'ദൈവ കല്പന': തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന് 121 കിലോഗ്രാം സ്വര്‍ണം സംഭാവന നൽകി ചെന്നൈ സ്വദേശി

121 കിലോഗ്രാം വരുന്ന ഈ ആഭരണങ്ങള്‍ക്ക് പണിക്കൂലി ഉള്‍പ്പെടെ ഏകദേശം 207 കോടി രൂപ വിലവരും

ആക്സസ് ഹെല്‍ത്ത്‌കെയര്‍ വൈസ് ചെയര്‍മാന്‍ സംഭാവന നൽകുന്നു

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ തിരുമല വെങ്കടേശ്വര ക്ഷേത്രത്തിന് 121 കിലോഗ്രാം സ്വര്‍ണം സംഭാവന ചെയ്ത് ചെന്നൈ സ്വദേശി. ആക്സസ് ഹെല്‍ത്ത്‌കെയര്‍ വൈസ് ചെയര്‍മാന്‍ വര്‍ധമാന്‍ ജെയിനാണ് 45 ആഭരണങ്ങള്‍ വഴിപാട് നല്‍കിയത്. 121 കിലോഗ്രാം വരുന്ന ഈ ആഭരണങ്ങള്‍ക്ക് പണിക്കൂലി ഉള്‍പ്പെടെ ഏകദേശം 207 കോടി രൂപ വിലവരും.

പുതുതായി നിര്‍മ്മിച്ചാണ് ആഭരണങ്ങള്‍ നല്‍കിയത്. കിരീടം, കൈത്തണ്ടകള്‍, തോൾ ആഭരണങ്ങള്‍, അരക്കെട്ട്, കാല്‍പ്പാദങ്ങള്‍ എന്നിവയുള്‍പ്പെടെ 33 തരം ആഭരണങ്ങളാണ് 46 ആഭരണങ്ങളില്‍ ഉള്‍പ്പെടുന്നത്. 24 കാരറ്റ് സ്വര്‍ണ്ണത്തിലാണ് എല്ലാം നിര്‍മ്മിച്ചത്. ദൈവ കല്പന എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് അദ്ദേഹം വഴിപാട് സംഭാവന ചെയ്തത്. സംഭാവന നല്‍കുന്ന ചടങ്ങില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവും ഭാര്യയും പങ്കെടുത്തു.

കഴിഞ്ഞ മെയ് മാസം തിരുമല ക്ഷേത്രത്തിന് വര്‍ധമാന്‍ ഇലക്ട്രിക് ബസുകള്‍ സംഭാവനയായി നല്‍കിയിട്ടുണ്ട്. കഴിഞ്ഞവര്‍ഷം ആക്സസ് ഹെല്‍ത്ത്‌കെയറിലെ 70 ശതമാനം ഓഹരികള്‍ അമേരിക്കന്‍ കമ്പനിക്ക് ഏകദേശം രണ്ടു ബില്യണ്‍ ഡോളറിന് വര്‍ധമാന്‍ ജെയിന്‍ വില്‍പന നടത്തിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവാക്കള്‍ക്ക് നൈപുണ്യ വികസന അവസരങ്ങള്‍ ഒരുക്കുന്നതിനായി 'ആവിഷ്‌കാര്‍' എന്ന സംരംഭത്തിനും വര്‍ധമാന്‍ ജെയിന്‍ തുടക്കം കുറിച്ചിട്ടുണ്ട്. ആരോഗ്യപരിചരണ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കാഞ്ചി കാമകോടി ചൈല്‍ഡ്സ് ട്രസ്റ്റ് ആശുപത്രിയുടെ മാനേജിങ് ട്രസ്റ്റി കൂടിയാണ് അദ്ദേഹം.

ആന്ധ്രാപ്രദേശിലെ തിരുമലയിലുള്ള ശ്രീ വെങ്കിടേശ്വര ക്ഷേത്രം രാജ്യത്തെ ഏറ്റവും കൂടുതല്‍ തീര്‍ഥാടകരെത്തുന്ന ഹിന്ദു തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നും വര്‍ഷം മുഴുവന്‍ ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടെ ദര്‍ശനത്തിനായി എത്തുന്നത്.

Content Highlights: A Chennai resident has donated 121 kilograms of gold to the Tirumala Venkateswara Temple, marking a significant contribution to the temple.

To advertise here,contact us