കനത്ത തിരിച്ചടി നേരിട്ട ചൈനീസ് വാഹന നിര്മാണ കമ്പനിയായ ബിവൈഡി(BYD). പുറത്തിറക്കിയ 115000 കാറുകളാണ് കമ്പനിയ്ക്ക് തിരിച്ചുവിളിക്കേണ്ടി വന്നിരിക്കുന്നത്. ബാറ്ററിയും ഡിസൈനിങ്ങുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് വില്ലനായത്.
2015 മുതല് 2022 വരെയുള്ള വര്ഷങ്ങളില് പുറത്തിറങ്ങിയ ടാംഗ്, യുവാന് പ്രോ സീരിസിലെ കാറുകളിലാണ് പ്രശ്നങ്ങള് കണ്ടെത്തിയത്. 2015 മാര്ച്ച് മുതല് 2017 ജൂലൈ വരെയുള്ള കാലത്ത് പുറത്തിറക്കിയ ടാംഗ് സീരിസിലെ 44,535 കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഇവയില് ഡിസൈനിങ്ങുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങള് ഉയര്ന്നിരിക്കുന്നത്.
യുവാന് പ്രോ ഇലക്ട്രിക് കാറുകളുടെ 2021 ഫെബ്രുവരി മുതല് 2022 ഓഗസ്റ്റ് വരെ പുറത്തിറക്കിയ കാറുകളിലാണ് അടുത്ത പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. ബാറ്ററിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്ന്ന് 71,248 കാറുകളാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.
ബിവൈഡിയുടെ ചരിത്രത്തില് ആദ്യമായാണ് ഇത്രയധികം കാറുകള് തിരിച്ചുവിളിക്കേണ്ടി വന്നത്. ജനുവരിയില് 6843 ഫാങ്ചെങ്ബാവോ എസ്യുവികള് തിരിച്ചുവിളിക്കേണ്ടി വന്നിരുന്നു. അതിനു മുന്പ് ഡോള്ഫിന് സീരിസിലെയും യുവാന് പ്ലസ് ഇലക്ട്രിക് കാറുകളിലെയും 97000 കാറുകള് തിരിച്ചുവിളിക്കേണ്ടി വന്നിരുന്നു. സ്റ്റീയറിങ്ങിലെ നിര്മാണ പ്രശ്നങ്ങള് മൂലം കാറിന് തീപിടിക്കാന് സാധ്യതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്ന്നായിരുന്നു ഇത്.
ഇലക്ട്രിക് വാഹനങ്ങളുടെ ലോകത്തെ ഭീമനെന്ന് പേരെടുത്ത് കൊണ്ടിരിക്കുന്ന ബിവൈഡിയെ പ്രതിസന്ധിയിലാക്കുകയാണ് ഈ സാങ്കേതിക പ്രശ്നങ്ങളെന്നാണ് റിപ്പോര്ട്ട്. ഇലോണ് മസ്കിന്റെ ടെസ്ലയും ബിവൈഡിയും തമ്മില് കനത്ത മത്സരമാണ് മാര്ക്കറ്റില് നടക്കുന്നത്.
Content Highlights: BYD recalls 115000 cars due to battery and designing problems