

ഇന്നത്തെക്കാലത്ത് ഓണ്‍ലൈന്‍ ഷോപ്പിംഗ് ആപ്പുകള്‍ വഴി വസ്ത്രങ്ങളും വീട്ടുപകരണങ്ങളും തുടങ്ങി പലതും വാങ്ങിക്കൂട്ടുന്നവരാണ് എല്ലാവരും തന്നെ. ഇതൊരു സൗകര്യമാണെങ്കില്‍കൂടി മറുവശത്ത് തട്ടിപ്പുകളും നടക്കുന്നുണ്ട്. അത്തരത്തിലൊന്നാണ് നമുക്ക് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് ലഭിക്കുന്ന ഡെലിവറി ബോക്‌സ് വഴിയുള്ള തട്ടിപ്പുകള്‍. അടുത്ത തവണ ഓണ്‍ലൈന്‍ വഴി സാധനങ്ങള്‍ വാങ്ങിയ ശേഷം ഡെലിവറി ബോക്‌സ് വലിച്ചെറിയുന്നതിന് മുന്‍പ് ഇക്കാര്യം അറിഞ്ഞിരിക്കണം.

ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളായ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള ഇടങ്ങളില്‍നിന്ന് നമുക്ക് ലഭിക്കുന്ന പാക്കേജുകളില്‍ പലപ്പോഴും വ്യക്തിഗത വിവരങ്ങള്‍ ഉണ്ടായിരിക്കും. ഇത്തരം ബോക്‌സുകളില്‍ പതിപ്പിച്ചിരിക്കുന്ന ഷിപ്പിംഗ് ലേബലില്‍, വാങ്ങുന്ന ആളുടെ പേര്, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം , ഓര്‍ഡര്‍ വിശദാംശങ്ങള്‍ തുടങ്ങിയ പല പ്രധാനപ്പെട്ട വിവരങ്ങളും അടങ്ങിയിട്ടുണ്ടാകും. അണ്‍ബോക്‌സിംഗ് നടത്തിയ ശേഷം ഈ ബോക്‌സുകള്‍ സാധാരണയായി ഉപേക്ഷിക്കുകയാണ് ചെയ്യാറുള്ളത്.

ഉപേക്ഷിക്കപ്പെട്ട ബോക്‌സുകള്‍ തട്ടിപ്പുകാര്‍ ശേഖരിക്കുകയും തട്ടിപ്പിനായി അതിലെ വിവരങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും. കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമായും ഫീഡ്ബാക്ക് ടീമിന്റെ ആളുകളായും നടിച്ച് തട്ടിപ്പുകാര്‍ നിങ്ങളെ വിളിക്കുകയോ സന്ദേശങ്ങള്‍ അയക്കുകയോ ചെയ്‌തേക്കാം. കിഴിവുകളും പ്രതിഫലങ്ങളും വാഗ്ധാനം ചെയ്തുകൊണ്ട് ലിങ്കുകള്‍ അയക്കുന്നവരും കുറവല്ല. ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ കെണിയില്‍ അകപ്പെടുകയാണ് ചെയ്യുന്നത്. ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ഫോണില്‍ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുകയോ, ബാങ്കിംഗ് ക്രെഡന്‍ഷ്യലുകള്‍,OTP കള്‍ അല്ലെങ്കില്‍ കാര്‍ഡ് വിശദാംശങ്ങള്‍ പോലുള്ള സെന്‍സിറ്റീവ് ഡാറ്റ ശേഖരിക്കാന്‍ ഉപയോഗിക്കുന്ന ഫിഷിംഗ് പേജിലേക്ക് നിങ്ങള്‍ എത്തപ്പെടാനോ കാരണമാകും.

Content Highlights: Online shoppers should not be unaware of delivery box scams. What is delivery box scam?