സിമ്പിളാണ് ; എസി ഇട്ടാലും കരണ്ട് ബില്ല് കൂടില്ല; ഈ ടെക്‌നിക്കുകള്‍ പരീക്ഷിച്ച് നോക്കൂ

വേനല്‍ക്കാലത്ത് എസി ഉപയോഗിക്കുന്നവര്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കരണ്ട് ബില്ല് കണ്ട് കണ്ണ് തളളാതെയിരിക്കാം

വേനല്‍ക്കാലമാണ്. ചൂട് നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. ചൂടിന് പരിഹാരമായി എസി ഉളളവരും വാങ്ങാന്‍ ആഗ്രഹിക്കുന്നവരും ഒക്കെയുണ്ടാവും. കാര്യം എസി ഉള്ളത് സുഖമാണ് തണുപ്പ് കിട്ടും എന്നുള്ളതൊക്കെ ശരിയാണ് . പക്ഷേ ഇത് ഉപയോഗിക്കുന്നതുകൊണ്ട് മാസം വരുന്ന കരണ്ട് ബില്ല് കണ്ട് കണ്ണുതള്ളുന്നവരാണ് പലരും. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കറണ്ട് ബില്ലിനെ പേടിക്കാതെ എസി ഉപയോഗിക്കാന്‍ സാധിക്കും.

ശരിയായ താപനില ക്രമീകരിക്കാം

എസിയുടെ ശരിയായ താപനില ക്രമീകരിക്കുന്നത് ചെലവ് കുറയ്ക്കാന്‍ അനുയോജ്യമായ കാര്യമാണ്. താപനില 24 ഡിഗ്രി സെല്‍ഷ്യസില്‍ ക്രമീകരിക്കുന്നതാണ് ഏറ്റവും നല്ലത്. താപനില ഓരോ ഡിഗ്രി കൂട്ടുമ്പോഴും 6 ശതമാനം വരെ വൈദ്യുതി ലാഭിക്കാന്‍ സാധിക്കും എന്നാണ് പറയപ്പെടുന്നത്. 18 ഡിഗ്രിയിലും മറ്റും എസി പ്രവര്‍ത്തിപ്പിക്കുന്നത് കറണ്ട് ബില്‍ വന്‍തോതില്‍ വര്‍ധിക്കാനിടയാക്കും.

എസിയും ഫാനും

എസി ഓണ്‍ ചെയ്യുമ്പോള്‍ കുറഞ്ഞ വേഗതയില്‍ സീലിംഗ് ഫാന്‍ കൂടി ഇടുക. അപ്പോള്‍ എസിയുടെ തണുപ്പ് മുറി മുഴുവന്‍ വ്യാപിക്കാനിടയാക്കും. ഇങ്ങനെ ചെയ്യുമ്പോള്‍ താപനില രണ്ട് ഡിഗ്രി കൂടി കൂട്ടി ഇടാന്‍ സാധിക്കും.

മുറിയുടെ ഭാഗങ്ങള്‍ പൂര്‍ണമായി അടയ്ക്കാന്‍ ശ്രദ്ധിക്കുക

എസി പ്രവര്‍ത്തിക്കുന്ന മുറിയിലെ വാതിലുകളും ജനലുകളും പൂര്‍ണമായി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. ജനലിന്റെ വിടവുകളിലൂടെയോ വാതിലിന് അടിയിലുളള വിടവുകളിലൂടെയോ തണുത്ത വായൂ പുറത്ത് പോകുകയാണെങ്കില്‍ അത് എസിയുടെ പ്രവര്‍ത്തനം കൂട്ടാനിടയാക്കും. അതുകൊണ്ട് അവയെല്ലാം പൂര്‍ണമായും അടച്ചുവയ്ക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. ജനലുകളില്‍ കട്ടിയുളള കര്‍ട്ടന്‍ ഇടുന്നത് പുറത്തുനിന്നുളള ചൂട് അകത്തുകടക്കാതെ തടയും.

കൃത്യമായി സര്‍വ്വീസ് ചെയ്യുക

എസിയുടെ ഫില്‍റ്ററുകള്‍ കൃത്യസമയത്ത് വൃത്തിയാക്കുന്നത് വൈദ്യുതി ലാഭിക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്. എസിയുടെ ഫില്‍റ്ററുകളില്‍ പൊടി അടിഞ്ഞുകൂടുന്നത് അവ അടഞ്ഞുപോകാനും വായൂ സഞ്ചാരത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. അപ്പോള്‍ തണുത്ത കാറ്റ് പുറത്തുവിടാന്‍ എസി കൂടുതല്‍ ഊര്‍ജ്ജം ഉപയോഗിക്കേണ്ടിവരികയും ചെയ്യും. മാസത്തില്‍ ഒരിക്കലെങ്കിലും ഫില്‍റ്ററുകള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കുക.

എസി സ്‌ളീപ് മോഡില്‍ ഇടാന്‍ ശ്രദ്ധിക്കുക

രാത്രിയില്‍ എസിയുടെ സ്‌ളീപ് മോഡ് ഓണ്‍ ചെയ്തിടാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ ഓരോ മണിക്കൂര്‍ കൂടുമ്പോഴും താപനില ക്രമീകരിക്കുകയും അതുമൂലം വൈദ്യുതി ലാഭിക്കാന്‍ സഹായിക്കുകയും ചെയ്യും.

എസി ഉപയോഗിക്കുമ്പോള്‍ ഈ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്

എസി പ്രവര്‍ത്തിക്കുന്ന മുറിയ്ക്കുള്ളില്‍ കമ്പ്യൂട്ടര്‍, ടെലിവിഷന്‍ തുടങ്ങി ചൂട് കൂടുതല്‍ പുറത്തുവിടുന്ന ഉപകരണങ്ങളുടെ ഉപയോഗം കുറയ്ക്കുക. ചൂട് കൂടുമ്പോള്‍ എസിയുടെ അധ്വാനം വര്‍ധിക്കും.

Content Highlights : If you pay attention to a few things, you can use AC without increasing your electricity bill.

To advertise here,contact us