്ഞു.

ജയിലിലാകുന്ന അഴിമതിക്കാരനായ രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് അഭിഷേക് ബച്ചൻ സിനിമയിൽ എത്തുന്നത്. നിമ്രത് കൗറും യാമി ഗൗതമും സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഏപ്രിൽ ഏഴിന് നെറ്റ്ഫ്ലിക്സ്, ജിയോ സിനിമ എന്നീ പ്ലാറ്റ്‌ഫോമുകളിലൂടെ ചിത്രം സ്ട്രീമിങ്ങ് ആരംഭിക്കും.

story highlights: abishekh bhachan to show a special screening of dasvi to the inmates of agra jail

Next Story