എല്ലാവരുടെയും ഫോണിലുണ്ട് ബാറ്ററി പെട്ടെന്ന് തീര്‍ക്കുന്ന ചില ജനപ്രിയ ആപ്പുകള്‍

സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററി ലൈഫ് ഒരു വെല്ലുവിളിയാണോ? എങ്ങനെ ബാറ്ററി ലൈഫ് സേവ് ചെയ്യാം...

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്പെട്ട വെല്ലുവിളിയാണ് ഫോണിന്റെ ബാറ്ററി ലൈഫ് പെട്ടെന്ന് തീര്‍ന്നുപോകുന്നത്. കുറച്ചധികം സമയം ഫോണ്‍ ഉപയോഗിക്കുമ്പോഴോ,യാത്ര ചെയ്യുന്നതിനിടയിലോ ഒക്കെ ഫോണിന്റെ ചാര്‍ജ്ജ് തീര്‍ന്നുപോകാറുണ്ട്. യുകെയിലെ ടെലികമ്യൂണിക്കേഷന്‍സ് ആന്‍ഡ് നെറ്റ്‌വര്‍ക്ക് കമ്പനിയായ 'എലിവേറ്റ്' നടത്തിയ ഒരു പഠനമനുസരിച്ച് ഫോണിന്റെ ബാറ്ററി പെട്ടെന്ന് തീര്‍ന്നുപോകുന്നതിന് കാരണം അമിതമായ ഫോണ്‍ ഉപയോഗം മാത്രമല്ല ഇന്‍സ്റ്റാള്‍ ചെയ്ത ചില ആപ്പുകളും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

നെറ്റ്ഫ്‌ളിക്‌സ്

സിനിമകളും ഡോക്യുമെന്ററികളും സീരിയലുകളും തുടങ്ങി എന്തും നെറ്റ്ഫ്‌ളിക്‌സിലൂടെ കാണാനും ആസ്വദിക്കാനും കഴിയും. ഐഫോണിലും ആന്‍ഡ്രോയിഡ് ഫോണിലും മറ്റും നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കുമ്പോള്‍ അത് നിങ്ങളുടെ ഫോണിന്റെ ബാറ്ററി ലൈഫിന് ദോഷം വരുത്തുന്നുണ്ട്. ബാറ്ററി ചാര്‍ജ് കൂടുതല്‍ ഇല്ലാതാക്കുന്ന ആപ്പാണ് Netflix. 'എലിവേറ്റ'് നടത്തിയ പഠനം അനുസരിച്ച് ഒരുമാസത്തില്‍ ഉപയോക്താക്കള്‍ ശരാശരി 60 മണിക്കൂര്‍ Netflix ല്‍ സമയയം ചെലവഴിച്ചെന്ന് പഠനം കാണിക്കുന്നു. ഒരു മാസം മുഴുവന്‍ ചാര്‍ജ്ജ് ചെയ്യുന്ന ബാറ്ററിയുടെ 1,500 ശതമാനവും നെറ്റ്ഫ്‌ളിക്‌സ് ഉപയോഗിക്കുന്നുവെന്ന് പഠനം വ്യക്തമാക്കുന്നു.

യുട്യൂബ്

വീഡിയോകള്‍ കാണാന്‍ എല്ലാവരും ഉപയോഗിക്കുന്ന പ്ലാറ്റ്‌ഫോമാണ് യുട്യൂബ്. ഉപയോഗിക്കാന്‍ എളുപ്പമുള്ള ഒരു ഇന്റര്‍ഫേസ് കൂടിയായതുകൊണ്ട് പരിധിയില്ലാതെ ആപ്പ് ഉപയോഗിക്കാനും സാധിക്കും. എന്നാല്‍ യൂട്യൂബ് ഫോണിന്റെ ബാറ്ററി ചാര്‍ജ് കളയാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഫോണില്‍ ചാര്‍ജ് കുറഞ്ഞിരിക്കുമ്പോള്‍ ആപ്പ് തുറക്കാതിരിക്കുന്നതാണ് നല്ലത്്. പഠനം പറയുന്നതനുസരിച്ച് ഈ വീഡിയോ ആപ്പ് ഒരു മാസം ബാറ്ററി ചാര്‍ജിന്റെ 540% ഉപയോഗിക്കുന്നുണ്ടെന്നാണ്.

ത്രെഡുകള്‍

2023 ലാണ് സോഷ്യല്‍മീഡിയ ആപ്പായ ത്രെഡ്‌സ് പുറത്തിറങ്ങുന്നത്. ബാറ്ററി ഏറ്റവുമധികം കളയുന്ന ആപ്പാണ് ത്രെഡ്. പഠനമനുസരിച്ച് ആപ്പ് പ്രതിമാസം പൂര്‍ണ്ണ ബാറ്ററി ചാര്‍ജിന്റെ 460 ശതമാനം ഉപയോഗിക്കപ്പെടുന്നുണ്ട്. യൂട്യൂബിനെക്കാള്‍ കൂടുതല്‍ ബാറ്ററി ചാര്‍ജ് ഉപയോഗിക്കുന്ന ആപ്പാണിത്.

സ്‌നാപ്ചാറ്റ്

'വിഷ്വല്‍ മെസേജിംഗ് സര്‍വ്വീസ്' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സോഷ്യല്‍മീഡിയ ആപ്പാണ് സ്‌നാപ്ചാറ്റ്. 2011 മുതല്‍ ഈ ആപ്പ് നിലവിലുണ്ട്. പഠനമനുസരിച്ച് സ്‌നാപ്ചാറ്റ് എല്ലാമാസവും ബാറ്ററിയുടെ 320 ശതമാനം ഉപയോഗിക്കുന്നു. ബാറ്ററി ഉപയോഗത്തിന്റെ കാര്യത്തില്‍ സ്‌നാപ് ചാറ്റ് മോശം ആപ്പാണ്. പ്രതിമാസം ബാറ്ററി ഉപയോഗത്തിന്റെ 320 % അത് ഉപയോഗിക്കുന്നു. ഉപയോക്താക്കള്‍ ഓരോ മാസവും ഏകദേശം 16 മണിക്കൂര്‍ സ്‌നാപ്ചാറ്റില്‍ ചെലവഴിക്കുന്നു.

ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററി ചാര്‍ജിന്റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റി ലിമിറ്റ് ചെയ്യുക

ബാക്ക്ഗ്രൗണ്ട് ആക്ടിവിറ്റീസ് ലിമിറ്റ് ചെയ്യുന്ന പ്രക്രീയയിലൂടെ ബാറ്ററി ചാര്‍ജ് സേവ് ചെയ്യാന്‍ സാധിക്കും. ആന്‍ഡ്രോയിഡ് ഫോണുകളിലെ സെറ്റിംഗ്‌സ് എടുക്കുക. വേണ്ട ആപ്പ് സെലക്ട് ചെയ്യുക. അതില്‍ ബാറ്ററി, ബാക്ക്ഗ്രൗണ്ട് റസ്ട്രിക്ഷന്‍ എന്ന ഓപ്ഷനുകളിലേക്ക് പോയി അത് ഓഫ് ചെയ്ത് ഇടാവുന്നതാണ്.

നോട്ടിഫിക്കേഷന്‍ സെറ്റിംഗ്‌സ് പരിഷ്‌കരിക്കുക

ആപ്പുകളില്‍ നിന്ന് ലഭിക്കുന്ന നോട്ടിഫിക്കേഷനുകളുടെ എണ്ണം കുറയ്ക്കാനായി ആന്‍ഡ്രോയിഡ്, IOS എന്നിവയിലെ സെറ്റിംഗ്‌സില്‍ പോകാവുന്നതാണ്.

ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യുകയോ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുകയോ ചെയ്യാം

ആപ്പുകള്‍ ഇടയ്ക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിലൂടെ ബാറ്ററി ചോര്‍ച്ച ഒരു പരിധിവരെ പരിഹരിക്കാന്‍ കഴിയും. ആവശ്യമല്ലാത്ത ആപ്പുകളാണെങ്കില്‍ ബാറ്ററി ലൈഫ് ലാഭിക്കാന്‍ അവ ഇല്ലാതാക്കാം.

ബാറ്ററി സേവര്‍ മോഡ് ഉപയോഗിക്കാം

ഫോണിന്റെ പവര്‍ കുറയുമ്പോള്‍ ബാറ്ററിയുടെ ആയുസ് വര്‍ധിപ്പിക്കാനായി ഉപകരണത്തിന്റെ ബാറ്ററി സേവര്‍ (ലോ പവര്‍ മോഡ് ) പ്രവര്‍ത്തനക്ഷമമാക്കുക. ആപ്പുകള്‍ ഉപയോഗിച്ച ശേഷം ബാക്ക്ഗ്രൗണ്ടില്‍ ഓണായി കിടക്കാത്ത വിധം ക്ലിയര്‍ ചെയ്യുകയോ ചെയ്യാം.

To advertise here,contact us