റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്തിട്ട് ഉറങ്ങിയാല്‍ പിഴ ഈടാക്കുമോ? ട്രാഫിക് നിയമങ്ങള്‍ അറിയാം

പാര്‍ക്കിംഗും സുരക്ഷയും സംബന്ധിച്ച പ്രധാന നിയമങ്ങള്‍

ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നതിന് ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ക്കാണ് പിഴ ചുമത്തുന്നത്. നിയമങ്ങള്‍ കര്‍ശനമാണെങ്കിലും ആളുകള്‍ വീണ്ടും വീണ്ടും തെറ്റുകള്‍ ആവര്‍ത്തിക്കുകയും ചെയ്യും. ചില ആളുകള്‍ റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് ഉറങ്ങുന്ന കാഴ്ച കണ്ടിട്ടില്ലേ?. ഇത് നിയമപരമായി തെറ്റാണോ? ആണെങ്കില്‍ ഇതിന് പിഴ ചുമത്താനുള്ള സാധ്യതയുണ്ടോ?.

ഇന്ത്യന്‍ മോട്ടോര്‍ വാഹന നിയമപ്രകാരം പൊതു റോഡുകളുടെയോ ഹൈവേകളുടെയോ വശങ്ങളില്‍ ഏതെങ്കിലും വാഹനം അനുചിതമായി പാര്‍ക്ക് ചെയ്യുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. സെന്‍സിറ്റീവ് ഏരിയയിലോ നോ പാര്‍ക്കിംഗ് സോണിലോ വാഹനം പാര്‍ക്ക് ചെയ്തിട്ട് ഉറങ്ങുന്നത് കണ്ടെത്തിയാല്‍ പിഴ ചുമത്തുകയും വാഹനം കസ്റ്റഡിയില്‍ എടുക്കുകയും ചെയ്യാം. കൂടാതെ രാത്രിയില്‍ റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നത് സുരക്ഷയുമായി ബന്ധപ്പെടുത്തുമ്പോള്‍ വളരെ അപകടമാണെന്ന് കണക്കാക്കുന്നു.

ഗതാഗത നിയമങ്ങള്‍ ഇങ്ങനെ

മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 122 പ്രകാരം മറ്റുള്ളവര്‍ക്ക് അസൗകര്യമോ അപകടമോ ഉണ്ടാക്കുന്ന രീതിയില്‍ ഏതെങ്കിലും പൊതു സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നു. നോ പാര്‍ക്കിംഗ് സോണിലോ, എക്‌സ്പ്രസ് വേയുടെ വശത്തോ അല്ലെങ്കില്‍ നടപ്പാതയിലോ ഇത്തരത്തില്‍ വാഹനം നിര്‍ത്തിയിട്ട് ഉറങ്ങുന്നത് കണ്ടാല്‍ 500 രൂപ മുതല്‍ 2,000രൂപ വരെ പിഴ ഈടാക്കാം. കൂടാതെ ട്രാഫിക് പൊലീസ് വാഹനം കസ്റ്റഡിയില്‍ എടുത്താല്‍ 300 രൂപ മുതല്‍ 800 രൂപ വരെ ടോവിംഗ് ഫീസ് നല്‍കേണ്ടിവരും.

അപകടമെന്താണ്

മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്ന രീതിയിലോ നോ പാര്‍ക്കിംഗ് സോണിലോ വാഹനം പാര്‍ക്ക് ചെയ്ത് അതിലിരുന്ന് ഉറങ്ങുന്നത് നിയമപരമായി തെറ്റാണെന്ന് മാത്രമല്ല ചിലപ്പോള്‍ ജീവഹാനിക്ക് വരെ കാരണമാകും. ഒന്ന് ഹൈവേയില്‍ വേഗത്തില്‍ വരുന്ന വാഹനങ്ങള്‍ പിന്നില്‍ വന്ന് ഇടിക്കാനുളള സാധ്യതയുണ്ടെന്നതാണ്. മറ്റൊന്ന് കടുത്ത ചൂടിലോ തണുപ്പിലോ പലരും കാറിന്റെ ജനാലകള്‍ പൂര്‍ണമായും അടച്ച് എസി ഓണാക്കി ഉറങ്ങുമ്പോള്‍ ക്യാബിനുള്ളില്‍ അപകടകരമായ കാര്‍ബണ്‍ മോണോക്‌സൈഡ് അടിഞ്ഞുകൂടാന്‍ കാരണമാകും. ഇത് ജീവന് വരെ ഭീഷണിയാകുന്ന സാഹചര്യമാണ്.

ദീര്‍ഘയാത്രയില്‍ വിശ്രമിക്കാനുള്ള ശരിയായ മാര്‍ഗം

ദീര്‍ഘയാത്രയ്ക്കിടയില്‍ ക്ഷീണം അനുഭവപ്പെടുകയാണെങ്കില്‍ റോഡരികില്‍ വാഹനം നിര്‍ത്തുന്നതിന് പകരം സുരക്ഷിതമായ ഒരിടം തെരഞ്ഞെടുക്കുക. ഹൈവേയിലെ വഴിയോര സൗകര്യങ്ങള്‍,ടോള്‍ പ്ലാസകള്‍ക്ക് സമീപമുള്ള പാര്‍ക്കിംഗ് ഏരിയകള്‍ അല്ലെങ്കില്‍ ഒരു നല്ല ഹോട്ടല്‍, റെസ്‌റ്റൊറന്റിന്റെ പാര്‍ക്കിംഗ് സ്ഥലം എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. അടിയന്തിര സാഹചര്യങ്ങളില്‍ റോഡരികില്‍ വാഹനം നിര്‍ത്തേണ്ടിവന്നാല്‍ പാര്‍ക്കിംഗ് ലൈറ്റുകള്‍ ഓണാക്കി പ്രധാന റോഡില്‍ നിന്ന് വളരെ അകലെയുള്ള സുരക്ഷിതമായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യാവുന്നതാണ്.

ശ്രദ്ധിക്കേണ്ട ചില പ്രധാന കാര്യങ്ങള്‍

  • രാത്രിയില്‍ വാഹനം ഓടിക്കുമ്പോള്‍ നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കേണ്ടത് പ്രധാനമാണ്.
  • വാഹനം ഒരിക്കലും നടപ്പാതയിലോ മേല്‍പ്പാലത്തിലോ ബ്ലെന്‍ഡ് ടേണിലോ ജംഗ്ഷനുകളിലോ പാര്‍ക്ക് ചെയ്യരുത്.
  • ഏതെങ്കിലും സ്വകാര്യ സ്ഥലത്തിന്റെയോ ഗേറ്റിന്റെയോ മുന്നില്‍ നേരിട്ട് പാര്‍ക്ക് ചെയ്യുന്നതും നിയമവിരുദ്ധമാണ്.
  • പൊലീസ് നടപടി ഒഴിവാക്കാനും സുരക്ഷിതമായ യാത്ര ഉറപ്പാക്കാനും എല്ലായ്‌പ്പോഴും ശരിയായ സ്ഥലത്ത് വാഹനം പാര്‍ക്ക് ചെയ്യുക.

Content Highlights : Will a fine be imposed for sleeping in a car parked by the roadside? Key rules regarding parking and safety.

To advertise here,contact us