വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ ചക്രങ്ങള്‍ നേരെയാക്കണം എന്ന് പറയുന്നത് എന്തുകൊണ്ട്

പാര്‍ക്കിംഗ് സമയത്ത് ശരിയായ വീല്‍ പൊസിഷനിംഗ് വാഹനത്തിന്റെ സസ്പെന്‍ഷന്‍, സ്റ്റിയറിംഗ് സിസ്റ്റം, ടയര്‍ ലൈഫ്, സുരക്ഷ എന്നിവയില്‍ ചെലുത്തുന്ന സ്വാധീനം അറിഞ്ഞിരിക്കേണ്ടതാണ്

വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മുന്നിലെ ചക്രങ്ങള്‍ ഏത് ദിശയിലേക്കാണ് തിരിഞ്ഞിരിക്കുന്നതെന്ന് മിക്ക ഡ്രൈവര്‍മാരും ശ്രദ്ധിക്കാറില്ല. എങ്കിലും ഈ ചെറിയ വീല്‍ പൊസിഷന്‍ വാഹനത്തിന്റെ സ്റ്റിയറിംഗ് സിസ്റ്റത്തിന്റെ പ്രവര്‍ത്തനക്ഷമതയേയും സുരക്ഷയെയും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

ചക്രം നേരെയാക്കേണ്ടത് എപ്പോഴാണ്?

നിരപ്പായ റോഡിലോ സാധാരണ പാര്‍ക്കിംഗ് ഏരിയയിലോ പാര്‍ക്ക് ചെയ്യുമ്പോള്‍ ചക്രങ്ങള്‍ നേരെയാക്കുന്നതാണ് നല്ലത്. ഇതിനുള്ള ഒരു പ്രധാന കാരണം ചക്രങ്ങള്‍ തിരിക്കുമ്പോള്‍ സ്റ്റിയറിംഗ് സിസ്റ്റത്തില്‍ നിരന്തരമായ മര്‍ദ്ദം ഉണ്ടാകും എന്നതാണ്. ഹൈഡ്രോളിക് പവര്‍ സ്റ്റിയറിംഗ് ഉള്ള വാഹനങ്ങളില്‍ ചക്രങ്ങള്‍ പൂര്‍ണ്ണമായും തിരിക്കുമ്പോള്‍ സിസ്റ്റം മര്‍ദ്ദം നിലനിര്‍ത്തുന്നു.

ഇങ്ങനെ എപ്പോഴും സംഭവിച്ചാല്‍ സ്റ്റിയറിംഗ് പമ്പ് സീലുകളും റബ്ബര്‍ ഭാഗങ്ങളും സമ്മര്‍ദ്ദത്തിലാകും. ഇത് അകാല തേയ്മാനത്തിനോ ചോര്‍ച്ചയ്ക്കോ കാരണമാകും. ഇലക്ട്രിക് പവര്‍ സ്റ്റിയറിംഗ് ഉള്ള വാഹനങ്ങളില്‍ പോലും ആവര്‍ത്തിച്ച് ചക്രങ്ങള്‍ പൂര്‍ണ്ണമായും തിരിയുന്നത് സ്റ്റിയറിംഗ് മോട്ടോറിനെയും അനുബന്ധ ഘടകങ്ങളെയും ബാധിക്കും.

ചക്രം നേരെയാക്കുന്നതിന്റെ ഗുണങ്ങള്‍

നേരെയാക്കി വച്ചിരിക്കുന്ന ചക്രങ്ങളുള്ള ഒരു വാഹനം അത്യാവശ്യ ഘട്ടങ്ങളില്‍ തള്ളി നീക്കാന്‍ എളുപ്പമാണ്. സ്ഥലപരിമിതിയുള്ള തിരക്കേറിയ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നേരെയുള്ള ചക്രങ്ങള്‍ മറ്റ് വാഹനങ്ങളുടെ ചലനത്തെ തടസ്സപ്പെടുത്തുന്നില്ല. എന്നാല്‍ ചക്രങ്ങള്‍ തിരിഞ്ഞിരുന്നാല്‍ വാഹനം തള്ളി നീക്കാന്‍ പ്രയാസകരമാകും. മാത്രമല്ല ചിലപ്പോള്‍ മറ്റ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പ്രയാസമുണ്ടാക്കുകയും ചെയ്‌തേക്കാം.

കൂടാതെ ടൈ റോഡുകള്‍, സ്റ്റിയറിംഗ് റാക്കുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ നിരന്തരം വളഞ്ഞിരിക്കുന്നതിലൂടെ വര്‍ദ്ധിച്ച സമ്മര്‍ദ്ദത്തിന് വിധേയമാകുന്നു. കാലക്രമേണ ഈ സമ്മര്‍ദ്ദം ഈ ഭാഗങ്ങള്‍ അയയാന്‍ ഇടയാക്കും. ഇത് വാഹനത്തിന്റെ വീല്‍ അലൈന്‍മെന്റിനെ നേരിട്ട് ബാധിക്കുന്നു. മോശം അലൈന്‍മെന്റ് ടയര്‍ തേയ്മാനം, സ്റ്റിയറിംഗ് അയഞ്ഞുപോകുക എന്നിവയ്ക്ക് കാരണമാകും.

ചക്രം തിരിച്ച് വെച്ച് പാര്‍ക്ക് ചെയ്യേണ്ടത് എപ്പോള്‍?

കയറ്റത്തിലോ ഇറക്കത്തിലോ വാഹനം പാര്‍ക്ക് ചെയ്യുമ്പോഴാണ് ചക്രങ്ങളുടെ ദിശ പ്രത്യേകം ശ്രദ്ധിക്കേണ്ടത്. ചരിവുള്ള സ്ഥലത്ത് പാര്‍ക്ക് ചെയ്യുമ്പോള്‍ ഹാന്‍ഡ് ബ്രേക്ക് പ്രവര്‍ത്തിക്കാതെ വന്നാല്‍ വാഹനം തനിയെ മുന്നോട്ടോ പിന്നോട്ടോ ഉരുളാനുള്ള സാധ്യതയുണ്ട്. അത്തരമൊരു സാഹചര്യം ഒഴിവാക്കാന്‍ മുന്‍ചക്രങ്ങള്‍ ശരിയായ ദിശയിലേക്ക് തിരിച്ച് നിര്‍ത്തുന്നത് സഹായിക്കും. കയറ്റത്തില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ മുന്‍ചക്രങ്ങള്‍ റോഡിന്റെ വശത്തുള്ള കര്‍ബിലേക്ക് തിരിച്ച് നിര്‍ത്തേണ്ടതാണ്. വാഹനം പിന്നിലേക്ക് ഉരുളാന്‍ തുടങ്ങിയാല്‍ കര്‍ബ് ഒരു തടസ്സമായി പ്രവര്‍ത്തിക്കും.

ഇറക്കത്തില്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ മുന്‍ചക്രങ്ങള്‍ റോഡിന്റെ വശത്തേക്ക് അതായത് കര്‍ബില്‍ നിന്ന് അകത്തേക്ക് തിരിച്ച് നിര്‍ത്തണം. വാഹനം മുന്നോട്ട് ഉരുളാന്‍ തുടങ്ങിയാലും റോഡിന്റെ നടുവിലേക്ക് നേരിട്ട് പോകുന്നത് ഒഴിവാക്കാന്‍ ഇത് സഹായിക്കും.

എന്നാല്‍ ചക്രം തിരിച്ച് വയ്ക്കുന്നത് മാത്രം മതിയാകില്ല. ഹാന്‍ഡ് ബ്രേക്ക് അല്ലെങ്കില്‍ പാര്‍ക്കിങ് ബ്രേക്ക് കൃത്യമായി ഉപയോഗിക്കുകയും മാനുവല്‍ കാറാണെങ്കില്‍ അനുയോജ്യമായ ഗിയറില്‍ വാഹനം നിര്‍ത്തുകയും വേണം.

Content Highlights :It is important to be aware of the impact that proper wheel positioning while parking has on the vehicle's suspension, steering system, tire life, and safety.

To advertise here,contact us