ലഖ്നൗ: രണ്ടായിരമോ രണ്ടായിരത്തി അഞ്ഞൂറ് രൂപയോ കൈക്കൂലിയായി വാങ്ങുന്നത് അഴിമതിയല്ലെന്ന് ഉത്തര്‍പ്രദേശ് മന്ത്രി. മുതിര്‍ന്ന ബിജെപി നേതാവും വനിതാ, ശിശു വികസന വകുപ്പ് മന്ത്രിയുമായ ബേബി റാണി മൗര്യയാണ് വിവാദ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി ആവാസ് യോജന ഗുണഭോക്താക്കളില്‍ നിന്ന് വാങ്ങുന്ന രണ്ടായിരത്തി അഞ്ഞൂറ് രൂപയുടെ കൈക്കൂലി അഴിമതിയല്ലെന്നാണ് മന്ത്രി പറഞ്ഞത്. പ്രസ്താവന വിവാദമായതോടെ മന്ത്രി മലക്കം മറിഞ്ഞു.
ഹത്രാസ് ജില്ലയില്‍ നടന്ന ജന ചൗപാല്‍ പരിപാടിക്കിടെയാണ് സംഭവം. പിഎം ആവാസ് യോജന പ്രകാരം വീട് ലഭിക്കാന്‍ തങ്ങളില്‍ നിന്ന് ഉദ്യോഗസ്ഥർ പണം വാങ്ങിയെന്ന പരാതിയുമായി നിരവധി സ്ത്രീകള്‍ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കവെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം ഉണ്ടായത്. 'പേപ്പറുകള്‍ തരപ്പെടുത്തുന്നതിനായി ആര്‍ക്കെങ്കിലും വല്ലതും കൊടുത്തിട്ടുണ്ടാകും. രണ്ടായിരമോ രണ്ടായിരത്തി അഞ്ഞൂറോ രൂപയുടെ കൈക്കൂലി ഒരു അഴിമതിയല്ല.' എന്നായിരുന്നു മന്ത്രി പറഞ്ഞത്. മന്ത്രിയുടെ ഈ പരാമര്‍ശത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പാവപ്പെട്ടവരുടെ വീടിനായുള്ള പദ്ധതിയില്‍ പോലും കൈക്കൂലി വാങ്ങുന്നത് ന്യായീകരിക്കുകയാണോ മന്ത്രി ചെയ്യുന്നതെന്ന ചോദ്യമാണ് ഉയരുന്നത്.
വിവാദം കനത്തതോടെ വിശദീകരണവുമായി മന്ത്രി രംഗത്തെത്തി. തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും, മുഴുവന്‍ വീഡിയോ കണ്ടിട്ട് വിലയിരുത്തണമെന്നുമാണ് മന്ത്രി ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയത്. അതേസമയം, കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ നഗരസഭ ജീവനക്കാരനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
Content Highlights- Uttar Pradesh minister Baby rani mourya faced controversy after stating that a bribe of 2,500 rupees does not constitute corruption. Following criticism over the remark, the minister reportedly changed his position.