കാറുണ്ട് പക്ഷേ ടയറില്ല; കാർ നിർമ്മിക്കുന്ന മിക്ക കമ്പനികളും സ്വന്തമായി ടയർ നിർമ്മിക്കാത്തത് എന്തുകൊണ്ടാണ്?

കാർ കമ്പനികൾ ടയറുകൾ സ്വയം നിർമ്മിക്കുന്നതിനുപകരം മറ്റ് ബ്രാൻഡുകളിൽ നിന്ന് വാങ്ങാനുള്ള തീരുമാനത്തിന് പിന്നിൽ ഒരു വലിയ ബിസിനസ് രഹസ്യമുണ്ട്. മാത്രമല്ല ടയർ നിർമാണം വേറിട്ടൊരു മേഖലയായതിന് പിന്നിൽ സാങ്കേതികവിദ്യയും ചെലവും സുരക്ഷയുമടക്കമുള്ള നിരവധി കാരണങ്ങളുമുണ്ട്.

ഒരു പുതിയ കാര്‍ വാങ്ങുമ്പോള്‍ അതിന്റെ എന്‍ജിന്‍, ഡിസൈന്‍, ഫീച്ചറുകള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം നമ്മള്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കാറിന്റെ ടയറുകളുടെ കാര്യം വരുമ്പോള്‍ പലരും അധികം ചിന്തിക്കാറില്ല. മാരുതി, ഹ്യുണ്ടായ്, ടാറ്റ, മെഴ്സിഡീസ് തുടങ്ങിയ വമ്പന്‍ കമ്പനികളുടെ കാറുകളില്‍ പോലും എംആര്‍എഫ്, അപ്പോളോ, മിഷെലിന്‍, ഗുഡ്ഇയര്‍ തുടങ്ങിയ ടയര്‍ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളാണ് കാണുന്നത്. സ്വന്തമായി കാറിന്റെ എന്‍ജിനും ബോഡിയും നിരവധി ഭാഗങ്ങളും നിര്‍മിക്കാന്‍ ശേഷിയുള്ള കമ്പനികള്‍ എന്തുകൊണ്ടാണ് ടയറുകള്‍ കൂടി നിര്‍മിക്കാത്തത്? അതിന് പിന്നില്‍ ചില പ്രധാനപ്പെട്ട ബിസിനസ് കാരണങ്ങളുണ്ട്.

ടയര്‍ നിര്‍മാണം വേറിട്ടൊരു സാങ്കേതികവിദ്യ

കാര്‍ നിര്‍മിക്കുന്നതും ടയര്‍ നിര്‍മിക്കുന്നതും ഒരേ തരത്തിലുള്ള ജോലിയല്ല. വാഹനങ്ങളുടെ രൂപകല്‍പ്പന, എന്‍ജിനീയറിങ്, ഇലക്ട്രോണിക് സംവിധാനങ്ങള്‍ എന്നിവയില്‍ വൈദഗ്ധ്യമുള്ള കമ്പനികള്‍ക്ക് ടയര്‍ നിര്‍മാണത്തിന് ആവശ്യമായ എല്ലാ സാങ്കേതികവിദ്യകളും ഉണ്ടായിരിക്കണമെന്നില്ല. പ്രകൃതിദത്ത റബര്‍, കൃത്രിമ റബര്‍, കാര്‍ബണ്‍ ബ്ലാക്ക്, സള്‍ഫര്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കള്‍ കൃത്യമായ അനുപാതത്തില്‍ ചേര്‍ത്താണ് ടയറുകള്‍ നിര്‍മിക്കുന്നത്. തുടര്‍ന്ന് 'വള്‍ക്കനൈസേഷന്‍' ഉള്‍പ്പെടെയുള്ള പ്രത്യേക പ്രക്രിയകളിലൂടെയാണ് ടയറിന് ആവശ്യമായ കരുത്തും ഇലാസ്തികതയും ലഭിക്കുന്നത്.

ടയറിന്റെ ഗുണനിലവാരം, റോഡിലെ ഗ്രിപ്പ്, തേയ്മാനത്തെ ചെറുക്കാനുള്ള ശേഷി, വിവിധ കാലാവസ്ഥകളില്‍ വാഹനങ്ങളുടെ പ്രകടനം തുടങ്ങിയ കാര്യങ്ങളും നിര്‍ണായകമാണ്. അതിനാല്‍ ഈ മേഖലയില്‍ പ്രത്യേക പരിചയവും ഗവേഷണ സംവിധാനങ്ങളുമുള്ള കമ്പനികളെ ആശ്രയിക്കുന്നതാണ് വാഹന നിര്‍മാതാക്കള്‍ക്ക് കൂടുതല്‍ പ്രായോഗികം.

ടയര്‍ ഫാക്ടറി തുടങ്ങാന്‍ വന്‍ നിക്ഷേപം വേണം

സ്വന്തമായി ടയര്‍ നിര്‍മാണശാല ആരംഭിക്കണമെങ്കില്‍ വലിയ തുക നിക്ഷേപിക്കേണ്ടിവരും. ഫാക്ടറി, അത്യാധുനിക യന്ത്രങ്ങള്‍, ഗുണനിലവാര പരിശോധനാ സംവിധാനങ്ങള്‍, ഗവേഷണ സൗകര്യങ്ങള്‍, വിദഗ്ധ ജീവനക്കാര്‍ എന്നിവയെല്ലാം ഒരുക്കണം. കാര്‍ നിര്‍മാണത്തിന് പുറമേ ടയര്‍ നിര്‍മാണത്തിനും പണം ചെലവഴിക്കുന്നത് കമ്പനികളുടെ മൊത്തം ഉല്‍പ്പാദനച്ചെലവ് വര്‍ധിപ്പിക്കാം. ഇതിനുപകരം ടയര്‍ നിര്‍മാണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനികളില്‍നിന്ന് ആവശ്യമായ ടയറുകള്‍ വാങ്ങുന്നതിലൂടെ ചെലവ് നിയന്ത്രിക്കാന്‍ കഴിയും.വലിയ തോതില്‍ ടയറുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഉല്‍പ്പാദനച്ചെലവ് കുറയ്ക്കാനും സാധിക്കും. ഈ നേട്ടം വാഹന നിര്‍മാതാക്കള്‍ക്കും ലഭിക്കുന്നു.

എല്ലാം സ്വന്തമായി നിര്‍മിക്കേണ്ടതില്ല

ഒരു കാര്‍ നിര്‍മിക്കാന്‍ ആവശ്യമായ എല്ലാ ഘടകങ്ങളും അതേ കമ്പനി തന്നെ നിര്‍മിക്കണമെന്നില്ല. ഗിയര്‍ബോക്‌സ്, സെന്‍സറുകള്‍, ലൈറ്റുകള്‍, സീറ്റുകള്‍, ടയറുകള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ പുറത്തുള്ള വിദഗ്ധ കമ്പനികളില്‍നിന്ന് വാങ്ങുന്ന രീതിയാണ് വാഹനവ്യവസായത്തില്‍ വ്യാപകമായി നിലനില്‍ക്കുന്നത്. ഇതിനെയാണ് 'ഔട്ട്‌സോഴ്‌സിങ്' എന്നു പറയുന്നത്. ഓരോ ഘടകവും നിര്‍മിക്കുന്നതില്‍ വൈദഗ്ധ്യമുള്ള കമ്പനികളെ ആശ്രയിക്കുമ്പോള്‍ വാഹന നിര്‍മാതാക്കള്‍ക്ക് കാറിന്റെ രൂപകല്‍പ്പന, സാങ്കേതികവിദ്യ, അസംബ്ലിങ്, പുതിയ മോഡലുകളുടെ വികസനം തുടങ്ങിയ പ്രധാന മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താനാകും.

സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല

കാറിന്റെ സുരക്ഷയില്‍ ടയറുകള്‍ക്ക് വലിയ പങ്കുണ്ട്. റോഡില്‍ വാഹനത്തിന് ലഭിക്കുന്ന ഗ്രിപ്പ്, ബ്രേക്കിങ്, വളവുകളിലെ നിയന്ത്രണം തുടങ്ങിയവയെല്ലാം ടയറിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വരണ്ട റോഡിലും നനഞ്ഞ റോഡിലും വ്യത്യസ്ത വേഗങ്ങളിലും ടയറുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് വിശദമായി പരിശോധിക്കേണ്ടതുണ്ട്. ദീര്‍ഘകാല ഉപയോഗത്തില്‍ ടയറിനുണ്ടാകുന്ന തേയ്മാനവും വിലയിരുത്തണം.ഇത്തരം പരിശോധനകളിലും ഗവേഷണത്തിലും വര്‍ഷങ്ങളായി വൈദഗ്ധ്യം നേടിയ ടയര്‍ കമ്പനികള്‍ക്ക് ഈ മേഖലയില്‍ പ്രത്യേക പരിചയമുണ്ട്. അതുകൊണ്ടുതന്നെ വാഹന നിര്‍മാതാക്കള്‍ ആവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്ന ടയറുകള്‍ വിദഗ്ധ കമ്പനികളില്‍നിന്ന് വാങ്ങുന്നു.

കാറിന്റെ ടയര്‍ മാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

കാര്‍ വാങ്ങുമ്പോള്‍ ലഭിക്കുന്ന ടയറുകള്‍ പിന്നീട് മാറ്റേണ്ടിവരാം. അപ്പോള്‍ നിലവിലുള്ള ടയറിന്റെ വലുപ്പം മാത്രം നോക്കി പുതിയത് വാങ്ങുന്നത് ശരിയായ രീതിയല്ല. വാഹന നിര്‍മാതാവ് നിര്‍ദേശിച്ച ടയര്‍ വലുപ്പം, ലോഡ് ഇന്‍ഡക്‌സ്, സ്പീഡ് റേറ്റിങ് തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കണം.കൂടാതെ ടയറിന്റെ നിര്‍മാണ തീയതി, തേയ്മാനം, കേടുപാടുകള്‍, വായുമര്‍ദം എന്നിവയും ശ്രദ്ധിക്കണം. കാറിന്റെ മോഡലിനും ഉപയോഗരീതിക്കും അനുയോജ്യമായ ടയര്‍ തിരഞ്ഞെടുക്കുന്നതാണ് സുരക്ഷിതമായ യാത്രയ്ക്ക് സഹായിക്കുക.

Content Highlights :There is a major business secret behind the decision of car companies to source tires from other brands rather than manufacturing them in-house. Furthermore, the fact that tire manufacturing exists as a distinct sector is due to several factors, including technology, costs, and safety.

To advertise here,contact us